Jump to content

നയതന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The United Nations, with its headquarters in New York City, is the largest international diplomatic organization.
Ger van Elk, Symmetry of Diplomacy, 1975, Groninger Museum.

രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളും ഇടപാടുകളും സമാധാനപരമായി കൈകാര്യം ചെയ്യുന്ന സമ്പ്രദായമാണ് നയതന്ത്രം. ആധുനിക കാലത്ത് ഇത് വളരെയേറെ വ്യവസ്ഥാപിതമായിരിക്കുന്നു. അന്താരാഷ്ട്ര ബന്ധങ്ങളെ കൂടിയാലോചനകളിൽക്കൂടെ സുഗമമാക്കുന്നതിന് നയതന്ത്രജ്ഞർ സ്വീകരിക്കുന്ന മാർഗവും, നയതന്ത്രജ്ഞന്റെ പ്രവർത്തനശൈലിയും നയതന്ത്രമെന്നുതന്നെയാണ് അറിയപ്പെടുന്നത്. അന്താരാഷ്ട്രബന്ധങ്ങളെ സൈനികബലം മാത്രം നിയന്ത്രിക്കുന്നത് ഒഴിവാക്കാൻ നാഗരികത കണ്ടുപിടിച്ച ഏറ്റവും നല്ല മാർഗ്ഗമാണ് നയതന്ത്രം.

സാമാന്യാർഥത്തിൽ, ഒരു സ്ഥിതിവിശേഷത്തെയോ, ഒരു പ്രശ്നത്തെയോ സമർഥമായി കൈകാര്യം ചെയ്യാനുള്ള കഴിവിനെയും നയതന്ത്രമെന്ന് വിശേഷിപ്പിക്കുന്നു.

ചിലപ്പോഴൊക്കെ നയതന്ത്രത്തെ വിദേശനയമെന്ന അർഥത്തിൽ ഉപയോഗിക്കുന്നത് ശരിയല്ല. ഒരു രാജ്യത്തിന് മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ ഉള്ളടക്കം, ലക്ഷ്യം, സ്വഭാവം, സമീപനം എന്നിവ അടങ്ങിയതാണ് വിദേശനയം. നയതന്ത്രമെന്നത് ഇവ പ്രാവർത്തികമാക്കാനുള്ള മാർഗവും ഉപകരണവുമാണ്. വിദേശനയം നടപ്പാക്കുന്നത് നയതന്ത്രത്തിലൂടെയാണ്. ആ നിലയിൽ നയതന്ത്രം ഒരു രാഷ്ട്രത്തിന്റെ ഉപകരണം മാത്രമല്ല, രാഷ്ട്രവ്യവസ്ഥിതിയുടെ സ്ഥാപനങ്ങളിലൊന്നുകൂടിയാണ്.

നയതന്ത്രമെന്നതുകൊണ്ട് സാധാരണ അർഥമാക്കുന്നത് സാർവദേശീയ തലത്തിലെ പ്രവർത്തനമാണ്. സമാധാനം, യുദ്ധം, വ്യാപാരം, സമ്പത്ക്രമം, സംസ്കാരം തുടങ്ങിയ കാര്യങ്ങളിലൊക്കെ രാഷ്ട്രങ്ങൾ തമ്മിലും ബഹുപക്ഷീയമായും ധാരണകളും, കരാറുകളുമൊക്കെ ഉണ്ടാക്കുന്നത് നയതന്ത്രപ്രവർത്തനങ്ങളിലൂടെയാണ്.

യൂറോപ്പിൽ രാഷ്ട്രവ്യവസ്ഥിതി ഉദയം ചെയ്ത 15-ാം നൂറ്റാണ്ടുമുതൽതന്നെ രാഷ്ട്രങ്ങൾ തമ്മിലുള്ള സ്ഥിരമായ സമ്പർക്കങ്ങൾക്കും ബന്ധങ്ങൾക്കും സ്ഥാപനപരമായ വ്യവസ്ഥിതി രൂപമെടുത്തു. യുദ്ധങ്ങൾ ഈ ബന്ധങ്ങളെ തടസ്സപ്പെടുത്തിയപ്പോഴും പ്രധാന സംവേദനമാർഗ്ഗം നയതന്ത്രം തന്നെയായിരുന്നു. പ്രത്യേകപരിശീലനം ലഭിച്ചവർ ഉൾപ്പെട്ട നയതന്ത്രസേവനസമ്പ്രദായവും സ്ഥാപിക്കപ്പെട്ടിരുന്നു. വിവരങ്ങൾ ശേഖരിക്കുവാനും, നയങ്ങളും പ്രവർത്തനങ്ങളും വ്യാഖ്യാനിക്കുവാനും, സൈനികവും രാഷ്ട്രീയവുമായ താത്പര്യങ്ങൾ സംരക്ഷിക്കുവാനും, വാണിജ്യവും വ്യാപാരബന്ധങ്ങളും പ്രോത്സാഹിപ്പിക്കുവാനുമായിരുന്നു ഇത്. വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയെന്നത് ആദ്യം മുതൽതന്നെ നയതന്ത്രത്തിന്റെ ഒരു പ്രധാനഭാഗമായിരുന്നു. പല രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ തുടക്കം വ്യാപാരത്തിലായിരുന്നു.

