കണ്ണീർ വാതകം
കണ്ണിൽ നീരും നീറ്റലും സൃഷ്ടിക്കാൻ കഴിയുന്ന രാസപദാർഥങ്ങളെ കണ്ണീർ വാതകം എന്നു വിളിക്കുന്നു. ഗ്രനേഡുകളിലും ഷെല്ലുകളിലും ടിയർ ഗ്യാസ് (കണ്ണീർ വാതകം) നിറയ്ക്കാറുണ്ട്. പേരു സൂചിപ്പിക്കുന്നതു പോലെ ഇതൊരു വാതകമാകണമെന്നില്ല. കണ്ണീർഗ്രന്ഥികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഖരമോ ദ്രവമോ ആയ രാസപദാർഥങ്ങൾ ഉൾക്കൊണ്ട വെടിയുണ്ടകൾ ഉതിർക്കുമ്പോൾ അവ പൊട്ടിത്തെറിച്ച് തീരെ ചെറുകണിക കളായി വ്യാപിച്ച് ആകാശത്ത് പുകപടലം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അധിശോഷണക്ഷമതയുള്ള കാർബൺ അടങ്ങുന്ന ശ്വസന മറകളുപയോഗിച്ച് ടിയർ ഗ്യാസിനെ പ്രതിരോധിക്കാനാവും.
ചരിത്രം
[തിരുത്തുക]ഒന്നാം ലോകയുദ്ധകാലത്ത് ജർമൻകാരാണ് ഒരു രാസായുധമായി ടിയർ ഗ്യാസ് ആദ്യമുപയോഗിച്ചത്. ഡൈ അനിസിഡീൻ ക്ലോറോ സൾഫോണേറ്റാണ് അന്ന് ഉപയോഗപ്പെടുത്തിയിരുന്നത്. പ്രഭാവം ദീർഘസമയത്തേക്കുണ്ടാവില്ല എന്നതും വളരെ ചെറിയ തോതിലുള്ള ശാരീരികാസ്വാസ്ഥ്യമേ സൃഷ്ടിക്കുന്നുള്ളു എന്നതും ഒരു രാസായുധം എന്ന നിലയിൽ ടിയർ ഗ്യാസിന്റെ പോരായ്മകളായിപ്പറയാം. അക്രമാസക്തമായ ആൾക്കൂട്ടത്തെ പിരിച്ചു വിടാനും അക്രമികളെ ഒളിത്താവളങ്ങളിൽ നിന്നു പുറത്തു ചാടിക്കാനും പോലീസ് ടിയർ ഗ്യാസ് പ്രയോഗിക്കാറുണ്ട്.
രാസഘടകങ്ങൾ
[തിരുത്തുക]ആസിഡ് ഹാലൈഡുകൾ, അൻഹൈഡ്രൈഡുകൾ, അലൈൽ ഗ്രൂപ്പും (CH2 = CH-) ഒരു ഹാലജനുമടങ്ങുന്ന സംയുക്തങ്ങൾ എന്നിവയൊക്കെ കണ്ണുനീർഗ്രന്ഥിയെ പ്രകോപിപ്പിക്കാനുതകുന്നവയാണ്. പക്ഷേ അക്രമങ്ങൾ നിയന്ത്രിക്കുന്നതിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണമെങ്കിൽ ഒരു ടിയർ ഗ്യാസിനു താഴെ പറയുന്ന സവിശേഷ ഗുണങ്ങൾ ഉണ്ടായിരിക്കണം.
- വളരെ ചെറിയ അളവിൽ തന്നെ പ്രഭാവം ഉളവാക്കാനാകണം.
- പ്രയോഗിച്ച് അധികം വൈകാതെ തന്നെ ലക്ഷണങ്ങൾ പ്രകടമാകണം
- കണ്ണ്, ത്വക്ക്, ശ്വാസനാളം എന്നീ വ്യത്യസ്ത പഥങ്ങളിലൂടെയുള്ള ആഗിരണം ഒരുപോലെ പ്രഭാവം ഉളവാക്കണം,
- ദീർഘകാലം സംഭരിച്ചു വയ്ക്കാൻ സാധിക്കുന്നതാവണം,
- ഗ്രനേഡുകളിലും ഷെല്ലുകളിലും എളുപ്പത്തിൽ നിറയ്ക്കാൻ സാധിക്കുന്നതാവണം.
ഓർത്തോക്ലോറോ ബൻസിലിഡീൻ മലാനോനൈട്രൈൽ, ഈതൈൽ ബ്രോമോ അസറ്റോൺ, ബ്രോമോഅസറ്റോൺ, ബെൻസൈൽ ബ്രോമൈഡ്, αബ്രേമോ ബെൻസൈൽ സയനൈഡ് എന്നിവ പ്രധാന ടിയർ ഗ്യാസുകളാണ്.
ഇന്നു വ്യാപകമായി ഉപയോഗിക്കുന്ന ടിയർ ഗ്യാസ് α ക്ലോറോ അസറ്റോ ഫിനോൺ (C6H5COCH2Cl) ആണ്. 1 മീ.3 വായുവിൽ 10 മി. ഗ്രാം എന്ന അളവിൽത്തന്നെ ഇതു കാര്യക്ഷമമായി പ്രവർത്തിക്കും. 5 മി. ഗ്രാം/സെ. മീ3 എന്ന അളവിൽ α - ബ്രോമോ ബെൻസൈൽ സയനൈഡും സാധാരണ ഉപയോഗിക്കാറുണ്ട്. ടിയർ ഗ്യാസുകൾ ശ്വസിച്ചാലുടൻ നെഞ്ചെരിച്ചിലും കണ്ണുവേദനയും ഉണ്ടാവുന്നു. കണ്ണു തുറക്കാൻ സാധിക്കുകയില്ല. മൂക്കിലും വായിലും എരിച്ചിലും നീറ്റലും അനുഭവപ്പെടും. ശുദ്ധവായു ശ്വസിച്ചാൽ 5 - 10 മിനിട്ടുകൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ അപ്രത്യക്ഷമാകും. എല്ലാ ടിയർ ഗ്യാസുകളുടേയും പ്രഭാവം താത്കാലികമാണ്.
പുറംകണ്ണികൾ
[തിരുത്തുക]- tear gas
- Tear Gas & Medical info for Protesters Archived 2010-12-04 at the Wayback Machine.
- tear gas, What is tear gas?
- Chemicals In Defensive Sprays Archived 2010-11-28 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ കണ്ണീർ വാതകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |