Jump to content

അങ്കിൾ സാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കൻ ഐക്യനാടുകളുടെ മനുഷ്യരൂപത്തിലുള്ള കാർട്ടൂൺ ചിത്രത്തിന്റെ പേരാണ് അങ്കിൾ സാം.നരച്ചു വെളുത്ത മുടിയും താടിമീ‍ശയുമുള്ളൊരു വൃദ്ധൻ അമേരിക്കൻ ദേശീയ പതാകകൊണ്ട് തുന്നിയ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് നിൽക്കുന്ന ജനപ്രീതി നേടിയ ഈ കാർട്ടൂൺ രൂപത്തിന് അമേരിക്കയുടെ മുൻ പ്രസിഡന്റായ ആണ്ട്രൂ ജാക്സണിനോട് രൂപസാദൃശ്യമുണ്ട്.

ചരിത്രം

[തിരുത്തുക]

1812-ലെ യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിന് കാളയിറച്ചി വില്പന നടത്തിയ ന്യൂയോർക്കുകാരനായ “അങ്കിൾ സാം” വിൽ‌സൺ എന്നയാളിന്റെ പേരിൽ നിന്നാണീ‍ നാമം ഉണ്ടായതെന്ന് കരുതപ്പെടുന്നു.അമേരിക്കൻ ഗവൺമെന്റിന്റെ വസ്തുവകകളിൻമേൽ അടയാളപ്പെടുത്താറുള്ള യു.എസ്. (U.S.) എന്ന അക്ഷരങ്ങളിൽ നിന്നാണ് 'അങ്കിൾ സാം' ഉദ്ഭവിച്ചത് എന്നും ഒരു വാദമുണ്ട് . കപ്പൽതർക്കങ്ങളെ അടിസ്ഥാനമാക്കി 1812-ൽ ബ്രിട്ടനും അമേരിക്കയുമായി യുദ്ധം തുടങ്ങി. യുദ്ധത്തിൽ സൈന്യത്തിനുവേണ്ട സാധനങ്ങൾ സംഭരിക്കുന്നതിനും, അവ 'ട്രോയ്' എന്ന സ്ഥലത്ത് എത്തിക്കുന്നതിനും അമേരിക്കൻ ഗവൺമെന്റ് സാമുവൽ വിൽസൺ എന്നയാളെ ഇൻസ്പെക്ടറായി നിയമിച്ചു. ബന്ധുക്കളും സ്നേഹിതരും വിൽസണെ അങ്കിൾ സാം എന്ന് വിളിച്ചിരുന്നു. യുദ്ധസാമഗ്രികൾ അടക്കംചെയ്ത പെട്ടികളിൽ, സാധനങ്ങൾ കൊടുത്തുവന്നിരുന്ന കോൺട്രാക്ടറായ എൽബർട് ആന്റേഴ്സന്റെയും അമേരിക്കയുടെയും ആദ്യക്ഷരങ്ങളായ 'ഇ.എ.' എന്നും 'യു.എസ്.' എന്നും അടയാളപ്പെടുത്തിയിരുന്നു. 'ഇ.എ.', യു.എസ്. എന്നതിന്റെ അർഥമെന്തെന്ന ചോദ്യത്തിന് എൽബർട് ആന്റേഴ്സൺ, അങ്കിൾ സാം എന്നായിരിക്കുമെന്ന് ആരോ മറുപടി പറഞ്ഞു. പറഞ്ഞും കേട്ടും ഇത് രാജ്യമൊട്ടാകെ പ്രചരിച്ചു. അങ്ങനെ അമേരിക്കയ്ക്ക് 'അങ്കിൾ സാം' എന്ന പേരുണ്ടായി.1812-ലെ യുദ്ധത്തെ ന്യൂ ഇംഗ്ളണ്ടിലെ ഒരു നല്ല വിഭാഗം ആളുകൾ എതിർത്തിരുന്നു. ന്യൂഇംഗ്ളണ്ടിലെ രാഷ്ട്രീയപ്രവർത്തകരും പത്രങ്ങളും പുച്ഛത്തോടെ അമേരിക്കയെ 'അങ്കിൾ സാം' എന്നു വിളിച്ചിരുന്നു. സൈനികരുടെ കുപ്പായങ്ങളിലും ഗവൺമെന്റ് വസ്തുവകകളിലും യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നു സൂചിപ്പിക്കുന്ന യു.എസ്. എന്ന അക്ഷരങ്ങൾ അടയാളപ്പെടുത്തിയിരുന്നു. യു.എസ്. എന്ന അക്ഷരങ്ങൾക്ക് വിശദീകരണമായി 'അങ്കിൾ സാം' ഉപയോഗിച്ചുവന്നു. പരിഹാസത്തോടെയാണ് 'അങ്കിൾ സാം' എന്നു പറഞ്ഞുവന്നിരുന്നതെങ്കിലും പില്ക്കാലത്ത് ആ വിവക്ഷ തേഞ്ഞുമാഞ്ഞുപോയി. ഇന്ന് അത് സ്നേഹനിർഭരമായ ഒരു പേരായിപ്പോലും ഉപയോഗിക്കാറുണ്ട്. [1]

ചിത്രീകരണം

[തിരുത്തുക]

അമേരിക്കൻ ദേശീയപതാകയിലെപ്പോലെ വരകളും നക്ഷത്രങ്ങളുമുള്ള കുപ്പായമിട്ട്, നീണ്ട താടിമീശയോടെ നില്ക്കുന്ന ഉയരംകൂടിയ ഒരാളായാണ് അങ്കിൾ സാം ചിത്രീകരിക്കപ്പെടുക.

അവലംബം

[തിരുത്തുക]
  1. http://www.loc.gov/exhibits/treasures/trm015.html


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അങ്കിൾ സാം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അങ്കിൾ_സാം&oldid=1924125" എന്ന താളിൽനിന്ന് ശേഖരിച്ചത്