ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.

ഈ താളിൽ വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നവർ എങ്ങനെ പെരുമാറണമെന്ന ചില അടിസ്ഥാന മാർഗ്ഗനിർദ്ദേശ തത്ത്വങ്ങൾ പ്രതിപാദിച്ചിരിക്കുന്നു.

മലയാളം വിക്കിപീഡിയയിൽ എഴുതുന്നവർ ലോകത്തെവിടെയെങ്കിലും ഉള്ളവരും പല സംസ്കാരത്തെ സ്വാംശീകരിച്ചിട്ടുള്ളവരും, വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ളവരും, വ്യത്യസ്ത പശ്ചാത്തലമുള്ളവരും ആയിരിക്കും. നമ്മുടെ സംഘടിത പ്രവർത്തനമാണ് വിക്കിപീഡിയ മെച്ചപ്പെടുവാൻ ആവശ്യമായിട്ടുള്ളത്. തമ്മിൽ തമ്മിൽ ബഹുമാനമുള്ളവരാവുക എന്നതാണ് സംയുക്ത ശ്രമത്തിനുള്ള അടിസ്ഥാനം തന്നെ. ഒത്തുചേർന്നു പ്രവർത്തിക്കാൻ ഈ തത്ത്വങ്ങൾ ഉപയോഗിക്കുക.

