ടി.സി. യോഹന്നാൻ
വ്യക്തി വിവരങ്ങൾ | |
---|---|
പൂർണ്ണനാമം | Thadathuvila Chandapillai Yohannan |
പൗരത്വം | Indian |
Sport | |
രാജ്യം | India |
കായികമേഖല | Athletics |
ഇനം(ങ്ങൾ) | long jump |
ഇന്ത്യക്കാരനായ ഒരു കായിക താരമാണ് തടത്തുവിള ചാണ്ടപ്പിള്ള യോഹന്നാൻ. ട്രിപ്പിൾ ജംപിലും ലോംഗ് ജംപിലും മാറ്റുരച്ചിരുന്ന യോഹന്നാൻ ലോംഗ് ജംപിലെ നേട്ടങ്ങളിലൂടെയാണ് പ്രസിദ്ധൻ.
ജീവിതരേഖ
1947 മേയ് 19 ന് കൊല്ലം ജില്ലയിലെ എഴുകോൺ മാരനാട് തടത്തുവിള കുടുംബത്തിൽ ചാണ്ടപ്പിള്ളയുടെയും സാറാമ്മയുടെയും ആറ് മക്കളിൽ ഇളയവനായി യോഹന്നാൻ ജനിച്ചു.[1]
ലോംഗ് ജംപിൽ എട്ടു മീറ്ററിലധികം താണ്ടി ഏഷ്യൻ റേക്കോഡ് സ്ഥാപിച്ച യോഹന്നാൻ സ്ഥാപിച്ച ദേശീയ റെക്കോഡ് മൂന്നു പതിറ്റാണ്ടുകാലം അഭേദ്യമായി നിലകൊണ്ടു.[1] ആരോഗ്യ പ്രശ്നങ്ങൾ മൂലം അകാലത്തിൽ മത്സരവേദികളിൽനിന്ന് പിൻമാറേണ്ടി വന്ന യോഹന്നാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യത്തെ സമ്പൂർണ മലയാളി താരമായ ടിനു യോഹന്നാന്റെ പിതാവാണ്. ഇപ്പോൾ എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ താമസിക്കുന്നു.
കായികരംഗം
കുട്ടിയായിരിക്കേ ജംപ് ഇനങ്ങളോട് ആഭിമുഖ്യം പുലർത്തി തുടങ്ങിയ യോഹന്നാൻ സ്കൂൾ തല മത്സരങ്ങളിൽ വിജയം വരിച്ചു.
ഏതാനും വർഷങ്ങൾക്കു ശേഷം 19-ആം വയസിൽ മെക്കാനിക്കൽ എൻജിനിയറിംഗ് പഠനത്തിനായി ഭിലായിൽ സഹോദരൻമാരുടെ അടുത്തേക്ക് പോയി. ആ തീരുമാനം കായിക ജീവിതത്തിൽ വഴിത്തിരിവായി. ഭിലായിലെ പഠനകാലത്ത് കായിക മത്സരങ്ങളിൽ ഏറെ തിളങ്ങി. ബാംഗ്ലൂരിൽ നടന്ന പ്രസന്നകുമാർ ഓൾ ഇന്ത്യ മീറ്റിൽ ലോംഗ് ജംപിലും ട്രിപ്പിൾ ജംപിലും സ്വർണം നേടിയ യോഹന്നാനെത്തേടി ടെൽകോ, ടിസ്കോ, ഇന്ത്യൻ റെയിൽവേ തുടങ്ങിയവയിൽ നിന്ന് ഉൾപ്പടെ നിരവധി ജോലി വാഗ്ദാനങ്ങൾ വന്നു.
സഹോദരന്റെ നിർദ്ദേശപ്രകാരമാണ് യോഹന്നാൻ ടെൽകോയിൽ ചേർന്നത്. കായിക മേഖലയിൽ വളരുന്നതിന് കന്പനി സന്പൂർണ പിന്തുണ നൽകി. സുരേഷ് ബാബു, രഘുനാഥൻ തുടങ്ങി ഒട്ടേറെ മുൻനിര അത് ലിറ്റുകൾ അന്ന് ടെൽക്കോയിലുണ്ടായിരുന്നു. ടാറ്റാ സ്പോർട്സ് മീറ്റിൽ യോഹന്നാൻ ഉൾപ്പെടെയുള്ള മലയാളി താരങ്ങൾ സജീവ സാന്നിധ്യമാറിയിച്ചിരുന്നു. സുരേഷ് ഗുജ്‌റാത്തിയാണ് ടെൽകോയിൽ യോഹന്നാനെ പരിശീലിപ്പിച്ചിരുന്നത്.
1969 ലാണ് യോഹന്നാൻ ദേശീയ തലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് ലോംഗ് ജംപിലും ട്രിപ്പിൾ ജംപിലും ആദ്യ മൂന്നു സ്ഥാനക്കാരുടെ പട്ടികയിൽ ഇടം നേടാനായില്ല. പക്ഷെ രണ്ടു വർഷത്തിനുശേഷം പട്യാല ദേശീയ മീറ്റിൽ ലോംഗ്ജംപിൽ 7.60 മീറ്റർ താണ്ടി ദേശീയ റെക്കോർഡ് കുറിച്ചു. 1972 ൽ ട്രിപ്പിൾ ജംപ് കിരീടവും യോഹന്നാൻ സ്വന്തമാക്കി. അടുത്ത വർഷം ലോംഗ് ജംപിലെ സ്വന്തം റെക്കോർഡ് 7.78 മീറ്ററാക്കി മെച്ചപ്പെടുത്തി.
1974 ലെ തെഹ്റാൻ ഏഷ്യൻ ഗെയിംസിൽ ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ജപ്പാന്റെ ഹോഷിത ഉൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് ലോംഗ് ജംപിൽ 8.07 മീറ്റർ താണ്ടി യോഹന്നാൻ റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയത്.
യോഹന്നാന്റെ റെക്കോർഡ് ദേശീയ തലത്തിൽ മൂന്നു പതിറ്റാണ്ടു കാലം അഭേദ്യമായി നിലകൊണ്ടു. ഒടുവിൽ 2004 ൽ അമൃത്പാൽ സിംഗാണ് ഇത് 8.08 മീറ്ററാക്കി തിരുത്തിയത്. 1975 ൽ ജപ്പാനിലേക്ക് ക്ഷണിക്കപ്പെട്ട യോഹന്നാൻ ടോക്കിയോ, ഹിരോഷിമ, കോബേ എന്നിവിടങ്ങളിലും ഫിലിപ്പൈൻസിലും നടന്ന മത്സരങ്ങളിൽ സ്വർണ മെഡൽ നേടി.
1976ലെ മോൺട്രിയോൾ ഒളിംപിക്സിൽ അതിശൈത്യവും പരിക്കും മൂലം മികച്ച പ്രകടനം നടത്താനായില്ല.
പട്യാല ദേശിയ ക്യാമ്പിൽ പരിശീലനത്തിനിടെയുണ്ടായ വലിയ പരിക്ക് യോഹന്നാന്റെ കരിയറിന്റെ അന്ത്യത്തിലേക്ക് നയിച്ചു.
അവലംബം
- ↑ 1.0 1.1 "On this day 48 years ago, India's TC Yohannan became first Asian to jump 8 metres". Onmanorama. Retrieved 2024-09-12.