ഡെയ്റ
പുരാതന ആംഗ്ലോ-സാക്സൻ രാജ്യമാണ് ഡെയ്റ. ഹംബർ മുതൽ ടിൻ നദിവരെ വ്യാപിച്ചുകിടന്ന രണ്ട് ആംഗ്ലോ-സാക്സൻ രാജ്യങ്ങളിൽ തെക്കുഭാഗത്തുള്ള രാജ്യമാണ് ഡെയ്റ. പിന്നീടു വടക്കുള്ള ബെർനീഷ്യയുമായി യോജിച്ച് ഇത് 7-ാം ശതകത്തിൽ നോർത്തുമ്പ്രിയ എന്ന രാജ്യമായി മാറി. ഡെയ്റയിലെ അറിയപ്പെട്ട ആദ്യ രാജാവായിരുന്ന ഏയ്ലി എ.ഡി. 560 മുതലാണ് രാജ്യം ഭരിച്ചിരുന്നത്. ഏയ്ലിയുടെ കാലശേഷം (സുമാർ 588) ബെർനീഷ്യയിലെ ഏത്തൽറിക്ക് ഈ പ്രദേശം പിടിച്ചടക്കി. ഏത്തൽറിക്കിന്റെ മകൻ ഏത്തൽഫ്രിത്ത് ആണ് 616 വരെ ബെർനീഷ്യയും ഡെയ്റയും ഭരിച്ചിരുന്നത്. 616 മുതൽ 632 വരെ ഏയ്ലിയുടെ മകൻ എഡ്വിൻ ആയിരുന്നു രാജാവായത്. ഇദ്ദേഹത്തിന്റെ ഒരു ബന്ധു ആയിരുന്ന ഓസ്റിക് 632 മുതൽ 633 വരെ ഡെയ്റയിൽ ഭരണം നടത്തി. പിന്നീട് ഓസ്വാൾഡിന്റെ ഭരണകാലത്ത് (633-641) ഡെയ്റ ബെർനീഷ്യയിൽ ലയിച്ചു. 641 മുതൽ 651 വരെ ഓസ്റിക്കിന്റെ മകനായ ഓസ്വിൻ ആണ് ഡെയ്റ ഭരിച്ചിരുന്നത്. 651-ൽ ഓസ്വിനെ കൊലപ്പെടുത്തിയിട്ട് ഓസ്വാൾഡിന്റെ സഹോദരൻ ഒസ്വ്യൂ ഡെയ്റ പിടിച്ചടക്കി.
ഇതിനുശേഷം സാമന്തരാജാക്കന്മാരാണ് പലപ്പോഴും ഡെയ്റ ഭരിച്ചിരുന്നത്. ഓസ്വാൾഡിന്റെ മകൻ ഓത്തെൾവാൾഡ് 654 വരെ ഡെയ്റ ഭരിച്ചു. ഒസ്വ്യൂവിന്റെ പുത്രനായിരുന്ന ആൽഫ്രിത്തും ആൽഫ്രിത്തിന്റെ സഹോദരൻ ആൽഫൈനും ഡെയ്റയിലെ സാമന്തരാജാക്കന്മാരായിരുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡെയ്റ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |