ദുറാനി സാമ്രാജ്യത്തിന്റെ അധഃപതനത്തിനു ശേഷം, അഫ്ഗാനിസ്താനിലെ കാബൂൾ കേന്ദ്രമാക്കി, പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ദോസ്ത് മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ ഉടലെടുത്ത ബാരക്സായ് പഷ്തൂണുകളുടെ സാമ്രാജ്യമാണ്‌ അഫ്ഗാനിസ്താൻ അമീറത്ത് എന്നറിയപ്പെടുന്നത്. സാമ്രാജ്യത്തിന്റെ സ്ഥാപകനായ ദോസ്ത് മുഹമ്മദ് ഖാൻ മുതലുള്ള ഈ സാമ്രാജ്യത്തിലെ ഭരണാധികാരികൾ, പടനായകൻ എന്നർത്ഥമുള്ള അമീർ എന്ന സ്ഥാനപ്പേര്‌ സ്വീകരിച്ചിരുന്നതിനാലാണ്‌ ഇതിനെ അമീറത്ത് എന്നു വിളിക്കുന്നത്. 1823-ൽ ദുറാനിസാമ്രാജ്യത്തിന്‌ അന്ത്യമാകുകയും ബാരക്‌സായ് വിഭാഗക്കാർ കാബൂളിൽ ശക്തിപ്രാപിക്കുകയും ചെയ്തെങ്കിലും 1826-ലാണ്‌ ദോസ്ത് മുഹമ്മദ് ഖാൻ അമീർ ആയി അധികാരമേറ്റത്. 1926-ൽ ഈ വംശത്തില്പ്പെട്ട അമീർ അമാനുള്ള ഖാൻ, ഷാ എന്ന സ്ഥാനപ്പേര്‌ സ്വീകരിക്കുകയും ഭരണസംവിധാനം മാറ്റം വരുത്തുകയും ചെയ്തതോടെ അമീറത്തിന്‌ അന്ത്യമായി. മദ്ധ്യേഷ്യയിലെ യുറോപ്യൻ കോളനിവൽക്കരണത്തിന്റെ വികാസകാലത്താണ്‌ അമീറത്ത് നിലനിന്നിരുന്നത്.

അഫ്ഗാനിസ്താൻ അമീറത്ത്

إمارة أفغانستان
1823 - 1926
ജനുവരി – ഒക്ടോബർ 1929
അഫ്ഗാനിസ്താൻ
പതാക
{{{coat_alt}}}
കുലചിഹ്നം
Location of അഫ്ഗാനിസ്താൻ
തലസ്ഥാനംകാബൂൾ
പൊതുവായ ഭാഷകൾപഷ്തോ
മതം
ഇസ്ലാം
ഗവൺമെൻ്റ്അമീറത്ത്
ചരിത്രം 
• സ്ഥാപിതം
1823
• ഇല്ലാതായത്
1926 (1929)
മുൻപ്
ശേഷം
ദുറാനി സാമ്രാജ്യം
Kingdom of Afghanistan
അഫ്ഗാനിസ്താന്റെ ചരിത്രം
Thumb
ഇവയും കാണുക
ഏരിയാന · ഖുറാസാൻ
സമയരേഖ

