Jump to content

നാസിക് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാസിക് ജില്ല ജില്ല

नाशिक जिल्हा
നാസിക് ജില്ല ജില്ല (Maharashtra)
നാസിക് ജില്ല ജില്ല (Maharashtra)
രാജ്യംഇന്ത്യ
സംസ്ഥാനംMaharashtra
ഭരണനിർവ്വഹണ പ്രദേശംNashik Division
ആസ്ഥാനംNashik
താലൂക്കുകൾ1. Nashik, 2. Sinnar, 3. Igatpuri, 4. Trimbak, 5. Niphad, 6. Yeola, 7. Peth, 8. Dindori, 9. Chandwad, 10. Nandgaon, 11. Surgana, 12. Kalwan, 13. Deola, 14. Baglan, 15. Malegaon[1]
ഭരണസമ്പ്രദായം
 • ലോകസഭാ മണ്ഡലങ്ങൾ1. Nashik, 2. Dindori (ST), 3. Dhule (shared with Dhule district) Based on (Election Commission website)
ജനസംഖ്യ
 (2001)
 • ആകെ49,93,796
പ്രധാന പാതകൾNH-3, NH-50
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്


മഹാരാഷ്ട്രയിലെ ഒരു ജില്ലയാണ് നാസിക് ജില്ല, ആസ്ഥാന നഗരം. മുംബൈക്ക് ഏകദേശം 140 കിലോമീറ്റർ വടക്ക്കിഴക്കായി സ്ഥിതിചെയ്യുന്നു. നാസിക്കിലാണ് ഇന്ത്യയുടെ സെക്യൂരിറ്റി പ്രസ്സ് സ്ഥിതിചെയ്യുന്നത്. 15,530 ച.കി.മീ. വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്ന നാസിക് ജില്ല ഒരു പ്രമുഖ വിനോദസഞ്ചാര-തീർഥാടന കേന്ദ്രം കൂടിയാണ്. ജനസംഖ്യ: 4,987,923 (2001).

അപ്പർ ഗോദാവരിയുടെയും തപ്തീ നദിയുടെയും തടപ്രദേശങ്ങളിലാണ് നാസിക് ജില്ല വ്യാപിച്ചിരിക്കുന്നത്. സഹ്യാദ്രി മലനിരകൾ ജില്ലയുടെ പടിഞ്ഞാറൻ അതിർത്തിയായി വർത്തിക്കുന്നു. ഗോദാവരിയും ഗിർനാ (Girna) യുമാണ് പ്രധാന നദികൾ. കുളങ്ങൾക്കും കിണറുകൾക്കും ജലസ്രോതസ്സുകളിൽ നിർണായകസ്ഥാനമുണ്ട്. ജില്ലയുടെ വിസ്തൃതിയുടെ സു. ഉം വനഭൂമിയാണ്. ജില്ലയുടെ കിഴക്കും പടിഞ്ഞാറും ഉള്ള മലഞ്ചരിവുകളിലാണ് വനങ്ങളിലധികവും കാണപ്പെടുന്നത്. തേക്കാണ് പ്രധാന വൃക്ഷയിനം. കാർഷികോത്പാദനത്തിൽ മുന്നിൽ നില്ക്കുന്ന ഈ ജില്ലയിൽ ഭക്ഷ്യധാന്യങ്ങളും പയറുവർഗങ്ങളും വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഭക്ഷ്യവിളകളിൽ ബജ്റയ്ക്കാണ് മുഖ്യസ്ഥാനം; നെല്ല്, ജോവർ തുടങ്ങിയവ മറ്റു പ്രധാന വിളകളാണ്.


നാസിക് ജില്ലയുടെ സമ്പദ്ഘടനയിൽ കാർഷിക മേഖലയ്ക്കാണ് മുൻതൂക്കമെങ്കിലും അടുത്തകാലത്തായി വ്യാവസായികമേഖല നിർണായകമായ വളർച്ച കൈവരിച്ചുവരുന്നു. വൻവ്യവസായങ്ങളിൽ വസ്ത്രനിർമ്മാണത്തിനാണ് പ്രഥമസ്ഥാനം. പഞ്ചസാര, സോപ്പ്, എണ്ണ തുടങ്ങിയവയുടെ നിർമ്മാണവും പ്രാധാന്യം കൈവരിച്ചിട്ടുണ്ട്. ഗവൺമെന്റ് ഒഫ് ഇന്ത്യ പ്രസ്സ്, ദി ഇന്ത്യാ സെക്യൂരിറ്റി പ്രസ്സ്, ദ് ന്യൂ കറൻസി നോട്ട് പ്രസ്സ് എന്നീ ദേശീയ സ്ഥാപനങ്ങൾ നാസിക്കിലാണ് പ്രവർത്തിക്കുന്നത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഫാക്ടറി (ഒസാർ), സത്പൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഒരു താപവൈദ്യുത നിലയം എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു. പരുത്തി നെയ്ത്തുകേന്ദ്രങ്ങൾ, തടിമില്ലുകൾ, എണ്ണയാട്ടുകേന്ദ്രങ്ങൾ, ഗാർഹികോപകരണ-നിർമ്മാണ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടെ നിരവധി ചെറുകിട-കുടിൽ വ്യവസായങ്ങളും നാസിക്കിലുണ്ട്.

ഹിന്ദുക്കൾ പുണ്യനദിയായി കരുതുന്ന ഗോദാവരിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നാസിക്കിൽ നിരവധി സ്നാനഘട്ടങ്ങളും ക്ഷേത്രങ്ങളും കാണാം. 12 വർഷത്തിലൊരിക്കൽ നടക്കുന്ന 'മഹാകുംഭമേള'യുടെ വേദിയും നാസിക്കാണ്. തപോവനം, ഗംഗാപൂർ ജലപാതം, ലക്ഷ്മണഗുഹകൾ, ജൈന-ബുദ്ധ ഗുഹകൾ, ത്രയമ്പകേശ്വർ എന്നിവ നാസിക്കിന് സമീപമുള്ള മുഖ്യതീർഥാടന-വിനോദ സഞ്ചാര കേന്ദ്രങ്ങളാകുന്നു. മഹാരാഷ്ട്രയിലെ ഒരു പ്രമുഖ വിദ്യാഭ്യാസകേന്ദ്രം കൂടിയാണ് നാസിക്.

വൈ.വി. ചവാൻ മഹാരാഷ്ട്ര ഓപ്പൺ സർവകലാശാല, എൻ.ബി.റ്റി. ലാ കോളജ്, എം.ജി. വിദ്യാമന്ദിർ ഡെന്റൽ കോളജ്, ഹോമിയോ മെഡിക്കൽ കോളജ് എന്നിവ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാസിക്കിൽ പ്രവർത്തിക്കുന്നു. നാസിക് ജില്ലയിലെ റെയിൽ-റോഡ് ഗതാഗതസൌകര്യങ്ങൾ വികസിതമാണ്. ജില്ലാ ആസ്ഥാനമായ നാസിക് പട്ടണത്തെ മുംബൈ, ഔറംഗബാദ്, ഷിർദി, നാഗ്പൂർ, പൂണെ തുടങ്ങിയ നഗരങ്ങളുമായി റോഡുമാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. ഒരു വിമാനത്താവളവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മറാഠി, ഹിന്ദി, ഗുജറാത്തി, ഉർദു എന്നിവയാണ് നാസിക് ജില്ലയിലെ മുഖ്യ വ്യവഹാരഭാഷകൾ. വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ ജില്ലയിൽ ഹിന്ദുക്കൾക്കാണ് ജനസംഖ്യയിൽ മുൻതൂക്കം. ക്രൈസ്തവ-ബൌദ്ധ-ജൈന-സിക്കുമതവിഭാഗങ്ങളും ഈ ജില്ലയിൽ നിവസിക്കുന്നുണ്ട്.

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു പ്രധാനകേന്ദ്രം കൂടിയായിരുന്നു നാസിക്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 56-ാമത് വാർഷിക സമ്മേളനത്തിന്റെ വേദി നാസിക്കായിരുന്നു. മറാത്ത ഭരണകാലത്ത് മഹാരാഷ്ട്രയുടെ ആസ്ഥാനമെന്ന നിലയിൽ ശ്രദ്ധേയമായിത്തീർന്ന നാസിക് 1818-ൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. 1956-ൽ മുംബൈ സംസ്ഥാനത്തിന്റെ ഭാഗമായ നാസിക് 1960-ൽ മഹാരാഷ്ട്ര സംസ്ഥാനത്തിൽ ലയിച്ചു.

അവലംബം

[തിരുത്തുക]
  1. Based in part on "Map of talukas", Nashik district
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാസിക് ജില്ല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാസിക്_ജില്ല&oldid=4045276" എന്ന താളിൽനിന്ന് ശേഖരിച്ചത്