ഒരു രാഷ്ട്രത്തിന്റെ താത്പര്യങ്ങൾ മറ്റൊരു രാജ്യത്ത് പ്രതിനിധാനം ചെയ്യുന്നതുകൂടാതെ അവ തമ്മിലുള്ള ബന്ധങ്ങളിലെ ലക്ഷ്യങ്ങളും സാധ്യതകളും പ്രശ്നങ്ങളുമൊക്കെ വ്യക്തമാക്കുകയെന്നതും നയതന്ത്രത്തിന്റെ ഭാഗമാണ്. മാത്രവുമല്ല, അന്താരാഷ്ട്ര വ്യവസ്ഥിതിയെ നിയന്ത്രിക്കുന്ന നിയമങ്ങളും നടപടിക്രമങ്ങളും സ്ഥാപിക്കുന്നതും പരിരക്ഷിക്കുന്നതും നയതന്ത്രത്തിന്റെ ഭാഗമാണ്. ആ അർഥത്തിൽ സാർവദേശീയനിയമത്തിന്റെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രവർത്തനം സുഗമമാക്കുകയെന്നതും നയതന്ത്രത്തിന്റെ ഭാഗമാണ്.

ഒരു രാഷ്ട്രത്തിന്റെ നയതന്ത്രമാർഗങ്ങളും സൈനികമാർഗങ്ങളും വിഭിന്നമാണെങ്കിലും പല ശക്തികളുടെയും കാര്യത്തിൽ ചില ഘട്ടങ്ങളിലെങ്കിലും ഇവ തമ്മിലുള്ള ബന്ധം വളരെ ശക്തമാകുന്നു. സൈനികഭീഷണി നിലനിർത്തിക്കൊണ്ടുള്ള നയതന്ത്രമുണ്ട്; യുദ്ധസന്നാഹത്തിനുള്ള നയതന്ത്രമുണ്ട്; സൈനികസന്നാഹത്തിനുള്ള നയതന്ത്രമുണ്ട്; സൈനികസഖ്യമുണ്ടാക്കാനുള്ള നയതന്ത്രമുണ്ട്. യുദ്ധത്തിനുശേഷം സമാധാനത്തിനുള്ള നയതന്ത്രവുമുണ്ട്. ഒരു രാജ്യത്തിന്റെ വിദേശനയത്തെ പ്രതിരോധനയത്തിനുകീഴിലാക്കുമ്പോൾ നയതന്ത്രം സൈനികലക്ഷ്യങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. യഥാർഥത്തിൽ പ്രതിരോധനയം വിദേശനയത്തിന്റെ കീഴിലായിരിക്കണം.

അടുത്തും അകലെയുമുള്ള ഭരണാധികാരികളോട്-നിലവിലിരുന്ന ഗതാഗത മാർഗങ്ങളിലൂടെ എത്തിച്ചേരാവുന്ന രാജ്യങ്ങളിൽ - ബന്ധങ്ങൾ പുലർത്താൻ ശ്രമിക്കുക എന്നത് പ്രാചീന കാലംമുതൽ ഭരണാധികാരികൾ ചെയ്തിരുന്നു. ആദ്യത്തെ നഗരരാഷ്ട്രങ്ങൾ സഹസ്രാബ്ദങ്ങൾക്കുമുമ്പ് രൂപം പ്രാപിച്ചപ്പോൾ മുതൽ ഇത് തുടങ്ങിയതാണ്. പക്ഷേ നവോത്ഥാനകാലഘട്ടം വരെ നയതന്ത്രപ്രതിനിധികളെ മറ്റു രാഷ്ട്രങ്ങളിലേക്ക് അയയ്ക്കുന്നത് പ്രത്യേക ദൗത്യങ്ങൾക്കായിരുന്നു. ദൌത്യം പൂർത്തിയായാൽ പ്രതിനിധി സ്വന്തം രാജ്യത്ത് തിരിച്ചെത്തും. പ്രതിനിധികൾ രാജവംശത്തിൽപ്പെട്ടവരോ ഉന്നതകുലജാതരോ ആയിരിക്കും.

ആധുനികനയതന്ത്രത്തിന്റെ തുടക്കം നവോത്ഥാന കാലഘട്ടത്തിന്റെ ആരംഭത്തിലാണ്. വടക്കൻ ഇറ്റലിയിലെ നഗരരാഷ്ട്രങ്ങളിലായിരുന്നു സ്ഥിരം സ്ഥാനപതികളെ അയയ്ക്കുകയെന്ന രീതി തുടങ്ങിയത്. പുതിയ സമ്പ്രദായത്തിനും, നയതന്ത്രത്തിന്റെ പ്രമാണങ്ങളുടെ ആദ്യരൂപത്തിനും നേതൃത്വം നല്കിയത് മിലാനായിരുന്നു. ആദ്യത്തെ സ്ഥാനപതി സ്ഥാപനങ്ങൾ-എംബസികൾ-13-ാം നൂറ്റാണ്ടിൽ സ്ഥാപിതമായി. ആധുനിക നയതന്ത്രത്തിന്റെ പല പാരമ്പര്യങ്ങളും ആരംഭിച്ചത് ഇറ്റലിയിലാണ്.

ഇറ്റലിയിൽനിന്ന് ഈ സമ്പ്രദായം മറ്റു യുറോപ്യൻ രാഷ്ട്രങ്ങളിലേക്കു വ്യാപിച്ചു. പ്രധാന യൂറോപ്യൻ രാജ്യങ്ങൾ പരസ്പരം സ്ഥാനപതികളെ അയച്ചുതുടങ്ങി. ഒരു സ്ഥിരം പ്രതിനിധിയെ ആദ്യം അയച്ചത് സ്പെയിനായിരുന്നു - 1487-ൽ ഇംഗ്ലണ്ടിലേക്ക്. ആ കാലഘട്ടത്തിൽ ആധുനിക നയതന്ത്രത്തിന്റെ ചട്ടങ്ങൾ വികസിപ്പിച്ചു. പ്രതിനിധി സംഘത്തിന്റെ തലവൻ അംബാസഡർ ആയിരുന്നു. അംബാസഡർമാർക്കു പ്രത്യേക പദവികളും അവകാശങ്ങളും ആതിഥേയരാഷ്ട്രങ്ങൾ നല്കിയിരുന്നു. അക്കാലത്തെ സ്ഥാനപതികൾ ഏതാണ്ട് എല്ലാവരും തന്നെ രാജകുടുംബങ്ങളിൽ നിന്നോ പ്രഭുകുടുംബങ്ങളിൽനിന്നോ ഉള്ളവരായിരുന്നു. ആധുനിക നയതന്ത്രത്തിന്റെ സമ്പ്രദായം പൂർവയൂറോപ്പിലും, റഷ്യയിലും എത്തിയത് 18-ാം നൂറ്റാണ്ടിലാണ്.

നയതന്ത്രരംഗത്ത് അതുവരെയുണ്ടായിരുന്ന പല ധാരണകളെയും സംവിധാനത്തെത്തന്നെയും ഇളക്കിമറിക്കുന്നതായിരുന്നു 1789-ലെ ഫ്രഞ്ചുവിപ്ളവവും തുടർന്നുള്ള സംഭവവികാസങ്ങളും. അതുവരെ സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന നയതന്ത്രരംഗത്ത് അവരെത്തിയതോടെ നയതന്ത്രശൈലിയിൽ മാറ്റമുണ്ടായി; നയതന്ത്രമെന്നത് രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും മാത്രം കാര്യമല്ലെന്ന സ്ഥിതിവിശേഷം ഉണ്ടായി. നെപ്പോളിയന്റെ പതനശേഷം യുറോപ്പ് നേരത്തെയുള്ള നയതന്ത്രസമ്പ്രദായത്തിലേക്കുമടങ്ങി.

പക്ഷേ യൂറോപ്പിനു പുറത്തുള്ള നയതന്ത്രപാരമ്പര്യങ്ങൾ വ്യത്യസ്തമായിരുന്നു. ഏതാണ്ട് തുല്യശക്തിരാജ്യങ്ങൾ അടങ്ങിയ രാഷ്ട്രവ്യവസ്ഥിതിക്കുള്ളതായിരുന്നു യൂറോപ്യൻ നയതന്ത്രം. നവോത്ഥാനകാലത്ത് ഇറ്റലിയിലും പില്ക്കാലത്ത് യൂറോപ്പിൽ പൊതുവേയും അത്തരം ഒരു രാഷ്ട്രവ്യവസ്ഥിതിയാണുണ്ടായിരുന്നത്. പക്ഷേ മധ്യപൂർവദേശമെന്ന് പാശ്ചാത്യർ വിളിക്കുന്ന പശ്ചിമേഷ്യയിലും, ഏഷ്യയുടെ മറ്റു ഭാഗങ്ങളിലും ഇതായിരുന്നില്ല സ്ഥിതിവിശേഷം. ഇവിടെ ഉണ്ടായിരുന്നത് ഓട്ടോമൻ സാമ്രാജ്യവും ചൈനയുമായിരുന്നു. ഇവരണ്ടും മറ്റു രാജ്യങ്ങളുമായി ഉഭയകക്ഷി നയതന്ത്രത്തിനു തയ്യാറായിരുന്നില്ല. മറ്റു രാജ്യങ്ങളെക്കാൾ ഔന്നത്യമുണ്ടെന്ന് സ്വയം ധാരണയുണ്ടായിരുന്ന ഓട്ടോമൻ സാമ്രാജ്യം മറ്റു രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയച്ചിരുന്നില്ല; മറ്റു രാഷ്ട്രങ്ങൾക്ക് ബന്ധം പുലർത്തണമെങ്കിൽ ഇസ്താംബൂളിലേക്ക് പ്രതിനിധികളെ അയയ്ക്കണമെന്നായിരുന്നു നിബന്ധന. ചൈനയാണെങ്കിൽ മറ്റു രാജ്യങ്ങളെയെല്ലാം അതിനു വളരെ താഴെയായി പരിഗണിച്ചിരുന്നു.