ബാരക്സായ് വംശം

തിരുത്തുക

അബ്ദാലി പഷ്തൂണുകളിൽ, ദുറാനി സാമ്രാജ്യചക്രവർത്തിമാരുടെ വംശമായ പോപൽസായ് വംശത്തിലെ സാദോസായ് വിഭാഗത്തേപ്പോലെത്തന്നെ പ്രമുഖസ്ഥാനം അലങ്കരിച്ചിരുന്ന ഒന്നാണ്‌ ബാരക്സായ് വംശത്തിലെ മുഹമ്മദ്സായ് വിഭാഗം. 1747-ൽ അഹ്മദ് ഷാ അബ്ദാലിയെ, പഷ്തൂണുകളുടെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തപ്പോൾ, ബാരക്സായ് വംശത്തിലെ മുഹമ്മദ്സായ് വിഭാഗത്തില്പ്പെട്ട ഹജ്ജി ജമാൽ ഖാനെ (ജീവിതകാലം:1719-70/71), അഹ്മദ് ഷായുടെ പ്രധാന ഉപദേഷ്ടാവായി നിയമിക്കപ്പെട്ടിരുന്നു[1]. അന്ന് പഷ്തൂണുകളുടെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരിൽ പ്രമുഖനായിരുന്ന ഒരാളുമായിരുന്നു ഹജ്ജി ജമാൽ ഖാൻ. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യം മുതൽ, കാബൂളിലെ ദുറാനി ഭരണാധികാരിയെ നിശ്ചയിക്കുന്നതിൽ ബാരക്സായ്/മുഹമ്മദ്സായ്കളുടെ സ്വാധീനം നിർണായകമായിരുന്നു.

ഹജ്ജി ജമാൽ ഖാന്റെ പുത്രനായ പയിന്ദ ഖാൻ മുഹമ്മദ്സായ്, ദുറാനി സാമ്രാജ്യകാലത്ത് വലിയ രാഷ്ട്രീയപ്രാധാന്യം നേടിയ വ്യക്തിയാണ്‌. രണ്ടാം ദുറാനി ചക്രവർത്തി തിമൂറീന്റെ ഉപദേശകനായിരുന്ന[2] ഇദ്ദേഹം തിമൂറിന്റെ പിൻ‌ഗാമിയായി സമാൻ ഷായെ 1793-ൽ ചക്രവർത്തിസ്ഥാനത്തെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാൽ അട്ടിമറിക്കു ശ്രമിച്ചു എന്ന കാരണത്താൽ പയിന്ദ ഖാനെ, 1799-ൽ[3] സമാൻ ഷാ തന്നെ വധിക്കുകയായിരുന്നു.

എങ്കിലും പയിന്ദ ഖാന്റെ പുത്രന്മാർ അക്കാലത്ത് അഫ്ഗാനികളിലെ ഏറ്റവും ശക്തരായ വിഭാഗമായി മാറി. പുത്രന്മാരിൽ ഏറ്റവും മൂത്തവനായ ഫത് ഖാൻ[൧], സമാൻ ഷായുടെ അർദ്ധസഹോദരനായ മഹ്മൂദിനൊപ്പം ചേർന്ന് 1800-ആമാണ്ടിൽ സമാൻ ഷായെ അധികാരത്തിൽ നിന്നു പുറത്താക്കുകയും ചെയ്തു. തുടർന്ന് പഞ്ചാബിലും സിന്ധിലും മറ്റും ദുറാനി സാമ്രാജ്യത്തിന്റെ വികസനത്തിനു വേണ്ടി സിഖുകാർക്കെതിരെ ഫത് ഖാൻ യുദ്ധത്തിലേർപ്പെടുകയും ചെയ്തിരുന്നു. ഫത് ഖാന്റെ അസാന്നിധ്യത്തിൽ 1803-ൽ സമാൻ ഷായുടെ സഹോദരൻ ഷൂജ, മഹ്മൂദിനെ പുറത്താക്കി കാബൂളിൽ അധികാരത്തിലേറിയെങ്കിലും 1809-ൽ ഫത് ഖാന്റെ ശക്തമായ പിന്തുണയോടെ മഹ്മൂദ് ഷാ വീണ്ടും കാബൂളിൽ അധികാരത്തിൽ തിരിച്ചെത്തി.

മഹ്മൂദ് ഷായുടെ രണ്ടാം ഭരണകാലത്ത് അഫ്ഗാനികൾക്ക് നിരവധി അധീനപ്രദേശങ്ങൾ നഷ്ടമാകുകയും ഫത് ഖാന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ സൈന്യം തന്നെ സിഖുകാരോട് പലവട്ടം പരാജയപ്പെടുകയും ചെയ്തു. ഇതിനിടെ മഹ്മൂദ് ഷായുടെ പുത്രനായ കമ്രാനും ഫത് ഖാനും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസവും നിലനിന്നിരുന്നു. തന്റെ പുത്രന്റെ പക്ഷം ചേർന്ന മഹ്മൂദ് ഷാ 1818-ൽ ഹെറാത്തിൽ വച്ച് ഫത് ഖാനെ വധിക്കുകയും ചെയ്തു.[൨] ഇതോടെ ഫത്ഖാന്റെ സഹോദരന്മാർ എല്ലാവരും ഒന്നിക്കുകയും മഹ്മൂദ് ഷായെ ഭരണത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു[1].

അധികാരത്തിലേക്ക്

തിരുത്തുക

മഹ്മൂദ് ഷാ ഹെറാത്തിലേക്ക് പലായനം ചെയ്തതിനെത്തുടർന്ന് 1818 മുതൽക്കു തന്നെ കാബൂളും കന്ദഹാറും ബാരക്സായ് സഹോദരന്മാരുടെ കീഴിൽ വന്നെങ്കിലും ഭരണം നേരിട്ട് ഏറ്റെടുക്കാൻ ഇവർ തയ്യാറായിരുന്നില്ല. ഫത് ഖാന്റെ അഭാവം ഇവരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. വിവിധ സാദോസായ് വംശജരെ ഷാ ആയി നിയമിച്ച് പാവഭരണം നടത്താൻ ശ്രമിച്ചെങ്കിലും ഇതിലും വിജയം കണ്ടില്ല. തിമൂർ ഷായുടെ ഒരു പുത്രനായിരുന്ന അയൂബ് മിർസ ഇത്തരത്തിൽ ബാരക്സായ്കളുടെ കീഴിൽ ഭരണം നടത്തിയിരുന്ന അവസാനത്തെ സാദോസായ് ചക്രവർത്തിയാണ്. ഇദ്ദേഹത്തെ 1823-ൽ അധികാരത്തിൽ നിന്ന് ബാരക്സായ് സഹോദരന്മാർ പുറത്താക്കിയതോടെ കാബൂളിൽ നാഥനില്ലാത്ത അവസ്ഥയായി.

ഇതിനു പുറമേ സിഖുകാരുടെ ആക്രമണവും അഫ്ഗാനികളെ വലക്കുന്നുണ്ടായിരുന്നു. 1823-ൽ സിഖുകാർ ബാരക്സായ്കളെ നോഷേറ യുദ്ധത്തിൽ വച്ച് പരാജയപ്പെടുത്തുകയും മുഹമ്മദ് അസം ഖാൻ എന്ന ഒരു ബാരക്സായ് സഹോദരനെ കൊലപ്പെടുത്തി. ഇതോടെ പെഷവാറിന്റെ നിയന്ത്രണവും അഫ്ഗാനികൾക്ക് നഷ്ടമായി.

1826-ൽ ബാരക്സായ് സഹോദരന്മാരിൽ ഏറ്റവും ഇളയവനായ ദോസ്ത് മുഹമ്മദ് ഖാൻ കാബൂളിൽ ഭരണം ഏറ്റെടുത്തതൊടെ കാബൂളിലെ ബാരക്സായ് ഭരണത്തിന് ആരംഭമായി[1]

ഭരണാധികാരികൾ

തിരുത്തുക

ദോസ്ത് മുഹമ്മദ് ഖാൻ

തിരുത്തുക
 
ദോസ്ത് മുഹമ്മദ് ഖാൻ

അഫ്ഗാനിസ്താൻ അമീറത്തിന്റെ സ്ഥാപകനാണ് ദോസ്ത് മുഹമ്മദ് ഖാൻ അഥവാ ദുസ്ത് മുഹമ്മദ് ഖാൻ. ദോസ്ത് മുഹമ്മദ് ഖാൻ അധികാരമേറ്റതോടെ അഫ്ഗാനിസ്താന്റെ ഭരണം പോപത്സായ്/സാദോസായ് വംശത്തിൽ നിന്നും ബാരക്സായ്/മുഹമ്മദ്സായ് വംശത്തിന്റെ കൈവശമെത്തി. ദുറാനി സാമ്രാജ്യചക്രവർത്തിമാർ ഉപയോഗിച്ചിരുന്ന ഷാ എന്ന അധികാരനാമത്തിനു പകരം അമീർ എന്ന പദവി ഉപയോഗിക്കാൻ തുടങ്ങിയത് ദോസ്ത് മുഹമ്മദ് ആണ്.

