ആദെൽ ഷാ
ആദെൽ ഷാ | |
---|---|
Portrait of Adel Shah. From the St. Petersburg Album. Created in Iran, dated c. [1] | |
ഭരണകാലം | 6 July 1747 – 1 October 1748 |
മുൻഗാമി | നാദിർ ഷാ |
പിൻഗാമി | ഇബ്രാഹിം അഫ്ഷർ |
ജീവിതപങ്കാളി | Ketevan |
പിതാവ് | Ebrahim Khan |
മതം | Twelver Shia Islam |
അലി-ഖ്വോലി ഖാൻ ( പേർഷ്യൻ: علیقلیخان), അദ്ദേഹത്തിന്റെ രാജകീയ സ്ഥാനപ്പേരായ ആദെൽ ഷാ എന്നറിയപ്പെടുന്ന, (ആദിൽ; عادلشاه, "ദ ജസ്റ്റ് കിംഗ്" എന്നും അറിയപ്പെടുന്നു) 1747 മുതൽ 1748 വരെ ഭരണം വഹിച്ചിരുന്ന അഫ്‌ഷാരിദ് ഇറാനിലെ രണ്ടാമത്തെ ഷാ ആയിരുന്നു. അഫ്ഷാരിദ് രാജവംശത്തിന്റെ സ്ഥാപകനായ നാദിർ ഷായുടെ (ആർ. 1736-1747) പിൻഗാമിയും മരുമകനായിരുന്നു അദ്ദേഹം.
ആദെൽ ഷാ തന്റെ മുൻഗാമിയെക്കാൾ വളരെ ചെറിയ ഒരു രാജ്യമാണ് ഭരിച്ചത്. കിഴക്കൻ ഇറാനിൽ മാത്രം ഭദ്രമായിരുന്ന അദ്ദേഹത്തിൻറെ ഭരണം പിന്നീട് പടിഞ്ഞാറൻ ഇറാനിലും ഭദ്രമാക്കാൻ അദ്ദേഹം വൃഥാ ശ്രമിച്ചിരുന്നു. പടിഞ്ഞാറൻ ഇറാനിൽ ഇതിനകം തന്റെ ഭരണം സ്ഥാപിച്ച അദ്ദേഹത്തിൻറെ സഹോദരൻ ഇബ്രാഹിം അഫ്ഷർ അദ്ദേഹത്തെ ഉടൻ പുറത്താക്കുകയും സ്വയം ഷാ ആയി പ്രഖ്യാപിക്കുകയും ചെയ്തു.
കുടുംബവും ആദ്യകാലവും
[തിരുത്തുക]അഫ്‌ഷരിദ് സിംഹാസനം വിട്ടുപോകുന്നതിന് മുമ്പുള്ള അലി-ഖോലി ഖാന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിവില്ല.[2] ഇറാനിലെ അഫ്ഷാരിദ് രാജവംശത്തിന്റെ സ്ഥാപകനായിരുന്ന നാദിർ ഷായുടെ (ആർ. 1736-1747) സഹോദരൻ ഇബ്രാഹിം ഖാന്റെ മൂത്ത മകനായിരുന്നു അദ്ദേഹം.[3] 1736 മാർച്ച് 8-ന് നാദിർ ഷായുടെ കിരീടധാരണത്തിൽ പങ്കെടുത്തിരുന്ന അലി-ഖോലി ഖാൻ അവിടെ നാദിർ ഷായുടെ പട്ടാഭിഷേകത്തിൽ പങ്കെടുത്ത തൊട്ടടുത്ത വ്യക്തികളിൽ ഒരാളായിരുന്നു .[4]
1737-ൽ, അലി-ഖോലി ഖാന് മഷാദിന്റെ ഗവർണർ പദവി നൽകപ്പെടുകയും കൂടാതെ ജോർജിയൻ രാജാവായ ടെയ്‌മുറാസ് രണ്ടാമന്റെ (ആർ. 1732-1744) മകളായ കെതേവനെ വിവാഹം കഴിക്കുകയും ചെയ്തു. 1740-ൽ അദ്ദേഹം സമീപകാലത്ത് അഫ്ഷാരിഡുകൾ കീഴടക്കിയ ബുഖാറയിലെ ഖാനേറ്റിന്റെ ഭരണാധികാരി അബു അൽ-ഫൈസ് ഖാന്റെ (ആർ. 1711-1747) മകളെയും വിവാഹം കഴിച്ചു.[3] 1743 മുതൽ 1747 വരെയുള്ളകാലത്ത് കുർദിസ്ഥാനിലെ യസീദികൾക്കും കാരകൽപാക്സുകൾക്കും ഖ്വറാസ്മിലെയും സിസ്റ്റാനിലെയും ഉസ്‌ബെക്കുകൾക്കും എതിരെ അലി-കോലി ഖാൻ നാദറിന്റെ സൈന്യത്തെ നയിച്ചു. നാദറിന്റെ സംശയത്തോടൊപ്പം 100,000 ഇറാനിയൻ ടോമൻ തന്നിൽനിന്നും ഈടാക്കാനുള്ള അമ്മാവന്റെ തീരുമാനത്തെച്ചൊല്ലി അദ്ദേഹം പിന്നീട് പ്രശ്‌നത്തിലേർപ്പെട്ടു. 1747 ഏപ്രിലിൽ, സിസ്താനിലെ വിമതരുമായി ചേർന്ന്, അലി-കോലി ഖാൻ ഹെറാത്ത് പിടിച്ചടക്കുകയും കുർദുകളെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. വിമതർക്കെതിരെ മാർച്ച് നടത്തുന്നതിനിടെ നാദറിനെ കൊലപ്പെടുത്തിയ അദ്ദേഹത്തിന്റെ ഒരു കൂട്ടം ഉദ്യോഗസ്ഥർ തുടർന്ന് അലി-ഖ്വോലിക്ക് കിരീടം വാഗ്ദാനം ചെയ്തു.[3]
1747 ജൂൺ 21-ന് കലാപകാരികളാൽ നാദിർ ഷാ വധിക്കപ്പെട്ടു.[5][6] അദ്ദേഹത്തിന്റെ മരണം ഒരു അധികാര ശൂന്യതയിലേക്ക് നയിക്കുകയും തത്ഫലമായി അദ്ദേഹത്തിന്റെ വിശാലമായ സാമ്രാജ്യം അധികാരമോഹികൾക്കിടയിൽ വിഭജിക്കപ്പെടുകയും ചെയ്തു.[7] അദ്ദേഹത്തിന്റെ സാമ്രാജ്യത്തിൻറെ കിഴക്കൻ ഭാഗങ്ങൾ ഉസ്‌ബെക്ക്, അഫ്ഗാൻ പരമാധികാരികൾ പിടിച്ചെടുത്തു; നാദിർ ഷായുടെ ഒരു മുൻ ഉസ്ബെക്ക് കമാൻഡർ മുഹമ്മദ് റഹീം ഖാൻ മംഗിത്, അബു അൽ-ഫൈസ് ഖാനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് ബുഖാറയുടെ പുതിയ ഭരണാധികാരിയായി; അബ്ദാലി ഗോത്രത്തിന്റെ നേതാവും മുമ്പ് നാദിർ ഷായുടെ സൈന്യത്തിന്റെ അഫ്ഗാൻ കേഡറിന്റെ ഭാഗവുമായിരുന്ന അഹ്മദ് ഖാൻ, കാണ്ഡഹാറിലെ നാദിരാബാദ് നഗരത്തിലേക്ക് പലായനം ചെയ്തു. അവിടെ അദ്ദേഹം ദുർ-ഇ ദുറാൻ (മുത്തിന്റെ മുത്ത്) എന്ന പദവി ഏറ്റെടുക്കുകയും അങ്ങനെ തന്റെ അബ്ദാലി ഗോത്രത്തിന്റെ പേര് "ദുറാനി" എന്നാക്കി മാറ്റുകയും ചെയ്തു. അഹ്മദ് ഖാൻ (ഇപ്പോൾ അഹമ്മദ് ഷാ എന്ന് വിളിക്കപ്പെടുന്നു) പിന്നീട് സഫാവിദിനും മുഗൾ സാമ്രാജ്യത്തിനും ഇടയിൽ അതിർത്തി പ്രദേശമായി പ്രവർത്തിച്ചിരുന്ന പ്രദേശം കീഴടക്കി.[7] മഷാദിൽ, അതിന്റെ സിവിൽ ഗവർണറും ഇമാം റെസ ദേവാലയത്തിന്റെ സൂപ്രണ്ടുമായിരുന്ന മിർ സയ്യിദ് മുഹമ്മദ് അഫ്ഗാനികളെ നഗരത്തിന് പുറത്താക്കി, നാദിർ ഷായുടെ അനന്തരവനും അദ്ദേഹത്തിൻറെ കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കപ്പടുന്ന വ്യക്തിയുമായ അലി-ഖ്വോലി ഖാന് വേണ്ടി നഗരം സുരക്ഷിതമാക്കി.[8][9]
ഭരണം
[തിരുത്തുക]1747 ജൂലൈ 6-ന് അലി-ഖോലി ഖാൻ സിംഹാസനാരൂഢനാകുകയും സുൽത്താൻ അലി ആദേൽ ഷാ എന്ന രാജനാമം സ്വീകരിക്കുകയും ചെയ്തു.[10][9] ഏതാണ്ട് ഇതേ സമയത്തുതന്നെ അദ്ദേഹം കാലാട്ട് പിടിക്കാൻ ഒരു ചെറിയ സൈന്യത്തെ അയച്ചു. കോട്ട ഏതാണ്ട് അഭേദ്യമായിരുന്നുവെങ്കിലും ഗോപുരങ്ങളിലൊന്നിന്റെ അരികിൽ ഉപേക്ഷിക്കപ്പെട്ട ഒരു ഗോവണി ഉപയോഗിച്ച് സൈന്യം അത് തകർത്തതിനാൽ അവർക്ക് കോട്ടയ്ക്ക് ഉള്ളിൽ നിന്ന് സഹായമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നു. നാദിർ ഷായുടെ മൂന്ന് മക്കളും റെസ കോലി മിർസയുടെ അഞ്ച് മക്കളും നസ്‌റൊല്ല മിർസയുടെ എട്ട് മക്കളും ഉൾപ്പെട്ട നാദിർ ഷായുടെ പതിനാറ് പിൻഗാമികളെ അദേൽ ഷായുടെ ആളുകൾ കൂട്ടക്കൊല ചെയ്തു. നാദിർ ഷായുടെ രണ്ട് മക്കളായ നസ്‌റൊല്ല മിർസയും ഇമാം കോലി മിർസയും നാദിർ ഷായുടെ ചെറുമകനായ ഷാരോഖിനൊപ്പം (അന്ന് 14 വയസ്സായിരുന്നു) വിജയകരമായി രക്ഷപ്പെട്ടുവെങ്കിലും താമസിയാതെ അവർ മാർവ് നഗരത്തിന് സമീപത്തുവച്ച് പിടിക്കപ്പെട്ടു.[11] മറ്റുള്ളവരെ വധിച്ചപ്പോൾ, ഷാരോഖ് മാത്രമാണ് ഒഴിവാക്കപ്പെട്ടത്.[12][13] പകരം അദ്ദേഹത്തെ കാലാട്ടിലേക്ക് തിരിച്ചയക്കുകയും അവിടെ തടവിലാക്കുകയും ചെയ്തു. താമസിയാതെ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ വന്നു.[12]
മഷ്ഹദിൽ ആനന്ദിക്കുവാൻ ഇഷ്ടപ്പെട്ട ആദെൽ ഷാ തന്റെ ഇളയ സഹോദരൻ ഇബ്രാഹിം മിർസയെ ഇസ്ഫഹാനിന്റെയും പരിസരത്തിന്റെയും ഗവർണറായി നിയമിച്ചു. താമസിയാതെ, ഇബ്രാഹിം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അസർബൈജാൻ ഗവർണറായ തന്റെ കസിൻ അമീർ അസ്ലൻ ഖാൻ അഫ്ഷറുമായി ചേരുകയും ചെയ്തു. ആദെൽ ഷാ ഒടുവിൽ തന്റെ സഹോദരന്റെ അടുത്തേക്ക് നീങ്ങി, എന്നാൽ പട്ടാളക്കാരുടെ ഒളിച്ചോട്ടത്താൽ സേനാബലം ഗണ്യമായി നഷ്ടപ്പെടുകയും തൽഫലമായി (ജൂണിൽ 1748) തോൽവി സമ്മതിച്ച് ടെഹ്‌റാൻ പട്ടണത്തിലേക്ക് പലായനം ചെയ്തു. അവിടെ വെച്ച് അദ്ദേഹത്തെ പട്ടണത്തിൻറെ ഗവർണർ മിർസ മൊഹ്‌സെൻ ഖാൻ പിടികൂടി അന്ധനാക്കുകയും തുടർന്ന് മിർ സയ്യിദ് മുഹമ്മദിന് കൈമാറുകയും ചെയ്തു. മിർ സയ്യിദ് മുഹമ്മദ് ആദെൽ ഷായെ മഷാദിലേക്ക് തിരികെ കൊണ്ടുപോയി, അവിടെ ഒരു കൂട്ടം തുർക്കിക്, കുർദിഷ്, അറബ് ഗോത്ര നേതാക്കൾ അദ്ദേഹത്തിന്റെ അഭാവം മുതലെടുത്ത് ഒക്ടോബർ 1 ന് ഷാരൂഖിനെ പുതിയ ഷായായി പ്രഖ്യാപിച്ചു.[14][7][9] ഷാരോഖിന്റെയും നസ്‌റോള മിർസയുടെ അമ്മയുടെയും അഭ്യർത്ഥന മാനിച്ച് ആദേൽ ഷാ വധിക്കപ്പെട്ടു.[15]
അവലംബം
[തിരുത്തുക]- ↑ "The St. Petersburg Muraqqa'. Album of Indian and Persian Miniatures From the 16th Century and Specimens of Persian Calligraphy by 'Imad al-Hasani", Leonardo Arte, Milano 1996, pp. 122-123
- ↑ Barati 2019, പുറം. 44.
- ↑ 3.0 3.1 3.2 Perry 1983, പുറം. 452.
- ↑ Axworthy 2006, പുറം. 165.
- ↑ Tucker 2006, പുറങ്ങൾ. 102–103.
- ↑ Axworthy 2006, പുറങ്ങൾ. 279–281.
- ↑ 7.0 7.1 7.2 Nejatie 2017, പുറം. 496.
- ↑ Barati 2019, പുറം. 45.
- ↑ 9.0 9.1 9.2 Perry 1984, പുറങ്ങൾ. 587–589.
- ↑ Barati 2019, പുറങ്ങൾ. 45–46.
- ↑ Barati 2019, പുറം. 46.
- ↑ 12.0 12.1 Barati 2019, പുറങ്ങൾ. 46, 52.
- ↑ Perry 1979, പുറങ്ങൾ. 22.
- ↑ Barati 2019, പുറങ്ങൾ. 49–50.
- ↑ Barati 2019, പുറം. 49.