Jump to content

ഇയോസിനോഫിൽ ശ്വേതരക്താണു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇയോസിനോഫിൽ കോശം (നടുക്ക്) നാല്പതിരട്ടി വലിപ്പത്തിൽ സൂക്ഷ്മദർശിനിയിലൂടെ കാണപ്പെടുന്നതിങ്ങനെ. മൂന്നു ദളങ്ങളായി പിരിഞ്ഞ കോശകേന്ദ്രമാണ് നീലനിറത്തിൽ നൂലുചുരുട്ടിയിരിക്കുന്നതുപോലെ കാണുന്നത്. കടുംചുവപ്പിൽ ബിന്ദുക്കളായി കാണുന്നത് കോശത്തിന്റെ കണികകളാണ്. നടുക്കുള്ള ഇയോസിനോഫിലിനു ചുറ്റിനും കാണുന്ന ചുവന്ന കോശങ്ങൾ അരുണരക്താണുക്കളാണ്, ഇടതു വശത്ത് മുകളിലായി രണ്ട് നീല കുത്തുകൾ പോലെ കാണുന്നത് പ്ലേറ്റ്ലെറ്റുകൾ

ഇയോസിനോഫിൽ കണികാമയകോശം, അഥവാ ഇയോസിനോഫിൽ അഥവാ ഇയോസിനോഫൈലുകൾ, എന്നത് ബഹുകോശ പരാദജീവികൾക്കെതിരെയും ചിലതരം സാംക്രമികരോഗങ്ങൾക്കെതിരെയും പോരാടുന്ന ഒരുകൂട്ടം ശ്വേതരക്താണുക്കളെ പറയുന്ന പേരാണ്. മാസ്റ്റ് കോശങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന ഇയോസിനോഫിലുകൾ പ്രത്യൂർജതയിലും ആസ്മയിലും നടക്കുന്ന ജൈവരാസപ്രക്രിയകളിൽ സുപ്രധാന പങ്കു വഹിക്കുന്നു. മറ്റു കണികാമയ ശ്വേതരക്താണുക്കളെ പോലെ മജ്ജയിലാണ് ഇയോസിനോഫിലുകളും ജനിക്കുന്നത്[1]. അതേത്തുടർന്ന് അവ പരിപക്വപ്പെടലിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് രക്തചംക്രമണവ്യൂഹത്തിലേക്ക് എത്തുന്നു.

അമ്ലഗുണപ്രധാനമായ (acidic) നിറങ്ങൾ കൂടുതലായി ആഗിരണം ചെയ്യുന്നതുകൊണ്ട് ഇവ അമ്ലരഞ്ജി അഥവാ അസിഡോഫൈലുകൾ എന്ന് വിളിക്കുന്നു. സാധാരണ അഭിരഞ്ജക (staining) രീതിയിൽ ഉപയോഗിക്കുന്ന ഇയോസിൻ എന്ന ചുവന്നതും അമ്ലപ്രധാനമായതുമായ നിറം ഈ കോശങ്ങളിലെ കണികകളെ (granules) കടുംചുവപ്പാർന്നതാക്കുന്നു. സൂക്ഷ്മദർശിനിയിൽ ചുവന്നനിറത്തിൽ കാണുന്നതുകൊണ്ടാണ് ഇവയെ ഇയോസിനോഫിലുകൾ (“ഇയോസിൻ ഇഷ്ടപ്പെടുന്നവ” എന്ന അർത്ഥത്തിൽ) വിളിക്കുന്നത്.

ചുവന്ന നിറത്തിൽ കാണപ്പെടുന്ന ഈ കണികകളിൽ ധാരാളം ജൈവരസങ്ങളടങ്ങിയിരിക്കുന്നു. ഹിസ്റ്റമിനേയ്സ്, ഇയോസിനോഫിൽ പെറോക്സിഡേയ്സ്, റൈബോന്യൂക്ലിയേസ്, ആർഎൻഏയ്സ്, ഡിയോക്സിറൈബോന്യൂക്ലിയേസ്, ലൈപേസ്, പ്ലാസ്മിനോജെൻ, മേജർ ബേസിക് പ്രോട്ടീൻ എന്നിവയാണ് ഈ കണികാധേയഘടകങ്ങളിൽ മുഖ്യം[2].