വിക്കിപീഡിയയുടെ അടിസ്ഥാന തത്ത്വങ്ങൾ

  • ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക. ആർക്കും തിരുത്താനുള്ള സ്വാതന്ത്ര്യം നല്കിക്കൊണ്ട് വിക്കിപീഡിയ നന്നായി പ്രവർത്തിക്കുന്നു. ലേഖകർ ഇവിടെ സംയുക്തമായി ഒന്നാന്തരം ലേഖനങ്ങൾ രചിക്കുന്നു.
  • മറ്റുള്ളവരുടെ ഇങ്ങോട്ടുള്ള പെരുമാറ്റം എങ്ങനെ വേണമെന്നാഗ്രഹിക്കുന്നോ അതുപോലെ അങ്ങോട്ടും പെരുമാറുക. അവർ ചിലപ്പോൾ താങ്കൾക്കുശേഷം വിക്കിപീഡിയയിൽ എത്തിയതാവാം -എല്ലാവരും ഒരിക്കൽ പുതുക്കക്കാരായിരുന്നല്ലോ.
  • വിനയപൂർവ്വം പെരുമാറുക.
    • താങ്കൾ പ്രയോഗിച്ചേക്കാവുന്ന പരുഷവാക്കുകൾ താങ്കളെ പരിചയമുള്ളവർ ശരിയായി മനസ്സിലായേക്കാമെങ്കിലും പരിചയമില്ലാത്തവരെ വ്രണപ്പെടുത്തിയേക്കാം. ശ്രദ്ധയോടു കൂടി വാക്കുകൾ തിരഞ്ഞെടുത്ത് പ്രയോഗിക്കുക.
  • ദയവായി വിക്കിപീഡിയയിൽ രജിസ്റ്റർ ചെയ്യുക; സംവാദം താളുകളിലെ ആശയവിനിമയ സമയങ്ങളിൽ ഒപ്പും തീയതിയും പതിപ്പിക്കുക.
    • വിക്കിപീഡിയയിൽ താങ്കൾ രജിസ്റ്റർ ചെയ്തിട്ടില്ലങ്കിൽ താങ്കൾ രജിസ്റ്റർ ചെയ്യുമ്പോൾ സൃഷ്ടിച്ചേക്കാവുന്ന തരം ഒപ്പ് കൃത്രിമമായി ഉണ്ടാക്കി പതിപ്പിക്കാതിരിക്കുക.
  • പ്രവർത്തനങ്ങളിൽ ഐക്യം നിലനിർത്തുക.
  • വസ്തുതകളെയാണ് വിശകലനം ചെയ്യേണ്ടത്, വ്യക്തികളെയല്ല.
  • മറ്റുള്ളവരുടെ ചോദ്യങ്ങളെ അവഗണിക്കരുത്.
    • താങ്കളുമായി മറ്റൊരാൾ വിയോജിക്കുകയാണെങ്കിൽ, താങ്കളുടെ അഭിപ്രായം എന്തുകൊണ്ട് ശരിയാണ് എന്നതിനെ കുറിച്ച് വ്യക്തമാക്കിക്കൊടുക്കുക.
  • താങ്കൾക്ക് വ്യക്തമാക്കാൻ കഴിയാത്ത വസ്തുതകൾക്കായി വാശിപിടിക്കരുത്.
  • മര്യാദയോടെ പെരുമാറുക.
    • ചൂടുപിടിച്ച ഒരു വാഗ്വാദത്തിൽ മറ്റുള്ളവർ താങ്കളോട് മര്യാദയില്ലാതെ പെരുമാറിയേക്കാം, എങ്കിലും താങ്കളവരോട് പെരുമാറേണ്ടത് അവരേക്കാൾ മര്യാദയോടെയാവണം അല്ലാതെ അവരേക്കാൾ മര്യാദകുറഞ്ഞ ആളായിട്ടാവരുത്.
    • ഉരളക്കുപ്പേരി മറുപടികൾ പ്രയോഗിക്കാതിരിക്കുക-എല്ലാവരും അതാണാഗ്രഹിക്കുന്നത്. പേരെടുത്ത് പറഞ്ഞ് ഒരിക്കലും ചെയ്യരുത്.
    • എന്നിരുന്നാലും, എതിരാളിയോട് മര്യാദയോടെ മറുപടി പറയാൻ മടിക്കേണ്ടതില്ല. അല്ലെങ്കിൽ അവർ താന്താങ്ങളുടെ വാദങ്ങളിൽ ഉറച്ചുവിശ്വസിക്കാനും അതുമല്ലെങ്കിൽ താങ്കൾ ഒരു ലജ്ജാലുവാണെന്നും കരുതാനിടയുണ്ട്. അവരെ ചെറുതായി പിന്താങ്ങിക്കൊണ്ട് എതിർക്കാൻ ശ്രമിക്കുന്നതും ശരിയല്ല.(ഉദാ: താങ്കൾ ഏറെക്കുറെ ശരിയാണെങ്കിലും, കൂലങ്കഷമായി ചിന്തിക്കുമ്പോൾ വ്യതിരിക്തമായ ഒരു വിചിന്തനമാണ് ഉരുത്തിരിയുന്ന.........)‌
  • തെറ്റുപറ്റിയാൽ ക്ഷമചോദിക്കാൻ മടിക്കേണ്ടതില്ല.
    • സജീവമായ ചർച്ചയിൽ ചിലപ്പോൾ നാം പ്രയോഗിക്കാൻ പാടില്ലാത്ത ഭാഷ ഉപയോഗിച്ചതായി പിന്നീട് അനുഭവപ്പെട്ടേക്കാം. മടിക്കാതെ ഖേദിക്കുക.
  • മാപ്പുകൊടുക്കുക മറന്നേക്കുക.
  • സ്വന്തം പക്ഷപാതങ്ങൾ മനസ്സിലാക്കുകയും അവയെ പരിശോധിച്ചുകൊണ്ടിരിക്കുകയും ചെയ്യുക.
  • അർഹിക്കുമ്പോൾ മറ്റുള്ളവരെ പ്രശംസിക്കുക. പൊതുവേ അനുമോദനം ഇഷ്ടപ്പെടാത്തവരില്ല, പ്രത്യേകിച്ച് ഇതുപോലെ ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ട പ്രസ്ഥാനത്തിൽ- മറ്റൊന്നും അവർക്ക് ലഭിക്കുന്നില്ലന്നും ഓർക്കുക. സൗഹൃദത്തോടെ മറ്റുപയോക്താക്കളുമായി സംവദിക്കുക.
  • താങ്കളുടെ നേതൃത്വത്തിൽ സൃഷ്ടിക്കപ്പെട്ട ചെളിവാരിയെറിയലുകൾ നീക്കം ചെയ്യുകയോ ചുരുക്കുകയോ ചെയ്യുക.
  • മറ്റുള്ളവരുടെ തർക്കങ്ങളിൽ മധ്യസ്ഥം വഹിക്കുക.
  • താങ്കൾ അനാരോഗ്യകരമായ തരത്തിൽ തർക്കത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണെങ്കിൽ സ്വയം ഒരു ഇടവേള തിരഞ്ഞെടുക്കുക, താങ്കൾ അത്തരം ചർച്ചക്ക് മധ്യസ്ഥം വഹിക്കുകയാണെങ്കിൽ ഒരു ഇടവേള ശുപാർശ ചെയ്യുക.
    • താങ്കൾ കോപിച്ചിരിക്കുകയാണെങ്കിൽ സംവാദത്തിനോ തിരുത്തലിനോ മുമ്പ് അല്പനേരം മാറിയിരിക്കുക. ഒരു ദിവസത്തിനോ ഒരു ആഴ്ചയ്ക്കോ ശേഷം മടങ്ങിവന്നു നോക്കുക. താങ്കൾ ഉദ്ദേശിച്ച മാറ്റമോ താങ്കൾ പറയാനുദ്ദേശിച്ച കാര്യമോ മറ്റാരോ ചെയ്തിട്ടുണ്ടാവും. താങ്കൾ ഉൾപ്പെട്ട ചർച്ച ആരും മധ്യസ്ഥം വഹിക്കുന്നില്ലങ്കിൽ ആരെയെങ്കിലും അതിനായി ക്ഷണിക്കുക.
    • അകന്നു നിൽക്കുക അല്ലെങ്കിൽ മനസ്സിനെ വ്യതിചലിപ്പിക്കാൻ സ്വയം മറ്റൊരു ലേഖനം തിരഞ്ഞെടുക്കുക -നമുക്ക് ശ്രദ്ധിക്കാനായി 86,138 ലേഖനങ്ങൾ ഉണ്ടല്ലോ. അതുമല്ലങ്കിൽ പുതിയൊരു ലേഖനമെഴുതുക.
  • വിക്കിപീഡിയ എന്തൊക്കെയല്ല എന്നു മനസ്സിലാക്കുക.
  • താങ്കൾ എടുത്ത തെറ്റായ തീരുമാനങ്ങൾ പുനപരിശോധിക്കുക.
  • പുനർപ്രാപനങ്ങളും മായ്ച്ചുകളയലും സാധിക്കുമെങ്കിൽ നടത്തരുത്. പുനർപ്രാപനങ്ങൾക്കായുള്ള മൂന്നു നിയമങ്ങൾ എപ്പോഴും ഓർക്കുക. പുനർപ്രാപനങ്ങൾ എന്തുകൊണ്ടെന്ന് വ്യക്തമാക്കുക.
  • താങ്കൾ മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റരീതികൾ താങ്കൾ കാഴ്ചവെക്കുക.

സംവാദം താൾ ദുർവിനിയോഗം ചെയ്യാതിരിക്കാൻ

  • ഓരോരുത്തരും അവരവരുടെ പ്രവൃത്തികളിൽ അഭിമാനം കൊള്ളും. ആ അഹന്തയ്ക്കു മറ്റുള്ളവരുടെ തിരുത്ത് മുറിവേൽപ്പിച്ചേക്കാം. തിരിച്ചടിക്കാൻ സംവാദം താൾ ഉപയോഗിക്കാതിരിക്കുക. അഭിമാനക്ഷതം മാറ്റാൻ സംവാദം താൾ നല്ല സ്ഥലമായിരിക്കാം, എന്നാൽ നല്ല ലേഖനങ്ങൾ സൃഷ്ടിക്കാനായുള്ള പിന്നാമ്പുറമാണവ എന്ന് മനസ്സിലാക്കുക. ആരെങ്കിലും താങ്കളോട് വിയോജിച്ചാൽ, അതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. ചർച്ചാവേദിയിൽ താങ്കളുടെ ആശയം മെച്ചപ്പെട്ടതാണെന്ന് എന്തുകൊണ്ട് താങ്കൾ വിശ്വസിക്കുന്നുവെന്ന്‌ പറയുക.
  • ആൾക്കാരെയോ അവരുടെ തിരുത്തലുകളേയോ മുൻവിധിയോടെ കാണാതിരിക്കുക. വ്യക്തിപരമായി ആക്രമിക്കാതിരിക്കുക. താങ്കളുടെ വാദം തെളിവുകൾ നിരത്തി സ്ഥാപിക്കുക.
    • വർഗ്ഗീയവാദിയെന്നോ, അരാജകവാദിയെന്നോ ഉള്ള വിളികളും അത് മോശപ്പെട്ട തിരുത്തലാണെന്ന് ഉള്ള വാദങ്ങളും ആളുകളെ മിക്കവാറും വ്രണപ്പെടുത്തിയേക്കാം. നിരൂപണങ്ങൾ വിനയത്തിലും സൃഷ്ടിപരതയിലും അധിഷ്ഠിതമാവട്ടെ.
  • താങ്കൾ ഉദ്ദേശിക്കുന്ന ആശയം ഏറ്റവും വ്യക്തമാക്കുക, പ്രത്യേകിച്ചും മറുപടികളിൽ.
    • മറുപടികളിൽ താങ്കൾ എന്തിനാണ് മറുപടി നൽകുന്നതെന്ന് വ്യക്തമാക്കുക. ഉദ്ധരണികൾ സ്വീകാര്യമാണ് പക്ഷേ ഉദ്ധരിക്കുന്ന വാക്യങ്ങൾ താങ്കൾക്ക് അനുയോജ്യമായ വിധത്തിൽ മാറ്റിമറിക്കാതിരിക്കുക. അത്തരം കൈകടത്തലുകൾ കുറിപ്പോടെ ചെയ്യുക “താങ്കളുടെ ആശയം എനിക്ക് മനസ്സിലായത് ഇങ്ങനെയാണ്“ അഥവാ “താങ്കൾ പറയാനുദ്ദേശിച്ചത് ഇങ്ങനെയാണ്” എന്നോ മറ്റോ. ഒരാളുടെ വാദങ്ങളെ കണ്ണുമടച്ച് എതിർക്കുന്നതിനു മുമ്പ് താങ്കൾ അദ്ദേഹത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണോ എന്നു സംശയമുണ്ട് എന്ന് പറയുന്നത് കാര്യങ്ങളെ തീർച്ചയായും ലഘൂകരിക്കും.
    • പരസ്പരവിരുദ്ധമായ കാര്യങ്ങൾ എതിരാളിയുടെ മറുപടിയുടെ ഇടയിൽ(അല്ലെങ്കിൽ മറ്റു ചർച്ചകളുടെ ഇടയിൽ) ഇഴചേർത്തുകെട്ടുന്നത് മിക്കവാറും തെറ്റായ നടപടിയാവും. ചർച്ചയുടെ പോക്കിന്റെ ഗതി നശിക്കാണിട. പിന്മൊഴികളുടെ സ്വാഭാവികമായ പരിണാമം അത്തരം പ്രവർത്തി തെറ്റിക്കും. ഒരു പക്ഷേ താങ്കളിരുവർക്കും അത് മനസ്സിലായേക്കാമെങ്കിലും ബാക്കിയുള്ളവർക്കങ്ങിനെയാകണമെന്നില്ല.

സന്തുലിതമായ കാഴ്ചപ്പാടിനായി പ്രവർത്തിക്കുമ്പോൾ

നാം സന്തുലിതമായ കാഴ്ചപ്പാടുള്ള ലേഖനങ്ങൾക്കായി പ്രവർത്തിക്കുമ്പോൾ പലപ്പോഴും “പ്രമാണങ്ങൾ വിരൽ ചൂണ്ടുന്നത്...”, “...മേൽപ്പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നത്...” എന്നിങ്ങനെ ഉപയോഗിക്കാറുണ്ട്. ഇത്തരം വാക്യങ്ങൾ സ്വയം അസന്തുലിതയുടെ മുഖലക്ഷണങ്ങളാണ്. പ്രധാന ഉപയോക്താക്കളാരെങ്കിലും അവ തെറ്റെന്ന് കണ്ടെത്തുകയും തിരുത്തുകയും ചെയ്യുന്നു. എന്നാൽ മറ്റാരെങ്കിലും അത് വിട്ടുകൊടുക്കാൻ തയ്യാറല്ലെങ്കിൽ തിരുത്തൽ യുദ്ധം ആരംഭിക്കുകയായി. മെച്ചപ്പെട്ട രീതി താഴെക്കൊടുക്കുന്നു.

  1. ലേഖനത്തിന്റെ സംവാദം താളിൽ താങ്കൾ അസന്തുലിതമെന്നു കരുതുന്ന കാഴ്ചപ്പാടിനെ കുറിച്ച് ചോദിക്കുക അവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കുക.
  2. മറുപടി ലഭിച്ചില്ലെങ്കിൽ സ്വയം മാറ്റങ്ങൾ വരുത്തുക.
  3. മറുപടി ലഭിച്ചാൽ (അനുകൂലമല്ലെങ്കിൽ) സമൂഹത്തിന്റെ സഹായത്തോടെ ഒത്തുതീർപ്പിനു ശ്രമിക്കുക.

മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ

  • വിക്കിപീഡിയ ലേഖനങ്ങളിൽ എല്ലാ കാഴ്ചപ്പാടുകളേയും ഒരുമിച്ച് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്, ഒന്നിനുപരിയായി മറ്റൊന്നല്ല. താങ്കൾ അടിയുറച്ച് വിശ്വസിക്കുന്ന കാര്യമാവണമതെന്നില്ല. സംവാദം താളുകൾ ചർച്ചചെയ്ത് വിധികൽപ്പിക്കാനുള്ള സ്ഥലമല്ല, അതിനായി ബ്ലോഗുകളോ മറ്റു വിക്കികളോ ഉപയോഗിക്കുക. ഒരു ലേഖനത്തിന്റെ അസന്തുലിതയേക്കുറിച്ചോ കൃത്യതയില്ലായ്മയേക്കുറിച്ചോ അവിടെ സംസാരിക്കുക. കൊച്ചുവർത്തമാനങ്ങൾക്കുള്ളതോ പോരാട്ടങ്ങൾക്കുള്ളതോ ആയ സ്ഥലമല്ലവിടം.
  • ആരെങ്കിലും താങ്കളോട് വിയോജിച്ചാൽ അത് (1) അദ്ദേഹം താങ്കളെ വെറുക്കുന്നുവെന്നോ, (2) അദ്ദേഹം താങ്കൾ ഒരു വിഡ്ഢിയാണെന്നു വിചാരിക്കുന്നുവെന്നോ, (3) അദ്ദേഹമൊരു വിഡ്ഢിയാണെന്നോ, (4) അദ്ദേഹം ആളു ശരിയല്ലന്നോ തുടങ്ങിയ ഒന്നും അർത്ഥമാക്കുന്നില്ല. താങ്കളുടെ അഭിപ്രായം തികച്ചും ശരിയാകണമെന്നോ തികച്ചും തെറ്റാകണമെന്നോയില്ല. വിക്കിപീഡിയയിൽ വരുത്തുന്ന എന്തുമാറ്റവും അതേപടി സൂക്ഷിക്കുന്നുണ്ടെന്നും ഓർക്കുക, പുറമേ കാണത്തില്ലെങ്കിൽ പോലും.
  • മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഏറുമ്പോൾ മായ്ച്ചുകളയാനുള്ള പ്രേരണ ഉപേക്ഷിക്കുക എന്നത് കാത്തുപോരുക. താങ്കളടക്കമുള്ള അനേകർ ഉപകാരമുള്ള കാര്യമെന്ന നിലയിലാണ് പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഒരു കാര്യം മായ്ചു കളയുന്നതിലൂടെ പ്രവർത്തനങ്ങൾ ചെയ്തവർക്ക് തങ്ങളുടെ ഇത്രയും അധ്വാനം വെറുതേയായി എന്ന വികാരമാണുണ്ടാവുക. അവരുടെ വിചാരങ്ങൾ ഒരു ഉപതാളുണ്ടാക്കി അതിലേക്ക് മാറ്റുന്നതിലൂടെ അവർക്കുണ്ടാകുന്ന വിഷമം ഒഴിവാക്കാം.
  • വിക്കിപീഡിയ ധൈര്യശാലികളായി പ്രവർത്തിക്കുന്നവരെ ആഗ്രഹിക്കുന്നു. ഒരു ചർച്ചക്ക് തുടക്കമിടുന്നതിനു മുമ്പ്, “ഇതാവശ്യമുണ്ടോ? അതോ എന്റെ തിരുത്തലിനു അനുയോജ്യമായ പിന്മൊഴി ചേർത്തിട്ട് മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കായി കാത്തിരുന്നാൽ മതിയാവുമോ?” എന്ന് സ്വയം ചോദിക്കുക
  • ലേഖനത്തിന് അത്യന്താപേക്ഷിതമല്ലെങ്കിൽ ഇ-മെയിലുകൾ വഴിയുള്ള ചർച്ചകളും തുടരാം.
  • ഒരാളെ തീർത്തും സഹിക്കാൻ കഴിയുന്നില്ലങ്കിൽ അയാളെ വെറുതേ വിട്ടേക്കുക, കൂടുതൽ സംവാദങ്ങൾ കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം.