Jump to content

ഇഡ്ഡലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഡ്ഡലി
ഇഡ്ഡലി
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: പ്രാതൽ, ലഘുഭക്ഷണം
പ്രധാന ഘടകങ്ങൾ: ഉഴുന്ന്, അരി
വകഭേദങ്ങൾ : ബട്ടൺ ഇഡ്ഡലി, തട്ട് ഇഡ്ഡലി, സന്ന, സാമ്പാർ ഇഡ്ഡലി, റവ ഇഡ്ഡലി

ദക്ഷിണ ഭാരതത്തിലെ ഒരു ഭക്ഷണ വസ്തുവാണ് ഇഡ്ഡലി (ഇഡ്ലി, ഇഡലി, ഇഡ്ഢലി). (Kannada:ಇಡ್ಲಿ, Tamil:இட்லி, Telugu:ఇడ్లీ). അരിയും ഉഴുന്നും കുതിർത്തരച്ച മാവ് പുളിപ്പിച്ചശേഷം ആവിയിൽ വേവിച്ചുണ്ടാക്കുന്ന വെളുത്ത നിറത്തിലുള്ള മൃദുവായ ഒരു പലഹാരമാണിത്. മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ബർമ്മ തുടങ്ങിയ രാജ്യങ്ങളിലും ഇത് വ്യാപകമായി ഭക്ഷിച്ചൂവരുന്നു. ഗാർഹികമായി മാത്രം ഉണ്ടാക്കാറുണ്ടായിരുന്ന ഇഡലി ഇന്ന് വ്യാവസായികാടിസ്ഥാനത്തിലും നിർമ്മിച്ചൂവരുന്നു. ഇഡലി മാവും വ്യാവസായികാടിസ്ഥാനത്തിൽ ലഭ്യമാണ്. പൊതുവേ പ്രാതലായാണ് ഇഡലി കഴിക്കാറുള്ളത്. ചട്നിയും സാമ്പാറുമാണ്‌ ഇഡലിയോടൊപ്പം കഴിക്കുന്ന കറികൾ. ചെറുതായി ഉതിർത്ത ഇഡലിയിൽ മുളകുപൊടി വിതറി കറിവേപ്പിലയും ചേർത്ത് ചൂടാക്കിയും കഴിക്കാറുണ്ട്.

ചരിത്രം

[തിരുത്തുക]

ആധുനിക ഇഡലിയുടെ ഉദ്ഭവകഥ എന്താണെന്ന് ആർക്കും അറിയില്ലെങ്കിലും, അതിപുരാതന കാലം മുതൽക്കേ പ്രചാരത്തിലുണ്ടായിരുന്ന ഭക്ഷണമാണെന്ന് അറിയുന്നു[അവലംബം ആവശ്യമാണ്]. ക്രി.വ. 920-ആം ആണ്ടിൽ ശിവകോടി ആചാര്യ കന്നഡത്തിൽ എഴുതിയ ഒരു കൃതിയിൽ സമാനമായ ഒരു ഭക്ഷ്യവസ്തുവിനെ പറ്റി പരാമർശിക്കുന്നു. അതിൽ ഉഴുന്ന് മാത്രമാണ് ഉപയോഗിച്ചിരുന്നത്. കന്നട ഭാഷയിലെ 'വഡ്ഢാ രാധനെ' എന്ന കൃതിയിൽ ഇഡ്ഡലിയെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ക്രി.വ. 1025-ലെ ഒരു കൃതിയിൽ മോരിലിട്ട് കുതിർത്ത ഉഴുന്ന് അരച്ചതും, കുരുമുളക്, മല്ലി, പെരുങ്കായം എന്നിവ ചേർത്തതുമായ ഒരു തരം ഇഡലിയെ പറ്റി പറയുന്നു.

കന്നഡ ദേശ രാജാവായിരുന്ന സോമേശ്വര മൂന്നാമന്റെ കാലത്ത് (ക്രി.വ. 1130)സംസ്കൃതത്തിൽ തയ്യാറാക്കിയ മാനസോല്ലാസ എന്ന സർവ്വവിജ്ഞാനകോശത്തിൽ ഇഡലി ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. 17-ആം നൂറ്റാണ്ട് വരെ ഇഡലിയിൽ അരി ചേർത്തിരുന്നതിന് തെളിവുകൾ ഒന്നും തന്നെ ഇല്ല. അരി, മാവ് പുളിക്കലിനെ ത്വരിതപ്പെടുത്തുന്നത് കൊണ്ടാ‍വാം ചേർത്ത് തുടങ്ങിയത്.

പാകം ചെയ്യുന്ന വിധം

[തിരുത്തുക]
ഭക്ഷണശാലയിൽ ഇഡ്ഡലി പാചകം ചെയ്യുന്നു

പുഴുങ്ങലരിയും ഉഴുന്നും 4:1 എന്ന അനുപാതത്തിൽ (പച്ചരിയാണെങ്കിൽ 2:1 എന്ന അനുപാതത്തിൽ) പ്രത്യേകമായി 3-4 മണിക്കൂർ കുതിർക്കുക. അരകല്ല് ഉപയോഗിച്ച് ഇവയെ അരക്കുക. ഉപ്പ് ചേർത്ത് ഇളക്കുക. ഈ മാവ് പുളിക്കാനായി ഒരു രാത്രി സമയമെടുക്കും. പുളിച്ച് കഴിയുമ്പോൾ ഏകദേശം ഇരട്ടിയോളം അളവുണ്ടാകും. ഇഡലി ഉണ്ടാക്കാനുപയോഗിക്കുന്ന തട്ടങ്ങളിൽ നെയ്യോ എണ്ണയോ പുരട്ടി അതിലേക്ക് മാവൊഴിച്ച്, ഇഡലിച്ചെമ്പിൽ വച്ച് വേവിച്ചെടുക്കുക.

ഇതര രൂപങ്ങൾ

[തിരുത്തുക]

ഇഡലി തന്നെ റവ ഇഡലി, സാമ്പാർ ഇഡലി(സാധാരണ ഇഡ്ഡലി സാമ്പാറിൽ മുങ്ങി കുളിച്ച്), രസ ഇഡലി, നെയ്യ് ഇഡ്ഡലി (ആഡ്രാ), ഉലുവ ചേർത്തുള്ള ഇഡ്ഡലി(ഒരു കാലത്ത് സിനിമാനടി കുശ്ബുവിന്റെ പേരിൽ അറിയപ്പെട്ടിന്നു [1]) എന്നിങ്ങനെ പല രൂപത്തിലും ലഭിക്കുന്നു. . ചെന്നൈയിലെ മുരുകൻ ഇഡലി ഷോപ്പ്, ഇഡലി മാത്രം വിൽക്കുന്ന ഒരു കടയാണ്. അതിൽ നിന്നു തന്നെ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളിൽ ഇഡലിയുടെ സ്ഥാനം ഊഹിക്കാവുന്നതാണ്.

രാമശ്ശേരി ഇഡ്ഡലി

[തിരുത്തുക]

കേരളത്തിൽ പാലക്കാട് ജില്ലയിലുള്ള രാമശ്ശേരി എന്ന ഗ്രാമത്തിലാണ് രുചിയിൽ വളരെ വ്യത്യാസമുള്ള രാമശ്ശേരി ഇഡ്ഡലി എന്ന പ്രത്യേക തരം ഇഡ്ഡലിയുള്ളത്. പാലക്കാടുനിന്നും വാളയാറിലേയ്ക്കുള്ള വഴിയിൽ പുതുശ്ശേരിക്ക് അടുത്ത് എലപ്പുള്ളി പഞ്ചായത്തിലാണ് രാമശ്ശേരി എന്ന ഗ്രാമം. [2] പൊള്ളാച്ചി റൂട്ടിൽ കുന്നാച്ചി യിൽ നിന്നും രണ്ട് കിലോമീറ്റർ പോയാലും രാമശ്ശേരിയിൽ എത്താം. മന്ദത്ത് ഭഗവതിക്ഷെത്രം ഇവിടേ ആണ്. ഈ ഗ്രാമത്തിന്റെ പേര് തന്നെ ഈ ഇഡ്ഢലിപെരുമ കൊണ്ടാണ്. മുതലിയാർ സമുദായക്കാരാണ് ഇതുണ്ടാക്കുന്നത്. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്നും പാലക്കാട്ടേയ്ക്ക് കുടിയേറിയവരാണ് ഇവിടെയുള്ള മുതലിയാർ കുടുംബങ്ങൾ. മുമ്പ് 60 ഓളം കുടുംബങ്ങൾ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നുന്നെങ്കിൽ, ഇന്ന് നാലഞ്ചു കുടുംബങ്ങളേ ഈ ഇഡ്ഡലി ഉണ്ടാക്കുന്നുള്ളൂ.

രാമശ്ശേരി ഇഡ്ഡലി

ഉണ്ടാക്കുന്ന വിധം

[തിരുത്തുക]

പത്തുകിലോ പൊന്നി അരിക്ക് ഒന്നരകിലോ ഉഴുന്ന് പരിപ്പ് എന്ന കണക്കിലാണ് ഇതിന് ഉപയോഗിക്കുന്നത്. ഇതിൽ 50 ഗ്രാം ഉലുവ കൂടി ചേർത്ത്, ഇവ മുന്നും കൂട്ടി നന്നായി അരച്ച് വെക്കയ്ക്കണം. പിറ്റേ ദിവസം കാലത്ത് എടുത്ത് ഇഡ്ഡലി ഉണ്ടാക്കാം. പുറത്ത് പലരും മേൽപ്പറഞ്ഞ രീതിയിൽ ഇത് ഉണ്ടാക്കി പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഉണ്ടാക്കുന്ന രുചി ലഭിക്കാത്തത് കൊണ്ട് വെളിപ്പെടുത്തുന്ന ചേരുവകൾക്കപ്പുറം മറ്റെന്തൊ രഹസ്യമുണ്ടെന്ന് ജനങ്ങളുടെ അനുഭവം. വിറകടുപ്പിൽ അതും പുളി മരത്തിന്റെ വിറകാണ് ഇതിന് ഉപയോഗിക്കുന്നത്. മൺപാത്രത്തിന്റെ മുകളിൽ നുല് തലങ്ങനെയും വിലങ്ങനെയും കെട്ടി വെച്ചതിന്റെ മുകളിൽ തുണി വിരിക്കും അതിനു മുകളിലാണ് മാവ് കോരി ഒഴിക്കുന്നത്. തൊട്ടുമുകളിൽ നൂല് കെട്ടിയ മറ്റൊരു തട്ട് വെക്കും. അതിനു മുകളിലും മാവ് ഒഴിക്കും. ഇങ്ങനെ അഞ്ച് എണ്ണം വരെ വെക്കാം. ഇതെല്ലാം കൂടെ ആവി പുറത്തു പോകാത്ത രീതിയിൽ ഒരു പാത്രം കൊണ്ട് മൂടും. ആവിയിൽ നന്നായി വെന്ത ശേഷം ഇറക്കിവെച്ച് ഒരോന്നായി ഇളക്കിയെടുക്കും.[3]

പ്രത്യേകതകൾ

[തിരുത്തുക]

ഒരാഴ്ച വെച്ചാലും ഇത് കേടുവവരില്ലെന്ന് അവകാശപ്പെടുന്നു. ചമ്മന്തിപ്പൊടിയും കൂട്ടി രാമശ്ശേരി ഇഡ്ഡലി തിന്നുന്നതിന് പ്രത്യേക രുചിയാണ്. ഇപ്പോൾ വിദേശികളടക്കം നിരവധി പേർ രാമശ്ശേരി ഇഡ്ഢലിയുടെ രുചിയറിയാൻ ഇവിടെയെത്തുന്നുണ്ട്. കൂടാതെ കല്യാണം തുടങ്ങിയ ചടങ്ങുകൾക്കും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.ചിറ്റൂരി മുത്തശ്ശി എന്ന മുത്തശ്ശി രാമശ്ശേരി ഇഡ്ഢലി ഉണ്ടാക്കുന്നതിൽ പേരുകേട്ടവരാണ്.

ചിത്രസഞ്ചയം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-02. Retrieved 2009-04-24.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-24. Retrieved 2011-09-03.
  3. "പാലക്കാടൻ രുചിപ്പെരുമ (മാതൃഭൂമി യാത്ര)". Archived from the original on 2011-11-30. Retrieved 2011-09-03.


പുറത്തേയ്ക്കുള്ള കണ്ണി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇഡ്ഡലി&oldid=3819101" എന്ന താളിൽനിന്ന് ശേഖരിച്ചത്