ആധുനിക നയതന്ത്രത്തിന്റെയെല്ലാം ആരംഭം എന്നു പറയാവുന്ന യൂറോപ്യൻ നയതന്ത്രത്തിന്റെ തുടക്കം ഒരുപുതിയ ലോകക്രമത്തെ പ്രതിനിധാനം ചെയ്ത 1648-ലെ വെസ്റ്റ് ഫാലിയാ ഉടമ്പടിയിലായിരുന്നു. ഈ ഉടമ്പടിയനുസരിച്ചുള്ള നയതന്ത്രം ഈ രാജ്യങ്ങളിലെ ഭരണവർഗമേധാവികൾ തമ്മിലുള്ളതായിരുന്നു. അവർക്ക് പൊതുവായ താത്പര്യങ്ങളെന്നാൽ അവരുടെ രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ താത്പര്യങ്ങളായിരുന്നില്ല.

പതിനേഴാം നൂറ്റാണ്ടിൽ ദേശരാഷ്ട്രങ്ങളുടെ ഉയർച്ച ദേശീയതാത്പര്യം, ശാക്തിക തുലനസ്ഥിതി എന്നീ സങ്കല്പങ്ങളുടെ വികാസത്തിനു വഴിതെളിച്ചു. ഇവയിൽ ആദ്യത്തേതനുസരിച്ച് നയതന്ത്രലക്ഷ്യങ്ങൾ രാഷ്ട്രതാത്പര്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം. രണ്ടാമത്തേത്, ഏറ്റവും ശക്തമായ രാഷ്ട്രങ്ങൾ തമ്മിൽ ഒരു സന്തുലിതാവസ്ഥ നേടിയെടുത്ത് രാഷ്ട്രവ്യവസ്ഥിതി നിലനിർത്തുന്നതിലുള്ള ഒരു പൊതുതാത്പര്യത്തിൽ അധിഷ്ഠിതമായിരുന്നു. ഈ രണ്ടുതാത്പര്യങ്ങളും വളർത്തിയെടുക്കുന്നതിന് നയതന്ത്രം ഉപയോഗിക്കാമെന്ന് വളരെ വേഗം വ്യക്തമായി.

1914-ൽ യൂറോപ്യൻ രാജ്യങ്ങൾ ഒന്നാം ലോകയുദ്ധത്തിന്റെ പിടിയിലമർന്നു. പ്രകടമായും അത് യൂറോപ്യൻ നയതന്ത്രസംവിധാനത്തിന്റെ തകർച്ചയായിരുന്നു. സ്വാഭാവികമായും ആ സംവിധാനം വിമർശനവിധേയമായി. യൂറോപ്യൻ നയതന്ത്രസംവിധാനത്തിന്റെ മുഖ്യവിമർശകൻ അമേരിക്കൻ പ്രസിഡന്റ് വൂഡ്റോവിത്സണായിരുന്നു. തുറസ്സായ നയതന്ത്രവും, കൂട്ടായ സുരക്ഷയുമാണ് ആവശ്യമെന്നായിരുന്നു വിത്സന്റെ നിലപാട്. ശാക്തികതുലനസ്ഥിതിയുടെ സിദ്ധാന്തവും പ്രയോഗവും വലുതും ചെറുതുമായ ശക്തികൾ തമ്മിലുള്ള വ്യത്യാസം, ദേശീയ താത്പര്യങ്ങൾ വളർത്തുന്നത്, രഹസ്യഏജന്റുമാർ, രഹസ്യ ഉടമ്പടികൾ - ഇവയെയെല്ലാം പ്രസിഡന്റ് വിത്സൺ വിമർശിച്ചു.

പഴയ സമ്പ്രദായത്തിനുപകരം വിത്സൺ ഒരു പുത്തൻ നയതന്ത്രം (New Diplomacy) നിർദ്ദേശിച്ചു - കൂട്ടായ സുരക്ഷയ്ക്ക് പ്രാധാന്യം നല്കുന്ന, വലുതും ചെറുതുമായ രാഷ്ട്രങ്ങളെ തുല്യാടിസ്ഥാനത്തിൽ പരിഗണിക്കുന്ന, അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പരസ്യമായ ഉടമ്പടികൾക്കു രൂപംനല്കുന്ന ഒരു പുത്തൻ നയതന്ത്രം.

1919-ലെ വേഴ്സെയ്സ് ഉടമ്പടിയിലും, ലീഗ് ഒഫ് നേഷൻസിലും വിത്സന്റെ ആശയങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അമേരിക്ക ലീഗ് ഒഫ് നേഷൻസിനെ ഉപേക്ഷിക്കുകയും, സ്വയം ഒറ്റപ്പെടലിന്റെ നയം സ്വീകരിക്കുകയും ചെയ്തപ്പോൾ, യൂറോപ്യൻ ശക്തികൾ പഴയ സമ്പ്രദായത്തിലേക്കു തിരികെപ്പോയി-ശാക്തിക തുലനസ്ഥിതിയിലും, ദേശീയ താത്പര്യങ്ങളിലും അധിഷ്ഠിതമായ പഴയ സമ്പ്രദായം.