തുടക്കത്തിൽ ദോസ്ത് മുഹമ്മദിന്റെ ഭരണം കാബൂളിൽ മാത്രമായി ഒതുങ്ങി. കന്ദഹാറിൽ ഇയാളുടെ അർദ്ധസഹോദരനായ കോഹെൻദിൽ ഖാനാണ് ഭരിച്ചിരുന്നതെങ്കിൽ പെഷവാറും കശ്മീരുമെല്ലാം സിഖുകാരുടെ കൈയിലായിരുന്നു.[1] വടക്കുപടിഞ്ഞാറുള്ള ഹെറാത്തിലാകട്ടെ പലായനം ചെയ്ത ദുറാനി ചക്രവർത്തി മഹ്മൂദിന്റേയും പുത്രൻ കമ്രാന്റേയും ഭരണമായിരുന്നു.[4] 1834-ൽ ഷാ ഷൂജയെ കന്ദഹാറിൽ വച്ച് പരാജയപ്പെടുത്തിയതോടെ ദോസ്ത് മുഹമ്മദ് ശക്തിയാർജ്ജിക്കുകയും പെഷവാറിനു വേണ്ടി സിഖുകാരെ നേരിടാനാരംഭിക്കുകയും ചെയ്തു.[1]

സിഖുകാരുമായുള്ള പോരാട്ടം അവരുടെ സഖ്യകക്ഷികളായിരുന്ന ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണകൂടത്തെ രംഗത്തെത്തിച്ചു. വടക്കുനിന്ന് റഷ്യക്കാർ മദ്ധ്യേഷ്യയിൽ ആധിപത്യം വർദ്ധിപ്പിക്കുന്ന കാലമായതിനാലും അഫ്ഗാനിസ്താനിലെ ആധിപത്യം ബ്രിട്ടീഷുകാർക്ക് പ്രാധാന്യമുള്ളതായിരുന്നു. ദോസ്ത് മുഹമ്മദുമായി ബ്രിട്ടീഷുകാർ ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും അതിൽ വഴങ്ങാത്തതിനാൽ 1839-ൽ നടന്ന ഒന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിൽ ബ്രിട്ടീഷുകാർ ദോസ്ത് മുഹമ്മദിനെ പുറത്താക്കി മുൻ ദുറാനി ചക്രവർത്തിയായിരുന്ന ഷാ ഷൂജയെ അധികാരത്തിലേറ്റുകയും ചെയ്തു. പിന്നീട് അഫ്ഗാനിസ്താനിൽ ബ്രിട്ടീഷുകാർ അല്പകാലം ആധിപത്യം സ്ഥാപിച്ചെങ്കിലും 1842-ൽ അവർക്ക് പിന്മാറേണ്ടി വരുകയും ദോസ്ത് മുഹമ്മദ് ഖാൻ രണ്ടാമതും അഫ്ഗാനിസ്താനിലെ അമീർ ആയി അധികാരമേൽക്കുകയും ചെയ്തു.

ദോസ്ത് മുഹമ്മദിന്റെ രണ്ടാമത്തെ കാലഘട്ടം, വിജയങ്ങളുടേതായിരുന്നു. ഇന്നത്തെ അഫ്ഗാനിസ്താൻ രാജ്യത്തിന്റെ അതിരുകൾക്കുള്ളിലുള്ള പ്രദേശങ്ങൾ മുഴുവനും അദ്ദേഹം തന്റെ അധീനതയിലാക്കി. 1863-ൽ ഹെറാത്തിൽ വച്ച് ദോസ്ത് മുഹമ്മദ് മരണമടഞ്ഞു.[5]

ഷേർ അലി ഖാൻ

തിരുത്തുക
 
ഷേർ അലി ഖാൻ

ദോസ്ത് മുഹമ്മദ് ഖാന് 27 മക്കളുണ്ടായിരുന്നു. ഇതിൽ പ്രധാനികളായ മൂന്നു പേർ‍, അതായത് മുഹമ്മദ് അക്ബർ ഖാന്‍, ഗുലാം ഹൈദർ ഖാൻ‍, മുഹമ്മദ് അക്രം ഖാൻ എന്നിവർ യഥാക്രമം 1847, 1858, 1852 എന്നീ വർഷങ്ങളിൽ, മരണമടഞ്ഞതിനു ശേഷം അദ്ദേഹം തന്റെ ഇളയ പുത്രൻമാരിലൊരാളായ ഷേർ അലി ഖാനെയാണ് പിൻ‌ഗാമിയായി പ്രഖ്യാപിച്ചിരുന്നത്. ദോസ്ത് മുഹമ്മദിന്റെ പ്രിയ്യപ്പെട്ട ഭാര്യയും ദുറാനി കുടുംബാംഗവുമായിരുന്ന ബീബി ഖദീജയുടെ പുത്രനായിരുന്നു ഷേർ അലി. തന്റെ പിതാവിന്റെ മരണശേഷം ഷേർ അലി, അമീർ ആയി ചുമതലയേറ്റു.

തുടക്കത്തിൽത്തന്നെ തന്റെ മൂത്ത അർദ്ധസഹോദരന്മാരിൽ നിന്നും ഷേർ അലിക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നു. ദോസ്ത് മുഹമ്മദിന്റെ പുത്രന്മാരിൽ മൂത്തവനായ മുഹമ്മദ് അഫ്സൽ ഖാന്റെ പുത്രൻ അബ്ദ് അൽ റഹ്മാൻ ഖാൻ 1866-ൽ ഷേർ അലിയെ പരാജയപ്പെടുത്തുകയും തന്റെ പിതാവിനെ അമീർ ആയി വാഴിക്കുകയും ചെയ്തു. എന്നാൽ മുഹമ്മദ് അഫ്സൽ ഖാന്റെ ഭരണം വളരെ ചുരുങ്ങിയ കാലം മാത്രമേ നീണ്ടു നിന്നുള്ളൂ. 1867 ഒക്ടോബർ 7-ന് അദ്ദേഃഅം മരണമടയുകയും സഹോദരൻ മുഹമ്മദ് അസം ഖാൻ അധികാരത്തിലേറുകയും ചെയ്തു.

1869 ജനുവരി മാസത്തിൽ ഷേർ അലിയും അയാളുടെ പുത്രനായ യാക്കൂബ് ഖാനും ചേർന്ന് ബ്രിട്ടീഷുകാരുടെ സാമ്പത്തികസഹായത്തോടെ കാബൂൾ പിടിച്ചെടുത്തു. തുടർന്ന് ഇറാനിലേക്ക് പലായനം ചെയ്ത മുഹമ്മദ് അസംഖാൻ ഇതേ വർഷം ഒക്ടോബറിൽ അവിടെ വച്ച് മരനമടഞ്ഞു. അബ്ദ് അൽ റഹ്മാനാകട്ടെ, വടക്കൻ അഫ്ഗാനിസ്താനിലെ മസാർ ഇ ഷറീഫിലേക്കും അവിടെ നിന്ന്‌ താഷ്കണ്ടീലേക്കും പലായനം ചെയ്തു.

പഷ്തൂൺ ഭരണാധികാരികളിൽ കാര്യക്ഷമമായ ഭരണം കാഴ്ചവച്ച ഒരു ഭരണാധികാരിയായിരുന്നു ഷേർ അലി ഖാൻ, ഇദ്ദേഹത്തിന്റെ കാലത്ത് രാജ്യത്ത് നിരവധി സാമ്പത്തിക, സാമൂഹികപരിഷ്കാരങ്ങൾ നടപ്പിലാക്കി.

1870-കളിൽ ബ്രിട്ടീഷ് റഷ്യൻ സാമ്രാജ്യങ്ങൾക്കിടയിലെ വൻ‌കളി മൂർദ്ധന്യാവസ്ഥയിലെത്തി. ഒരു റഷ്യൻ ദൂതനെ സ്വീകരിച്ചതിന്റെ പേരിൽ ബ്രിട്ടീഷുകാർ 1878-ൽ അഫ്ഗാനിസ്താൻ ആക്രമിക്കുകയും കാബൂൾ പിടിച്ചടക്കുകയും ചെയ്തു. വടക്കോട്ട് പലായനം ചെയ്ത ഷേർ അലി 1879-ൽ ബൽഖിൽ വച്ച് മരണമടയുകയും ചെയ്തു.

 
ഗന്ധാമാക് ചർച്ചകൾ - മദ്ധ്യത്തിൽ യാക്കൂബ് ഖാനെ കാണാം

ഷേർ അലി ഖാന്റെ വിമതനായ പുത്രൻ, മുഹമ്മദ് യാക്കൂബ് ഖാനെ, തടവിൽ നിന്നും മോചിപ്പിച്ച് ബ്രിട്ടീഷുകാർ രാജാവാക്കി. യാക്കൂബ് ഖാൻ ബ്രിട്ടീഷുകാരുമായി ഗന്ദാമാക്ക് സന്ധി എന്നറിയപ്പെടുന്ന ഒരു സന്ധിയിലൊപ്പുവക്കുകയും ചെയ്തു. 1879 മേയ് 26-നാണ് ഈ കരാർ ഒപ്പുവക്കപ്പെട്ടത്. ഈ സന്ധിയിലൂടെ അഫ്ഗാനിസ്താന്റെ വിദേശനയം ബ്രിട്ടീഷ് മേൽക്കോയ്മക്ക് കീഴിലായി. സന്ധിയിലെ വ്യവസ്ഥപ്രകാരം ബ്രിട്ടീഷുകാർ കാബൂളിൽ സ്ഥിരം സൈനികത്താവളം ആരംഭിച്ചെങ്കിലും സന്ധിക്കെതിരെയുള്ള ജനക്ഷോഭം മൂലം ബ്രിട്ടീഷുകാർക്ക് തിരിച്ചടികൾ നേരിട്ടു. തുടർന്ന് ഭരണം ബ്രിട്ടീഷുകാർ നേരിട്ട് ഏറ്റെടുക്കുകയും മുഹമ്മദ് യാക്കൂബ് ഖാൻ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്തു.[5]

അബ്ദുർറഹ്മാൻ ഖാൻ

തിരുത്തുക
 
അബ്ദുർ‌റഹ്മാൻ ഖാൻ

യാക്കൂബ് ഖാന്റെ പലായനത്തിനു ശേഷം ഭരണം ബ്രിട്ടീഷുകാർ ഏറ്റെടുത്തെങ്കിലും തദ്ദേശീയരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ബ്രിട്ടീഷുകാരുടെ നിലയും ഇക്കാലത്ത് പരിതാപകരമായിരുന്നു. ഇങ്ങനെ കാബൂളിൽ നാഥനില്ലാത്ത അവസ്ഥയിലാണ്, റഷ്യൻ നിയന്ത്രിത താഷ്കന്റിലും സമർഖണ്ഡിലും പ്രവാസത്തിലായിരുന്ന അബ്ദുർറഹ്മാൻ ഖാൻ, 1880-ൽ അഫ്ഗാനിസ്താനിൽ തിരിച്ചെത്തിയത്. ഇതോടെ അഫ്ഗാനിസ്താന്റെ ഭരണമേൽപ്പിക്കാൻ പറ്റിയ ഒരു തദ്ദേശീയനേതാവിനെത്തേടിയിരുന്ന ബ്രിട്ടീഷുകാർ, അബ്ദുർറഹ്മാന്റെ കൈയിൽ ഭരണമേൽപ്പിച്ചു.[5]