പരാദജീവികൾ പൊതുവേ ശ്വേതരക്താണുക്കൾക്ക് ഭക്ഷകക്രിയയിലൂടെ വിഴുങ്ങാൻ പറ്റാവുന്നതിനേക്കാൾ അനേകമടങ്ങ് വലിപ്പമുള്ളവയാണ്. എന്നാൽ കോശസ്തരത്തിലെ തന്മാത്രകളെ “കൊളുത്തകൾ” കണക്കെ ഉപയോഗിച്ച് ഇയോസിനോഫിൽ കോശങ്ങൾ പരാദജീവികൾക്കുമേൽ പറ്റിപ്പിടിച്ചു നിൽക്കുകയും പലതരം ജൈവരസങ്ങൾ ഉത്സർജ്ജിച്ച് അവയുടെ ബാഹ്യസ്തരത്തിനു കേടുപാടുകളുണ്ടാക്കുകയും അതുവഴി പരാദജീവിയെ കൊല്ലുകയും ചെയ്യുന്നു. വികണീകരണമെന്ന (degranulation) പ്രക്രിയയിലൂടെ കണികാധേയഘടകങ്ങളെ പുറത്തേയ്ക്ക് വിസർജ്ജിച്ചാണ് ഇയോസിനോഫിലുകൾ തങ്ങളുടെ ധർമ്മം നിർവഹിക്കാറ്. ആസ്മ, പ്രത്യൂർജത,തീവ്രഗ്രാഹിത (anaphylaxis) എന്നിങ്ങനെയുള്ള അവസ്ഥകളിൽ ഇയോസിനോഫിലുകൾ അമിതമായി പ്രതികരിക്കുന്നതുവഴി കോശനശീകരണവും അമിതമായ കോശജ്വലനവും സംഭവിക്കുന്നു[3].

മൊത്തം ശ്വേതരക്താണുക്കളുടെ ഏതാണ്ട് 1-6%വരെ ഇയോസിനോഫിൽ കോശങ്ങളാണ്. പരാദജീവികളുടെ ബാധയുണ്ടാകുന്ന സമയങ്ങളിൽ ഇവയുടെ എണ്ണം ബാഹ്യരക്തചംക്രമണ വ്യൂഹത്തിൽ വളരെയധികം വർദ്ധിക്കാം. ഇതിനെ ബാഹ്യ ഇയോസിനോഫീലിയ എന്ന് വിളിക്കുന്നു[4].

അവലംബം

[തിരുത്തുക]
  1. Dorman SC, Sehmi R, Gauvreau GM, et al; Kinetics of bone marrow eosinophilopoiesis and associated cytokines after allergen inhalation.Am J Respir Crit Care Med. 2004 Mar 1;169(5):565-72. Epub 2003 Dec 4.(PMID: 14656753)
  2. Hall JE.2006.Resistance of the Body to Infection: I. Leukocytes, Granulocytes, the Monocyte-Macrophage System,and Inflammation in Hall JE, Guyton AC, 2006.Textbook of Medical Physiology.Unit VI Blood Cells, Immunity, and Blood Clotting. Elsevier Saunders, Philadelphia. ISBN 0-7216-0240-1.11th ed.p.429-37.
  3. Leckie MJ, ten Brinke A, Khan J, et al: Effects of an interleukin-5 blocking monoclonal antibody on eosinophils, airway hyper-responsiveness, and the late asthmatic response. Lancet. 2000 Dec 23-30;356(9248):2144-8.(doi:10.1016/S0140-6736(00)03496-6.)
  4. Young, Barbara; Lowe, joseph o'connell; Stevens, Alan; Heath, John W. (2006). Wheater's Functional Histology (5 ed.). Elsevier Limited. ISBN 0-443-06850-X.