രണ്ടാം ലോകയുദ്ധകാലത്ത് യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റും ഒരുപുതിയതരം നയതന്ത്രം സ്ഥാപിക്കുവാൻ ശ്രമിച്ചു. പുതിയ നയതന്ത്ര വ്യവസ്ഥിതിയുടെ ഏറ്റവും നല്ല പ്രതീകമായി ഐക്യരാഷ്ട്രസംഘടന നിലകൊള്ളുന്നുവെങ്കിലും രണ്ടാം ലോകയുദ്ധത്തിനുശേഷം സാർവദേശീയ രാഷ്ട്രീയവും അതിന്റെ നയതന്ത്രവും യൂറോപ്യൻ മാതൃക തന്നെയാണ് തുടരുന്നത്.

ഒരു നയതന്ത്രവ്യവസ്ഥിതിയുടെ ചട്ടങ്ങളുടെ ക്രോഡീകരണം പതിനഞ്ചാം നൂറ്റാണ്ടുമുതൽ ഇരുപതാം നൂറ്റാണ്ടുവരെ പല ഘട്ടങ്ങളിലായാണ് നടന്നത്. പ്രോട്ടോക്കോളിനുള്ള നടപടിക്രമങ്ങൾക്കു രൂപംനല്കിയത് 1815-ലെ വിയന്നാ കോൺഗ്രസ്സിലാണ്. അവിടെയാണ് രാഷ്ട്രങ്ങളുടെ ഔപചാരിക തുല്യത എന്ന പ്രമാണം അംഗീകരിക്കപ്പെട്ടത്. നയതന്ത്ര ബന്ധങ്ങൾ, കോൺസുലർ ബന്ധങ്ങൾ, ഉടമ്പടികളെപ്പറ്റിയുള്ള നിയമം എന്നിവയ്ക്കു വ്യക്തത നല്കി, നയതന്ത്രപ്രവർത്തനത്തിന് 1961, 63, 69 എന്നീ വർഷങ്ങളിലെ സമ്മേളനങ്ങൾ സമഗ്രമായ സാർവദേശീയ നിയമം ഉണ്ടാക്കി. ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും ഇത് അംഗീകരിക്കുന്നു.

നയതന്ത്രപ്രവർത്തനത്തിന്റെ ലക്ഷ്യത്തിൽ അടിസ്ഥാനപരമായി വ്യതിയാനം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും, അതിന്റെ മാനങ്ങളിലും ശൈലിയിലും പല കാരണങ്ങളാലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലെ വർധമാനമായ സങ്കീർണത നയതന്ത്രപ്രവർത്തനത്തെ ബാധിക്കുന്നു. ഉഭയകക്ഷി ഇടപാടുകളോടൊപ്പമോ, അതിലുപരിയായോ, അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ കൂടിയാലോചനകളും ഉടമ്പടികളുമൊക്കെ നയതന്ത്രത്തിന് പുതിയ മാനങ്ങൾ നല്കുന്നു. ആധുനിക സംവേദനമാർഗങ്ങൾ, രാജ്യങ്ങൾ തമ്മിലും രാജ്യങ്ങളുടെ സ്ഥാനപതികളുമായും ഉള്ള സമ്പർക്കങ്ങളെയും സന്ദേശങ്ങളെയും ത്വരിതഗതിയിലാക്കിയിരിക്കുന്നു. അതോടൊപ്പം വേഗത്തിൽ തീരുമാനങ്ങളെടുക്കേണ്ടത് അവശ്യമാക്കിത്തീർക്കുന്നു. മാധ്യമങ്ങളിൽ പ്രത്യേകിച്ചു ദൃശ്യമാധ്യമങ്ങളിൽ, മറ്റു രാജ്യങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെടുമ്പോൾ അവ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും, വിദേശനയത്തിലും നയതന്ത്രത്തിലും പ്രതികരണം ആവശ്യമാക്കുകയും ചെയ്യുന്നു.

നയതന്ത്രജ്ഞർക്കുള്ള പ്രത്യേക പദവിയും അവകാശങ്ങളും ആധുനികയുഗത്തിലാണ് ക്രോഡീകരിച്ചതെങ്കിലും അവയ്ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. നയതന്ത്രജ്ഞന് ഒരു പവിത്രത കല്പിച്ച് നല്കിയിരുന്നു. ഇതിനെ നയതന്ത്രഒഴിവാക്കൽ (diplomatic immunity) എന്നുപറയുന്നു. പ്രത്യേകിച്ചും ക്രിമിനൽ നടപടികളിൽനിന്നുള്ള ഒഴിവാക്കലായിരുന്നു ഇത്. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് യൂറോപ്പിൽ നയതന്ത്രാവകാശങ്ങൾ സ്ഥാപിക്കപ്പെട്ടത്. ഇത് പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സ്വീകരിക്കപ്പെട്ടു. ഈ അവകാശങ്ങൾക്കു ഔപചാരിക അംഗീകാരം നല്കിയത് 1961-ലെ നയതന്ത്രബന്ധങ്ങളെ സംബന്ധിച്ച വിയന്ന കൺവെൻഷനിലൂടെയാണ് (Vienna Convention on Diplomatic Relations). 'കൺവെൻഷൻ' എന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമാണ്.

നയതന്ത്രജ്ഞർ പ്രവർത്തിക്കുന്ന സ്ഥാപനത്തെ 'മിഷൻ' എന്നാണ് വിളിക്കുക. ആ സ്ഥാപനങ്ങൾക്ക് യാതൊരു തടസ്സവും കൂടാതെ പ്രവർത്തിക്കാനുള്ള സൌകര്യങ്ങളുണ്ടാക്കേണ്ടത് ആതിഥേയ രാഷ്ട്രത്തിന്റെ ചുമതലയാണ്. ആ സ്ഥാപനങ്ങളിൽ അതിക്രമിച്ചുകയറുന്നതും നാശനഷ്ടങ്ങളുണ്ടാക്കുന്നതും സാർവദേശീയ നിയമങ്ങളുടെ ലംഘനമാണ്. 1979 നവംബറിൽ ഒരു സംഘം ഇറാനികൾ ടെഹറാനിലെ യു.എസ്. എംബസിയിൽ അതിക്രമിച്ചുകടന്ന് പതിനാലുമാസത്തേക്ക് അമ്പത് എംബസി ഉദ്യോഗസ്ഥരെ ബന്ധികളാക്കിയ സംഭവമാണ് ഇത്തരം ലംഘനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടാറുള്ളത്.

നയതന്ത്രദൗത്യം നിർവഹിക്കുമ്പോൾ നയതന്ത്രമിഷനുകളിൽ പ്രവർത്തിക്കുന്ന ആരെയും അറസ്റ്റുചെയ്യാനോ തടങ്കലിൽ വയ്ക്കാനോ, പ്രോസിക്യൂട്ട് ചെയ്യാനോ പാടില്ല.

നയതന്ത്രസന്ദേശങ്ങളും പരിരക്ഷിക്കപ്പെടുന്നു. നയതന്ത്രരേഖകൾ എവിടെ കൊണ്ടുപോകുന്നതിനും, രാജ്യാതിർത്തികൾ കടത്തുന്നതിനും പൂർണസ്വാതന്ത്ര്യമുണ്ട്. അവയെ തടസ്സപ്പെടുത്താനോ പരിശോധിക്കാനോ പാടില്ല. നയതന്ത്രരേഖകൾ അയയ്ക്കുന്നത് നയതന്ത്രസഞ്ചികളിലാണ്. ആധുനികസംവേദന മാർഗങ്ങളൊക്കെ ഉണ്ടായിട്ടും ഇന്നും നയതന്ത്രസഞ്ചികൾ സാധാരണമാണ്.

നയതന്ത്രസേവനത്തിലുള്ളവർക്ക് ചില സംരക്ഷണങ്ങളും പ്രത്യേക അവകാശങ്ങളും പരസ്പരം നല്കുകയെന്നത് പരമാധികാരത്തെപ്പറ്റിയും, രാഷ്ട്രീയസ്വാതന്ത്യ്രങ്ങളെപ്പറ്റിയുമുള്ള ധാരണകളുടെ അടിസ്ഥാനത്തിലാണ്. നയതന്ത്രസേവനരംഗത്തുള്ളവരുടെ പ്രത്യേക പദവിയെപ്പറ്റിയുള്ള ചട്ടങ്ങൾ എല്ലാ രാഷ്ട്രവ്യവസ്ഥിതികൾക്കും പൊതുവായുള്ളതും അന്താരാഷ്ട്ര നിയമത്തിന്റെ ആദ്യപ്രകാശനങ്ങളിലൊന്നുമാണ്.

കൂടിയാലോചനകൾ പല തലങ്ങളിലാണ് നടക്കുന്നത്. സാർവദേശീയതലത്തിൽ രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന ഉച്ചകോടികളുണ്ട്. അതിനുമുമ്പായി മന്ത്രിതലചർച്ചകൾ നടക്കും. അവിടെ അംഗീകരിക്കുന്ന കരാറുകളും ഉടമ്പടികളുമൊക്കെ തയ്യാറാക്കുന്നത് നയതന്ത്രജ്ഞന്മാരുടെ ചർച്ചകളിലാണ്. അന്താരാഷ്ട്ര ഉടമ്പടികളുടെ പൂർണമായ വിവക്ഷകൾ പലപ്പോഴും നയതന്ത്രജ്ഞർക്കുമാത്രമേ മനസ്സിലാകുകയുള്ളു. ജനങ്ങൾക്കു മനസ്സിലാക്കിക്കൊടുക്കാനുള്ള ക്രമീകരണങ്ങൾ പല ഗവൺമെന്റുകളും ചെയ്യാറില്ല. മാധ്യമങ്ങൾ അവർക്കു പ്രധാനമെന്നു തോന്നുന്ന വ്യവസ്ഥകൾ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യും. അന്താരാഷ്ട്ര നയതന്ത്രം ജനങ്ങളിൽ നിന്ന് വളരെ വിദൂരത്തിലാണെന്ന വിമർശനത്തിൽ കഴമ്പുണ്ട്.

കൂടിയാലോചനകളുടെ പല ഘട്ടങ്ങളിലും രഹസ്യ സ്വഭാവം നിലനിർത്തേണ്ട ആവശ്യമുണ്ട്. ഉന്നതതലങ്ങളിലുള്ള സമ്മേളനങ്ങൾ-ഉച്ചകോടിയുമൊക്കെ-ഉയർത്തുന്ന പ്രതീക്ഷകൾ പലപ്പോഴും സഫലമാകാറില്ല. മാധ്യമങ്ങളുടെ സാന്നിധ്യവും ഇത്തരം സമ്മേളനങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കാറുണ്ട്. ഉന്നതതലസമ്മേളനങ്ങളുടെ പിന്നിലുള്ള ശ്രദ്ധേയമായ നയതന്ത്രമാണ് മിക്കപ്പോഴും ഇത്തരം സമ്മേളനങ്ങളെ പ്രസക്തമാക്കുന്നത്.

രാഷ്ട്രീയകാര്യങ്ങളെപ്പറ്റി മാത്രമല്ല കൂടിയാലോചനകളും, കരാറുകളുമൊക്കെയായി മറ്റു പല വിഷയങ്ങളും അന്താരാഷ്ട്രബന്ധങ്ങളിൽ പ്രാധാന്യം അർഹിക്കുന്നു. പ്രത്യേക വിഷയങ്ങളിൽ വൈദഗ്ദ്ധ്യമുള്ളവരും സാങ്കേതിക പരിജ്ഞാനമുള്ളവരുമൊക്കെ നയതന്ത്രകൂടിയാലോചനകളിൽ പങ്കെടുക്കുന്നു.

വാണിജ്യകാര്യങ്ങളിൽ കൂടിയാലോചനകളുടെ ആവശ്യവും പ്രാധാന്യവും വർധിച്ചുവരികയാണ്. ആധുനിക രാഷ്ട്രസംവിധാനത്തിൽ കൂടിയാലോചനകൾ രണ്ടുരാഷ്ട്രങ്ങളെ മാത്രം ബന്ധിപ്പിക്കുന്നതാകണമെന്നില്ല. രണ്ടു രാഷ്ട്രങ്ങൾ തമ്മിൽ ഒരുകാര്യത്തിൽ കരാറുണ്ടാക്കുമ്പോൾ ആ കാര്യത്തിൽ ആ രാജ്യങ്ങൾ ഏർപ്പെട്ടിട്ടുള്ള മറ്റു കരാറുകളുണ്ടാകാം. അപ്പോൾ ആ കരാറുകളിലെ കക്ഷികളുമായും ചർച്ചകൾ ആവശ്യമായിവരും. ഉദാഹരണമായി 2007-ൽ ഇന്ത്യയും യു.എസ്സും ചേർന്നുണ്ടാക്കിയ സിവിലിയൻ ആണവക്കരാർ അന്തിമരൂപത്തിലെത്തിക്കുന്നതിനുമുമ്പ് അന്താരാഷ്ട്ര ആണവഏജൻസിയുമായും, ആണവദായകസംഘവുമായും കൂടിയാലോചനകൾ ആവശ്യമായിവന്നു.

നയതന്ത്രസംവിധാനത്തിന് മൂന്ന് പ്രധാനഘടകങ്ങളുണ്ട്. ഒന്ന്, നയരൂപീകരണത്തിനും വിദേശത്തുള്ള പ്രതിനിധികൾക്കുനിർദ്ദേശങ്ങൾ നല്കുന്നതിനുമുള്ള ഒരു സ്ഥാപനം. സാധാരണഗതിയിൽ ഇത് ഒരു രാജ്യത്തിന്റെ വിദേശകാര്യമന്ത്രാലയമാണ്. രണ്ട്, വിദേശരാജ്യത്ത് നയതന്ത്രദൌത്യം വഹിക്കാൻ ഒരു സ്ഥാപനം. ഇതിനാണ് എംബസികൾ. മൂന്ന്, ഈ പ്രവർത്തനത്തിനാവശ്യമായ ഉദ്യോഗസ്ഥന്മാർ. ഇതാണ് വിദേശകാര്യ സർവീസ്.