തന്റെ കടുത്ത നടപടികൾ മൂലം ഇരുമ്പ് അമീർ എന്നാണ് അബ്ദുർ‌റഹ്മാൻ ഖാൻ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ സാമ്പത്തികപിന്തുണയിൽ അബ്ദുർറഹ്മാൻ ഖാൻ തന്റെ സാമ്രാജ്യവും കേന്ദ്രീകൃതാധിപത്യവും വ്യാപിപ്പിച്ചു. അബ്ദുർറഹ്മാൻ ഖാന്റെ 21 വർഷത്തെ ഭരണകാലത്ത് അഫ്ഗാനിസ്താനിൽ എല്ല രംഗത്തും വൻ മാറ്റത്തിന് വഴിവച്ചു. വംശനേതാക്കളുടേയും മറ്റും അധികാരങ്ങൾ നാമമാത്രമായി ചുരുങ്ങി. ഇക്കാലത്ത് വിദേശബന്ധങ്ങൾ വളരെ കുറച്ചതിലൂടെ അഫ്ഗാനിസ്താൻ ലോകരാജ്യങ്ങളിൽ നിന്നും ഏതാണ്ട് ഒറ്റപ്പെട്ടു. അമീറീന്റെ കർശനനടപടികൾ മൂലം രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധാനന്തരം ഛിന്നഭിന്നമായ അഫ്ഗാനിസ്താന്റെ എല്ലാ ഭാഗങ്ങളും കാബൂളിൽ നിന്നുള്ള കേന്ദ്രീകൃതഭരണത്തിന് കീഴിലായി.[6]

ഹബീബുള്ള ഖാൻ

തിരുത്തുക
പ്രധാന ലേഖനങ്ങൾ: ഹബീബുള്ള ഖാൻ, നാസറുള്ള ഖാൻ
 
ഹബീബുള്ള ഖാൻ

1901-ൽ അബ്ദുർ‌റഹ്മാൻ ഖാൻ മരണമടഞ്ഞതിനു പിന്നാലെ, അദ്ദേഹത്തിന്റെ പുത്രൻ ഹബീബുള്ള അധികാരത്തിലേറി. മതനേതാക്കൾക്കെതിരെയും മറ്റും അബ്‌ദുർ‌റഹ്മാൻ ഖാൻ കൈക്കൊണ്ടിരുന്ന കടുത്ത നിലപാടുകളിൽ അയവുവരുത്തിയ ഹബീബുള്ള ഒരു പരിഷ്കരണവാദിയായിരുന്നു. രാജ്യത്ത് ആരോഗ്യ-വാർത്താവിനിമയ-വിദ്യാഭ്യാസരംഗങ്ങളിൽ ആധുനികരീതീയിലുള്ള സൗകര്യങ്ങൾ ഹബീബുള്ള അവതരിപ്പിച്ചു.

ബ്രിട്ടണുമായി അടുത്ത ബന്ധം പുലർത്തിയ ഇദ്ദേഹം, ഒന്നാം ലോകമഹായുദ്ധകാലത്ത്, പൊതുജനവികാരത്തിനെതിരായി നിഷ്പക്ഷ നിലപാടു സ്വീകരിക്കുകയും, ഇത് തന്റെ സഹോദരനടക്കം, രാജ്യത്തിനകത്തെ വിവിധ വിഭാഗങ്ങളെ അദ്ദേഹത്തിനെതിരായി തിരിക്കുകയും ചെയ്തു. 1919-ൽ ഹബീബുള്ള അവിചാരിതമായി കൊല്ലപ്പെടുകയും തത്സ്ഥാനത്ത് സഹോദരൻ നാസറുള്ള ഖാൻ അധികാരത്തിലേറുകയും ചെയ്തു. എന്നാൽ ഹബീബുള്ളയുടെ കൊലപാതകത്തിൽ നാസറുള്ളക്ക് പങ്കുണ്ടെന്നാരോപിച്ച്, ഹബീബുള്ളയുടെ മൂന്നാമത്തെ മകൻ അമാനുള്ള ഖാൻ രംഗത്തെത്തുകയും, ഒരാഴ്ചക്കുള്ളിൽ നാസറുള്ളയെ പുറത്താക്കി അധികാരത്തിലേറുകയും ചെയ്തു.[6]

അമാനുള്ള ഖാൻ

തിരുത്തുക
പ്രധാന ലേഖനം: അമാനുള്ള ഖാൻ
 
അമാനുള്ള ഖാൻ

അഫ്ഗാനിസ്താൻ അമീറത്തിലെ അവസാനത്തെ അമീർ ആണ്‌ അമാനുള്ള ഖാൻ. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് അമീർ എന്ന പദവി ഒഴിവാക്കുകയും, ഷാ എന്ന പദവി സ്വീകരിക്കുകയും ചെയ്തു. ഇതിനുപുറമേ രാജാവ് നേതൃത്വം നൽകുന്നതും ഭരണഘടനയിൽ അടിസ്ഥിതമായതും ജനപ്രതിനിധികൾ അടങ്ങുന്നതുമായ ഒരു സർക്കാർ സം‌വിധാനം അമാനുള്ള ഖാൻ നടപ്പിലാക്കി.

ധീരനായ ഭരണാധികാരിയായിരുന്ന അമാനുള്ളയുടെ കാലത്ത്, ബ്രിട്ടണുമായി അഫ്ഗാനിസ്താൻ യുദ്ധത്തിലേർപ്പെടുകയും, അഫ്ഗാനിസ്താന്റെ വിദേശനയതന്ത്രകാര്യങ്ങളിൽ ബ്രിട്ടണുണ്ടായിരുന്ന നിയന്ത്രണം ഇല്ലായ്മ ചെയ്യുകയും ചെയ്തു.

തികച്ചും മതേതര-പരിഷ്കരണവാദിയായിരുന്ന അമാനുള്ള എല്ലാ മതവിശ്വാസികൾക്കും തുല്യത നൽകുക, സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുക, പർദ്ദ ഒഴിവാക്കുക തുടങ്ങിയ വിപ്ലവകരമായ നിരവധി വ്യക്തി-സാമൂഹികനിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഇതുമൂലം അടിസ്ഥാനമതവാദികളുടെ എതിർപ്പ് സമ്പാദിക്കേണ്ടിവരുകയും 1929-ൽ ഭരണം വിട്ടൊഴിയാൻ നിർബന്ധിതനാകുകയും ചെയ്തു.

കുറിപ്പുകൾ

തിരുത്തുക
  • ^ പയിന്ദ ഖാൻ വധിക്കപ്പെടുന്ന സമയത്ത്, ഫത് ഖാൻ രക്ഷപ്പെട്ട് പേർഷ്യയിലേക്ക് കടന്നിരുന്നു.[2]
  • ^ ഫത് ഖാനെ തടവിലാക്കുകയും അയാളുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുകയുമാണ് ചെയ്തത്. തുടർന്ന് ഹെറാത്തിലേക്ക് കടക്കുന്നതിനിടെ ഗസ്നിയിൽ വച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്.[2]
  1. 1.0 1.1 1.2 1.3 1.4 Vogelsang, Willem (2002). "15-The Sadozay Dynasty". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 229, 237–245. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 2.2 William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, Chapter II - The empire of Ahmad Shah Durrani, First King of Afghanistan and his Sadozai Successors (1747-1818)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 68. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. Tarzi, Amin H. "DŌSTMOḤAMMAD KHAN". Encyclopædia Iranica (Online Edition ed.). United States: Columbia University. {{cite encyclopedia}}: |edition= has extra text (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, Chapter V The Struggle for Herat". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 82. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. 5.0 5.1 5.2 Vogelsang, Willem (2002). "16-War with Britain". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 245–261. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. 6.0 6.1 Vogelsang, Willem (2002). "17-The dynasty of Amir Abd al Rahman Khan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 263–281. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)