Jump to content

അക്കാന്തേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്കാന്തേസീ
Flowers of Odontonema cuspidatum
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: അക്കാന്തേസീ
Juss.[1][2]
Type genus
Acanthus
Subfamilies[1]
Synonyms
  • Avicenniaceae Miq., nom. cons.
  • Justiciaceae Raf.
  • Mendonciaceae Bremek.
  • Meyeniaceae Sreem.
  • Nelsoniaceae Sreem.
  • Thunbergiaceae Lilja[1]

ഒരു സസ്യകുടുംബമാണ് അക്കാന്തേസീ. ഉഷ്ണമേഖലയിലും സമീപപ്രദേശങ്ങളിലും വ്യാപകമായി കാണപ്പെടുന്നു. 240 ജീനസുകളും 2,200 സ്പീഷീസുമുണ്ട്. ഈ കുടുംബത്തിലെ സസ്യങ്ങളെല്ലാം മലേഷ്യ, ആഫ്രിക്ക, ബ്രസീൽ, മധ്യ അമേരിക്ക എന്നീ നാലു കേന്ദ്രങ്ങളിൽ നിന്നുമാണ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നതെന്ന് അനുമാനിക്കുന്നു. ഇവയിലധികവും അലങ്കാര സസ്യമായി നട്ടുവളർത്തുന്നു.[3]

അക്കാന്തേസീ കുടുംബത്തിൽ മുള്ളുള്ള ചിരസ്ഥായികളും മുള്ളില്ലാത്ത ദുർബല സസ്യങ്ങളും കുറ്റിച്ചെടികളും അപൂർവമായി മരങ്ങളും കണ്ടുവരുന്നു. ഇലകൾ സമ്മുഖ(opposite) മായി വിന്യസിച്ചിരിക്കുന്നതും സരളവും (simple) അനുപർണ (stipule) ങ്ങളില്ലാത്തവയുമാണ്. സസ്യശരീരഭാഗങ്ങളിൽ സിസ്റ്റോലിത് (Cystolith) സർവസാധാരണമായി കണ്ടുവരുന്നു. ഇവയ്ക്കു അസീമാക്ഷി (recemose), യുഗ്മശാഖിതം (dichasial cyme), മോനോക്കേഷ്യം (monochasium) എന്നീ പുഷ്പമഞ്ജരികളാണുള്ളത്. ദ്വിലിംഗികളും (bisexual) ഏകവ്യാസസമമിതങ്ങളുമായ പുഷ്പങ്ങൾക്കു സഹപത്രവും (bract) സഹപത്രകവും (bracteole) കാണുന്നു. വിദളങ്ങൾ തുലോം ചെറിയതാണ്. ഇവ സാധാരണയായി നാലോ അഞ്ചോ കാണാറുണ്ട്. തൻബർജിയ (Thunbergia)യിൽ ബാഹ്യദളങ്ങളില്ല. അഞ്ചു ദളങ്ങളും സംയോജിച്ചിരിക്കുന്നെങ്കിലും, അഗ്രഭാഗം അഞ്ചായി പിളർന്നിരിക്കും. ഇംബ്രിക്കേറ്റ് (imbricate) അഥവാ ട്വിസ്റ്റഡ് (twisted) രീതിയിലുള്ള പുഷ്പദള വിന്യാസമാണുള്ളത്. സാധാരണയായി ദളങ്ങൾ ദ്വിലേബിയവമാണ് (bilabiate); ലംബമായി നിൽക്കുന്ന മേൽച്ചുണ്ട് രണ്ടായി പിളർന്നിരിക്കുന്നു.[4]

Justicia aurea

ദ്വിദീർഘങ്ങളായ നാലുകേസരങ്ങൾ (stamens) കാണുന്നു. ഇവ ചിലപ്പോൾ രണ്ടും വിരളമായി അഞ്ചെണ്ണവും കാണാറുണ്ട്. ചിലവയിൽ സ്റ്റാമിനോഡു (staminode)കളും ഉണ്ട്. സ്ഥാനത്തിലും ആകൃതിയിലും പരാഗകോശങ്ങൾ വളരെ വ്യത്യസ്തങ്ങളാണ്; എല്ലാ കേസരങ്ങളിലും രണ്ടു പരാഗരേണുകോശ (anther lobe)ങ്ങളുണ്ട്. സാധാരണയായി പരാഗരേണുകോശം (anther behiscence) നെടുകെയാണ് പൊട്ടിത്തുറക്കുന്നത്. മധുനിറഞ്ഞ ഡിസ്ക് (disc) വളയമായോ ഗ്രന്ഥിമയമായോ കാണുന്നു. രണ്ടു ജനിപുടങ്ങൾ (pistile) ഉണ്ട്. ഇവ അധോജനിയും രണ്ടറകൾ ഉള്ളവയുമാണ്. ആക്സയിൽ (axile) ക്രമീകരണരീതിയിൽ അടുക്കിയിരിക്കുന്ന അണ്ഡങ്ങൾ, അണ്ഡാശയത്തിൽ രണ്ടു നിരയായി കാണുന്നു. വർത്തികാഗ്രം (stigma) പല വിധത്തിലിരിക്കുന്നു. സാധാരണയായി ഫലം ഒരു കോഷ്ടവിദാരകസമ്പുട (loculicidal capsule)മാണ്; ചിലപ്പോൾ, ആമ്രകവും (Drupe). ഭ്രൂണം വലുതും ബീജാന്നരഹിതവുമാണ്. സാധാരണയായി വിത്തുകൾ ഉൽക്ഷേപകത്തിൽ ബന്ധിച്ചിരിക്കുന്നു. അവയുടെ തള്ളൽകൊണ്ട് ഫലഭിത്തി പൊട്ടി വിത്തുകൾ നാലുവശത്തേക്കും തെറിച്ചുപോകുന്നു.[5]

ഇന്ത്യയിൽ സാധാരണയായി കണ്ടുവരുന്ന കനകാംബരം (Varleria trionitis), ആടലോടകം (Adhatoda vasica), കിരിയാത്ത് (Andrographis paniculata) തുടങ്ങിയ സസ്യങ്ങൾ ഈ സസ്യകുടുംബത്തിൽപെടുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Family: Acanthaceae Juss., nom. cons". Germplasm Resources Information Network. United States Department of Agriculture. 2003-01-17. Retrieved 2011-07-29.
  2. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x.
  3. http://www.britannica.com/EBchecked/topic/2703/Acanthaceae Science & Technology Acanthaceae
  4. http://delta-intkey.com/angio/www/acanthac.htm Archived 2006-02-02 at the Wayback Machine. The Families of Flowering Plants
  5. http://botany.csdl.tamu.edu/FLORA/cgi/gateway_family?fam=Acanthaceae Archived 2010-06-27 at the Wayback Machine. Selected list of genera in Acanthaceae
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കാന്തേസീ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അക്കാന്തേസീ&oldid=4109771" എന്ന താളിൽനിന്ന് ശേഖരിച്ചത്