എഡ്ജ് (ബ്രൗസർ)
നിർമ്മാതാവ് | മൈക്രോസോഫ്റ്റ് |
---|---|
Stable release | 90.0.818.39 / 2021-04-15 |
Included with | വിൻഡോസ്, വിൻഡോസ് സെർവർ 2016 |
വെബ്സൈറ്റ് | www |
2015 ജൂലൈ 29-നു മൈക്രോസോഫ്റ്റ് പുറത്തിറക്കിയ വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ വെബ് ബ്രൗസറാണ് എഡ്ജ് (Edge).[1] വിൻഡോസിന്റെ പഴയ പതിപ്പുകളിലുണ്ടായിരുന്ന ഇന്റർനെറ്റ് എക്സ്പ്ലോററിനെ ഒഴിവാക്കി എഡ്ജ് എന്ന പുതിയ ബ്രൗസറിനെ ഉൾപ്പെടുത്തുകയായിരുന്നു.[1]
ബ്രൗസർ നിർമ്മാണം അതീവ രഹസ്യമായാണ് മൈക്രോസോഫ്റ്റ് കൈകാര്യം ചെയ്തത്.എഡ്ജിന്റെ നിർമ്മാണ ദൗത്യത്തിനു നിർമ്മാതാക്കൾ നൽകിയ രഹസ്യനാമം 'പ്രോജക്ട് സ്പാർട്ടൻ'(Project Spartan) എന്നായിരുന്നു.[2]
വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള എല്ലാ കമ്പ്യൂട്ടറുകളിലും ഫോണുകളിലും ടാബ്ലെറ്റുകളിലും എഡ്ജ് ലഭ്യമാണ്.എന്നാൽ വിൻഡോസിന്റെ പഴയ പതിപ്പുകളിൽ ഇതുപയോഗിക്കുവാൻ കഴിയില്ല.[3]
സവിശേഷതകൾ
[തിരുത്തുക]മികച്ച പ്രവർത്തനശേഷി
[തിരുത്തുക]ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ്, സഫാരി, ഓപ്പെറ തുടങ്ങിയ പ്രധാനപ്പെട്ട ബ്രൗസറുകളെക്കാളും വേഗതയും കാര്യക്ഷമതയും എഡ്ജിനു കൂടുതലാണ്.[4]
ഫ്യൂച്ചർമാർക്ക് പീസ്കീപ്പർ ബ്രൗസർ പെർഫോമൻസ് ടെസ്റ്റിൽ എഡ്ജിനു 1248 സ്കോർ ലഭിച്ചപ്പോൾ ഗൂഗിൾ ക്രോമിനു ലഭിച്ചത് 447 സ്കോർ മാത്രമായിരുന്നു.[4] അതായത് എഡ്ജിനു ക്രോമിനേക്കാൾ 112% പ്രവർത്തന മികവ് കൂടുതലാണ്.[5]
ഇ-റീഡർ
[തിരുത്തുക]എഡ്ജ് ബ്രൗസറിലുള്ള ഒരു സംവിധാനമാണ് ഇ-റീഡർ. വെബ് പേജുകൾ തുറക്കുമ്പോൾ അക്ഷരങ്ങളെ മാത്രം വലുതാക്കി പ്രദർശിപ്പിക്കുന്നതിനുള്ള സംവിധാനം.അനാവശ്യ പരസ്യങ്ങളും ബാനറുകളും ഒഴിവാക്കി വായന സുഗമമാക്കുവാൻ ഇത് സഹായിക്കുന്നു.
യു.ആർ.എൽ.ബാറിനു മുകളിൽ വലതുവശത്തായി കാണുന്ന 'ഓപ്പൺ ബുക്ക്' ഐക്കണീൽ ക്ലിക്കു ചെയ്ത് ഈ സംവിധാനം ഉപയോഗിക്കുവാൻ കഴിയും. വായിച്ച ഭാഗങ്ങൾ ബുക്ക്മാർക്ക് ചെയ്തു വയ്ക്കുകയാണെങ്കിൽ പിന്നീട് ഇന്റർനെറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കാം.[4]
വെബ് നോട്ട്
[തിരുത്തുക]മറ്റു ബ്രൗസറുകളിൽ ഇല്ലാത്ത ഒരു സംവിധാനമാണിത്.[4] ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ തന്നെ വെബ് പേജിൽ കുറിപ്പുകൾ ചേർക്കുവാനും ചിത്രങ്ങൾ വരയ്ക്കുവാനും സഹായിക്കുന്ന സംവിധാനം. മാത്രമല്ല പ്രധാനപ്പെട്ട ഭാഗങ്ങളെ ഹൈലൈറ്റു ചെയ്യുവാനും സാധിക്കും.ഇവയെല്ലാം ചെയ്തു കഴിഞ്ഞ് പേജ് സേവുചെയ്തു മറ്റുള്ളവർക്ക് അയച്ചുകൊടുക്കുവാനും കഴിയും (സോഷ്യൽ മീഡിയ ഷെയറിംഗ്). [4] [2] ഈ സംവിധാനം ഉപയോഗിക്കുവാനായി ടൂൾബാറിലെ 'പേനയും കടലാസും' ഐക്കണിൽ ക്ലിക്കുചെയ്താൽ മതി. [4]
കോർട്ടാന
[തിരുത്തുക]എഡ്ജ് ബ്രൗസറിലെ ഏറ്റവും പ്രധാനപ്പെട്ട സംവിധാനമാണ് കോർട്ടാന (Cortana). ഗൂഗിളിന്റെ ഗൂഗിൾ നൗ, ആപ്പിളിന്റെ സിരി എന്നിവപോലുള്ള ഒരു സംവിധാനമാണിത്.[6] വിൻഡോസ് ഫോണുകളിലുള്ള വോയിസ് അസിസ്റ്റന്റ് സോഫ്റ്റ്‌വെയറായ കോർട്ടാന ഇപ്പോൾ വിൻഡോസ് 10-ലൂടെ കമ്പ്യൂട്ടറുകളിലേക്കും എത്തിയിരിക്കുകയാണ്.[4]
ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്തു എന്തെങ്കിലും വാക്കുകളെക്കുറിച്ച് സംശയമുണ്ടായാൽ പുതിയ വിൻഡോ തുറന്ന് സെർച്ച് ചെയ്യുന്നത് ഇല്ലാതാക്കുവാൻ കോർട്ടാനയിലൂടെ സാധിക്കും. സംശയമുള്ള വാക്കുകൾ കോർട്ടാനയുടെ സെർച്ച് ബോക്സിൽ ടൈപ്പുചെയ്യുകയോ മൈക്രോഫോണിലൂടെ പറയുകയോ ചെയ്യാം. ഉടൻ തന്നെ ഒരു ചെറിയ വിൻഡോയിൽ വാക്കുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രത്യക്ഷപ്പെടും. [4] [6]
ഇന്റർനെറ്റ് എക്സ്പ്ലോററും എഡ്ജും
[തിരുത്തുക]മൈക്രോസോഫ്റ്റ് വിൻഡോസിന്റെ പഴയ ബ്രൗസറായിരുന്ന ഇന്റർനെറ്റ് എക്സ്പ്ലോററിനു അനേകം പോരായ്മകളുണ്ടായിരുന്നു. വേഗമുള്ള ഇന്റർനെറ്റ് കണക്ഷനിൽപ്പോലും വെബ് പേജുകൾ തുറന്നു വരുന്നതിനുള്ള കാലതാമസം, ഒന്നിലേറെ പേജുകൾ തുറന്നാൽ ബ്രൗസർ നിശ്ചലമാകുന്ന അവസ്ഥ (ക്രാഷ്), സ്ക്രീനിനു മുകളിലെ അനാവശ്യ ഓപ്ഷനുകൾ, സുരക്ഷാ പ്രശ്നങ്ങൾ, എന്നിവയെല്ലാം എക്സ്പ്ലോററിന്റെ പോരായ്മകളായിരുന്നു. ഇവയെല്ലാം പരിഹരിച്ചുകൊണ്ടാണ് എഡ്ജ് അവതരിപ്പിച്ചിരിക്കുന്നത്.
ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ ലോഗോയിലെ നീല നിറത്തിലുള്ള 'e' എന്ന അക്ഷരം തന്നെയാണ് എഡ്ജിന്റെ ലോഗോയ്ക്കുമുള്ളത്. എന്നാൽ ഇതിന്റെ നിറം കടും നീലയാണ്.[7]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 'സൗജന്യ അപ്ഗ്രേഡ്:190 രാജ്യങ്ങളിൽ വിൻഡോസ് 10', മലയാള മനോരമ, കൊല്ലം എഡിഷൻ, 2015 ജൂലൈ 30, പേജ്-13
- ↑ 2.0 2.1 'മൈക്രോസോഫ്റ്റിന്റെ പുതിയ ബ്രൗസറിന്റെ പേര് എഡ്ജ്', മനോരമ ന്യൂസ്, 2015 ഏപ്രിൽ 30, ശേഖരിച്ചത്-2015 ഓഗസ്റ്റ് 14
- ↑ 'Goodbye Internet Explorer ; Hello Edge', The Hindu, 2015 May 1, ശേഖരിച്ചത്-2015 ഓഗസ്റ്റ് 14[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 4.7 'വിൻഡോസ് 10-ന് എഡ്ജ് മികവ് ; വിമർഷവുമായി മോസില്ല', മാതൃഭൂമി നഗരം, കൊല്ലം എഡിഷൻ, 2015 ഓഗസ്റ്റ് 5, പേജ്-4
- ↑ "'മിന്നൽ വേഗവുമായി മൈക്രോസോഫ്റ്റ് എഡ്ജ്', കേരള കൗമുദി, 2015 ജൂലൈ 22, ശേഖരിച്ചത്-2015 ഓഗസ്റ്റ് 14". Archived from the original on 2015-07-24. Retrieved 2015-08-15.
- ↑ 6.0 6.1 "'എഡ്ജ് ബ്രൗസറും സ്റ്റാർട്ട് മെനുവുമായി വിൻഡോസ് 10 എത്തി.', മാധ്യമം, 2015 ജൂലൈ 30, ശേഖരിച്ചത്-2015 ഓഗസ്റ്റ് 14". Archived from the original on 2015-08-20. Retrieved 2015-08-15.
- ↑ "'എഡ്ജ് ബ്രൗസർ ചരിത്രം കുറിക്കുമെന്ന് മൈക്രോസോഫ്റ്റ്', ഏഷ്യാനെറ്റ് ന്യൂസ്, 2015 ജൂലൈ 16, ശേഖരിച്ചത്-2015 ഓഗസ്റ്റ് 14". Archived from the original on 2016-03-05. Retrieved 2021-08-11.
പുറംകണ്ണികൾ
[തിരുത്തുക]- മൈക്രോസോഫ്റ്റ് എഡ്ജിന്റെ ഔദ്യോഗിക വെബ്സൈറ്റ് Archived 2015-08-18 at the Wayback Machine.