നയതന്ത്രരംഗത്ത് ഐക്യരാഷ്ട്രസംഘടന നിർവഹിക്കുന്ന പങ്ക് വളരെ വലുതാണ്. രാഷ്ട്രങ്ങളുടെ പരമാധികാരതുല്യത അംഗീകരിക്കുന്നതാണ് യു.എൻ. ചാർട്ടർ. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള സംവിധാനവും നടപടിക്രമങ്ങളും ഐക്യരാഷ്ട്രസംഘടനയെ ഏറ്റവും വലിയ നയതന്ത്രവേദിയാക്കിത്തീർത്തു. മിക്കപ്പോഴും ലോക പൊതുജനാഭിപ്രായത്തിന്റെ ഒരു ചർച്ചാവേദിയായാണ് ഐക്യരാഷ്ട്രസംഘടനയുടെ പ്രതിച്ഛായയെങ്കിലും, നയതന്ത്രപ്രവർത്തനങ്ങൾക്കുള്ള അതിവിപുലമായ സംവിധാനമാണ് ഐക്യരാഷ്ട്രസംഘടനയിലുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ നയതന്ത്ര ഉദ്യോഗം ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലിന്റേതാണ്. സെക്രട്ടറി ജനറലിന്റെ പരസ്യമായ നയതന്ത്രപ്രവർത്തനത്തെപ്പറ്റിയേ നമുക്ക് അറിയാൻ കഴിയുകയുള്ളൂ. രാഷ്ട്രത്തലവന്മാരുമായും, ഗവൺമെന്റുകളുമായും സെക്രട്ടറി ജനറൽ നിരന്തര സമ്പർക്കത്തിലേർപ്പെടുന്നു.

രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെട്ടു കൂടിയാലോചന നടത്തി പരിഹാരം തേടുവാൻ സെക്രട്ടറി ജനറലിനെ രക്ഷാസമിതി അധികാരപ്പെടുത്താറുണ്ട്. പ്രത്യേക അധികാരപ്പെടുത്തൽ കൂടാതെതന്നെ പരസ്യമായോ രഹസ്യമായോ കൂടിയാലോചനകൾ നടത്തുവാൻ സെക്രട്ടറി ജനറലിന് അവകാശമുണ്ടെന്ന് കരുതപ്പെടുന്നു.

ഒന്നാം ലോകയുദ്ധത്തിനുശേഷം പ്രസിഡന്റ് വിത്സൺ നിർദ്ദേശിച്ച 'പുത്തൻ നയതന്ത്രം' അടുത്ത കാലത്ത് വേറൊരു അർഥത്തിൽ ഉപയോഗിക്കുന്നു. ഇതിനെ അനൌദ്യോഗിക നയതന്ത്രം, സ്വകാര്യ നയതന്ത്രം എന്നൊക്കെ പറയാം. അന്താരാഷ്ട്ര ബന്ധങ്ങളിൽ പൌരന്മാരും അവരുടെ സംഘങ്ങളും സംഘടനകളും കൂടുതൽ പങ്കുവഹിക്കുന്നുവെന്നാണ് ഇതിന്റെ അർഥം. അനൌദ്യോഗികസംഘടനകളും പഠനസംഘങ്ങളും, സ്ഥാപനങ്ങളുമൊക്കെ ദശകങ്ങളായി അന്താരാഷ്ട്ര പ്രശ്നങ്ങളുടെ സമാധാനപരമായ പരിഹാരത്തിന് പരിശ്രമിച്ചിട്ടുണ്ട്. ചില അന്താരാഷ്ട്രപ്രശ്നങ്ങൾക്കു ലോകവേദിയിൽ ശ്രദ്ധയോ അംഗീകാരമോ കിട്ടാതിരുന്ന സന്ദർഭങ്ങളിൽ വേദിയൊരുക്കിയതും ഇത്തരം സംഘങ്ങളാണ്. ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്ന് ദക്ഷിണാഫ്രിക്കയിലെ അപാർത്തീഡിനെതിരെയുള്ള വ്യാപകമായ പൊതുജനാഭിപ്രായ രൂപീകരണവും നടപടികളുമാണ്. പല ഗവൺമെന്റുകളുടെയും നയങ്ങളെ ഇത് സ്വാധീനിച്ചു. പല രാജ്യങ്ങളിലും മനുഷ്യാവകാശങ്ങളുടെ കാര്യത്തിലും ഗവൺമെന്റുകളുടെ നയങ്ങളിൽ മാറ്റം വരുത്താൻ അനൌദ്യോഗിക സമിതികൾക്കും സംഘടനകൾക്കും കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര സംഘടനകളുടെ പ്രവർത്തനങ്ങളെയും നയങ്ങളെയും സ്വാധീനിക്കുവാനും ഇത്തരം സംഘടനകൾക്കു സാധ്യമായിട്ടുണ്ട്; ഉദാ. ലോകവ്യാപാരസംഘടനയുടെ പ്രവർത്തനങ്ങൾ. ആധുനിക സംവേദനമാർഗങ്ങളായ ഇന്റർനെറ്റും, ഇ-മെയിലുമൊക്കെ പുത്തൻ നയതന്ത്രത്തെ സജീവമാക്കിയിട്ടുണ്ട്

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നയതന്ത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നയതന്ത്രം&oldid=2353058" എന്ന താളിൽനിന്ന് ശേഖരിച്ചത്