ശശി കപൂർ
ശശി കപൂർ | |
---|---|
ജനനം | ബൽബീർ രാജ് കപൂർ |
മറ്റ് പേരുകൾ | ബൽബീർ ശശി |
തൊഴിൽ | അഭിനേതാവ്, ചലച്ചിത്രസംവിധായകൻ, ചലച്ചിത്രനിർമ്മാതാവ് |
സജീവ കാലം | 1942-1998 (വിരമിച്ചു) |
ജീവിതപങ്കാളി(കൾ) | ജെന്നിഫർ കെൻഡൽ (1958–1984) (ക്യാൻസർ) |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ നടനും നിർമ്മാതാവുമായിരുന്നു ശശി കപൂർ എന്നറിയപ്പെടുന്ന ബൽബീർ രാജ് കപൂർ (ഹിന്ദി: शशि कपूर), (ജനനം: മാർച്ച് 18, 1938 - മരണം: ഡിസംബർ 4, 2017). ബോളിവുഡിലെ തന്നെ അഭിനേതാക്കളായ രാജ് കപൂർ, ഷമ്മി കപൂർ, എന്നിവർ സഹോദരന്മാരും, കരൺ കപൂർ, കുണാൽ കപൂർ, സഞ്ജന കപൂർ എന്നിവർ മക്കളുമാണ്. അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചിട്ടുള്ള ദീവാർ , ദോ ഓർ ദോ പാഞ്ച്, നമക് ഹലാൽ എന്നീ ചിത്രങ്ങൾ ബോളിവുഡ് ചരിത്രത്തിലെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
അഭിനയ ജീവിതം
[തിരുത്തുക]1940-കളിൽ ഒരു ബാല താരമായിട്ട് തന്നെ ശശി കപൂർ തന്റെ അഭിനയ ജീവിതം തുടങ്ങി. ഒരു നായകവേഷത്തിൽ 1961 ൽ യശ് ചോപ്ര സംവിധാനം ചെയ്ത ധർം പുത്ര് എന്ന ചിത്രത്തിലൂടെ അഭിനയിച്ചു. 1960 മുതൽ 1980 വരെ ബോളിവുഡിന്റെ പ്രിയപ്പെട്ട നായക നടനായി മാറാൻ ശശി കപൂറിന് കഴിഞ്ഞു. ശശി കപൂർ ഇതു വരെ 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ കാല ഘട്ടത്തിൽ ശശി കപൂർ ചില ഇംഗ്ലീഷ് ചിത്രങ്ങളിൽ അഭിനയിച്ചു.
1980-ൽ ശശി കപൂർ സ്വന്തമായി ഒരു ചലച്ചിത്രനിർമ്മാണ കമ്പനി തുടങ്ങി. ഫിലിം വാലാസ് എന്ന ഈ നിർമ്മാണ കമ്പനി, പല വിജയ ചിത്രങ്ങൾ നിർമ്മിച്ചു. 1998 ൽ ഇറങ്ങിയ ജിന്ന എന്ന ചിത്രമാണ് അവസാനം അഭിനയിച്ചത്.
സ്വകാര്യ ജീവിതം
[തിരുത്തുക]സ്കൂൾ ജീവിതം തീർന്നത് മുംബൈയിലെ ഡോൺ ബോസ്കോ സ്കൂളിലാണ്. 1958-ൽ ബ്രിട്ടീഷ് നടീയായ ജെന്നിഫർ കെൻഡലിനെ വിവാഹം ചെയ്തു. ഇവർ ഒരുമിച്ച് ആയിടയ്ക്ക് ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 1984-ൽ ജെന്നിഫർ കെൻഡൽ ക്യാൻസർ മൂലം മരണമടഞ്ഞു. അഭിനേതാക്കളായ കുനാൽ കപൂർ, കരൺ കപൂർ, സഞ്ജന കപൂർ എന്നിവരാണ് ഇവരുടെ മക്കൾ.
പ്രധാനപുരസ്ക്കാരം
[തിരുത്തുക]1948-ൽ ആഗിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചു. മൂന്ന് തവണ പ്രധാന നടനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചു. 1979ൽ ജുനൂൻ എന്ന ചിത്രത്തിന് മികച്ച നിർമ്മാതാവിനുള്ള പുരസ്ക്കാരം ലഭിച്ചു. 2011 ലെ പദ്മഭൂഷൺ പുരസ്ക്കാരം ലഭിച്ചു. 2014 ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം ശശികപൂറിനുലഭിച്ചു. 10 ലക്ഷം രൂപയും സുവർണ്ണകമലവുമാണ് ഫാൽക്കെ പുരസ്ക്കാരം.
മരണം
[തിരുത്തുക]ഏറെക്കാലം വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബുദ്ധിമുട്ടിയ ശശി കപൂർ ന്യുമോണിയബാധയെത്തുടർന്ന് 79-ആം വയസ്സിൽ 2017 ഡിസംബർ 4-ന് വൈകീട്ട് അഞ്ചരയോടെ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ വച്ച് അന്തരിച്ചു. ജ്യേഷ്ഠപുത്രനും പ്രസിദ്ധ ചലച്ചിത്രനടനുമായ രൺധീർ കപൂറാണ് വിവരം പുറത്തുവിട്ടത്. മൃതദേഹം പിറ്റേ ദിവസം പൂർണ ഔദ്യോഗിക ബഹുമതികളോടെ മുംബൈയിലെ സാന്താക്രൂസ് ശ്മശാനത്തിൽ സംസ്കരിച്ചു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Pages using infobox person with unknown empty parameters
- മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 1938-ൽ ജനിച്ചവർ
- 2017-ൽ മരിച്ചവർ
- മാർച്ച് 18-ന് ജനിച്ചവർ
- ഡിസംബർ 4-ന് മരിച്ചവർ
- ഹിന്ദി ചലച്ചിത്രനടന്മാർ
- ഹിന്ദി ചലച്ചിത്രസംവിധായകർ
- ഹിന്ദി ചലച്ചിത്ര നിർമ്മാതാക്കൾ
- ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ
- കപൂർ കുടുംബം