പേർഷ്യയിലെ അബ്ബാസ് II
അബ്ബാസ് II | |
---|---|
A painting of a sitted man, wearing a royal crown. | |
Shah Abbas II in 1663 | |
ഭരണകാലം | 15 May 1642 – 26 October 1666 |
കിരീടധാരണം | 15 May 1642 in Kashan |
മുൻഗാമി | സാഫി I |
പിൻഗാമി | സുലൈമാൻ I |
ജീവിതപങ്കാളി |
|
മക്കൾ | |
| |
പിതാവ് | സാഫി I |
മാതാവ് | അന്ന ഖാനും |
കബറിടം | Fatima Masumeh Shrine, Qom, Iran |
ഒപ്പ് | |
മതം | Twelver Shia Islam |
അബ്ബാസ് II ( പേർഷ്യൻ: عباس دوم; റോമനൈസ്ഡ്: ʿAbbās II; ജനനം സൊൽത്താൻ മുഹമ്മദ് മിർസ; 30 ഓഗസ്റ്റ് 1632 - 26 ഒക്ടോബർ 1666) 1642 മുതൽ 1666 വരെയുള്ള കാലഘട്ടത്തിൽ ഇറാൻ ഭരിച്ചിരുന്ന സഫാവിദ് ഇറാനിലെ ഏഴാമത്തെ ഷാ ആയിരുന്നു. സാഫിയുടെയും അദ്ദേഹത്തിൻ സർക്കാസിയൻ ഭാര്യ അന്ന ഖാനത്തിന്റെയും മൂത്തമകനെന്ന നിലയിൽ, അദ്ദേഹത്തിന് തൻറെ ഒൻപതാം വയസ്സിൽ സിംഹാസനം പാരമ്പര്യമായി ലഭിച്ചതോടെ തനിക്കുവേണ്ടി ഭരിക്കാൻ പിതാവിന്റെ പഴയ പ്രധാന വസീറായിരുന്ന സരു താഖ്വിയുടെ നേതൃത്വത്തിലുള്ള ഒരു റീജൻസിയെ ആശ്രയിക്കേണ്ടിവന്നു. റീജൻസിയുടെ കാലത്ത് അതുവരെ അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിരുന്ന ഔപചാരികമായ രാജകീയ വിദ്യാഭ്യാസം ലഭിച്ചു. 1645-ൽ, പതിനഞ്ചാമത്തെ വയസ്സിൽ, സരു താഖ്വിയെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിഞ്ഞ അദ്ദേഹം ബ്യൂറോക്രസി പദവികളെ ശുദ്ധീകരിച്ച ശേഷം, രാജസഭയിലെ തന്റെ അധികാരം ഉറപ്പിക്കുകയും ഒരു സമ്പൂർണ്ണ ഭരണം കാഴ്ചവയ്ക്കാനാരംഭിക്കുകയും ചെയ്തു.
അബ്ബാസ് രണ്ടാമന്റെ ഭരണകാലഘട്ടം രാജ്യത്ത് സമാധാനവും പുരോഗതിയും കൊണ്ട് അടയാളപ്പെടുത്തി. ഓട്ടോമൻ സാമ്രാജ്യവുമായുള്ള സംഘട്ടനം മനഃപൂർവം ഒഴിവാക്കിയ അദ്ദേഹത്തിൻറെ, കിഴക്ക് ഉസ്ബെക്കുകളുമായുള്ള ബന്ധവും വളരെ സൗഹാർദ്ദപരമായിരുന്നു. മുഗൾ സാമ്രാജ്യവുമായുള്ള യുദ്ധസമയത്ത് സൈന്യത്തെ നയിച്ചുകൊണ്ട് കാണ്ഡഹാർ നഗരം വിജയകരമായി വീണ്ടെടുത്ത അദ്ദേഹം ഒരു സൈന്യാധിപൻ എന്ന നിലയിലുള്ള തൻറെ പ്രശസ്തിയും വർദ്ധിപ്പിച്ചു. അദ്ദേഹത്തിന്റെ ആജ്ഞാനുസൃതം, കാർട്ട്‌ലിയിലെ രാജാവും സഫാവിദ് സാമന്തനുമായിരുന്ന റുസ്‌തം ഖാൻ 1648-ൽ കഖേതി രാജ്യം ആക്രമിക്കുകയും വിമത രാജാവായ ടെയ്‌മുറാസ് ഒന്നാമനെ നാടുകടത്തി. 1651-ൽ, റഷ്യയിലെ സാറുകളടെ പിന്തുണയോടെ തന്റെ നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കാൻ ടീമുറാസ് ശ്രമിച്ചുവെങ്കിലും 1651-നും 1653-നും ഇടയിൽ നടന്ന ഒരു ചെറിയ പോരാട്ടത്തിൽ അബ്ബാസിന്റെ സൈന്യം റഷ്യക്കാരെ പരാജയപ്പെടുത്തി. ടെറക് നദിയുടെ ഇറാനിയൻ ഭാഗത്തുള്ള റഷ്യൻ കോട്ട തകർത്തതാണ് യുദ്ധത്തിന്റെ ഒരു സുപ്രധാന സംഭവം. 1659 നും 1660 നും ഇടയിൽ ജോർജിയക്കാരുടെ നേതൃത്വത്തിൽ നടന്ന ഒരു കലാപവും അബ്ബാസ് അടിച്ചമർത്തിയ അബ്ബാസ്, വക്താങ് അഞ്ചാമനെ കാർട്ടലിയിലെ രാജാവായി അംഗീകരിച്ചതോടൊപ്പം വിമത നേതാക്കളെ വധിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ഭരണത്തിന്റെ മദ്ധ്യവർഷങ്ങൾ മുതൽ, സഫാവിദ് ഭരണത്തിൻറെ അന്ത്യം വരെയുള്ള കാലത്ത് രാജ്യം അബ്ബാസിന് കീഴിൽ സാമ്പത്തിക മാന്ദ്യം അനുഭവിച്ചു. വരുമാന വർദ്ധനവിനായി, 1654-ൽ അബ്ബാസ് ഒരു പ്രശസ്ത സാമ്പത്തിക വിദഗ്ധനായ മുഹമ്മദ് ബേഗിനെ നിയമിച്ചു. എന്നിരുന്നാലും, സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ അദ്ദേഹത്തിൻറെ ശ്രമങ്ങൾക്ക് കഴിഞ്ഞില്ല. മുഹമ്മദ് ബേഗിന്റെ ശ്രമങ്ങൾ പലപ്പോഴും ഖജനാവിനെ ക്ഷയിപ്പിക്കുന്നതായിരുന്നു. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് കൈക്കൂലി വാങ്ങിയ അദ്ദേഹം തൻറെ കുടുംബാംഗങ്ങളെ വിവിധ സ്ഥാനങ്ങളിൽ നിയമിക്കുകയും ചെയ്തു. 1661-ൽ, മുഹമ്മദ് ബേഗിനുപകരം ദുർബലനും നിഷ്‌ക്രിയനുമായ മിർസ മുഹമ്മദ് കാരാക്കി നിയമിതനായി. കൊട്ടാരത്തിൻറ അകത്തളങ്ങളിലെ ഷായുടെ ഇടപാടുകളിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കിനിർത്തിയതിനാൽ ഭാവിയിലെ സുലൈമാൻ എന്ന ഇറാന്റെ അടുത്ത സഫാവിദ് ഷാ സാം മിർസയുടെ അസ്തിത്വത്തെക്കുറിച്ച് അദ്ദേഹത്തിന് അറിവില്ലായിരുന്നു.
അബ്ബാസ് രണ്ടാമൻ 1666 സെപ്റ്റംബർ 25-ന് തൻറെ മുപ്പത്തി നാലാമത്തെ വയസ്സിൽ അന്തരിച്ചു. സഫാവിദ് രാജവംശത്തിലെ അവസാനത്തെ ശക്തനായ രാജാവ് എന്ന് ആധുനിക ചരിത്രകാരന്മാർ വിശേഷിപ്പിച്ച അദ്ദേഹം, രാജ്യ കാര്യങ്ങളിൽ നിരന്തരം ശ്രദ്ധ ചെലുത്തിക്കൊണ്ട് പിതാവിൽ നിന്നും പിൻഗാമികളിൽ നിന്നും വേറിട്ട ഒരു വ്യക്തിത്വം നിലനിറുത്തിയിരുന്നു. നീതിബോധത്തിന് പേരുകേട്ട ഒരു രാജാവെന്ന നിലയിൽ പാശ്ചാത്യ ചരിത്രകാരന്മാരും നിരീക്ഷകരും അദ്ദേഹത്തെ പലപ്പോഴും കലാപരഹിതവും സ്വതന്ത്രമായി യാത്ര ചെയ്യാൻ താരതമ്യേന സുരക്ഷിതവുമായ ഒരു രാജ്യം ഭരിച്ച മഹാമനസ്കനും സഹിഷ്ണുതയുമുള്ള ഒരു രാജാവായാണ് അദ്ദേഹത്തെ ചിത്രീകരിച്ചത്. ചില ചരിത്രകാരന്മാർ പിതാവിന് സമാനമായ ക്രൂര പ്രവൃത്തികൾക്കും ഇറാനിയൻ ജൂതന്മാരെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കിയതിൻറെ പേരിലും അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്, എന്നിരുന്നാലും മിക്കവരും ക്രിസ്ത്യാനികളോടുള്ള അദ്ദേഹത്തിന്റെ സഹിഷ്ണുത രേഖപ്പെടുത്തിയിട്ടുണ്ട്. 1722-ൽ സഫാവിദ് രാജവംശത്തിന്റെ പതനത്തിനുശേഷം, വ്യാഖ്യാതാക്കൾ, സഫാവിദ് ഭരണകൂടത്തിന്റെ പതനത്തെ താൽക്കാലികമായി പിടിച്ചുനിർത്തി, സമൃദ്ധിയുടെയും സ്ഥിരതയുടെയും സമാധാനത്തിന്റെതുമായ ഒരു കാലഘട്ടം സൃഷ്ടിച്ച്, മരണത്തോടെ എന്നെന്നേക്കുമായി അവസാനിച്ച ഒരു ശക്തനായ ഭരണാധികാരിയായി അദ്ദേഹത്തെ ഓർക്കുന്നു.
പശ്ചാത്തലം
[തിരുത്തുക]ഇസ്മായിൽ ഒന്നാമൻ അഖ് ഖ്വോയുൻലു തുർക്കോമൻമാരിൽ നിന്ന് തബ്രിസ് നഗരം പിടിച്ചെടുത്ത് ഇറാന്റെ ഷാ ആയി സ്വയം പ്രഖ്യാപിച്ചതോടെ 1501-ൽ സഫാവിദ് രാജവംശം അധികാരത്തിലേക്ക് ഉയർന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായി സ്ഥാനമേറ്റെടുത്ത മകൻ തഹ്മാസ്പ് ഒന്നാമൻറെ ഭരണകാലം 1532-1555 ലെ നീണ്ട ഓട്ടോമൻ-സഫാവിഡ് യുദ്ധം ദർശിച്ചു. മെസപ്പൊട്ടേമിയയിൽ ഒട്ടോമനുകളിലേയ്ക്ക് തങ്ങളുടെ ഭൂമി നഷ്ടപ്പെട്ടെങ്കിലും പിതാവിന്റെ സാമ്രാജ്യം തകരാതെ സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സഫാവിദ് രാജ്യത്തിന് തഹ്മാസ്പ് ഒരു പുതിയ രാഷ്ട്രീയ മാനം നൽകുകയും ഇറാനിയൻ ബ്യൂറോക്രസിയിലെ ക്വിസിൽബാഷ് സ്വാധീനം ഗണ്യമായി കുറയ്ക്കുകയും ചെയ്തു.[1] രാജകൊട്ടാരത്തിലെ തുർക്കോമാൻ, ഇറാനിയൻ സ്വാധീനവും കുറയ്ക്കുന്നതിനായി കോക്കസസിൽ നിന്ന് കൊണ്ടുവന്ന ജോർജിയൻ, അർമേനിയൻ അടിമകൾ അടങ്ങുന്ന ഒരു "മൂന്നാം സേന" അദ്ദേഹം വികസിപ്പിച്ചെടുത്തു.[2] നീണ്ടകാലത്തെ ഭരണത്തിനുശേഷം 1576-ൽ തഹ്മാസ്പ് മരണമടഞ്ഞു. മരണസമയത്ത് തന്റെ പതിമൂന്ന് പുത്രന്മാരിൽ ആരെയും തന്റെ അനന്തരാവകാശിയായി അദ്ദേഹം തിരഞ്ഞടുക്കാതിരുന്നതിനാൽ ഒരു ആഭ്യന്തരയുദ്ധം അനിവാര്യമായി.[3] ഒടുവിൽ, അദ്ദേഹത്തിന്റെ സഹോദരൻ ഹെയ്ദർ മിർസയെ ഉന്മൂലനം ചെയ്തതിന് ശേഷം, രണ്ടാമത്തെ മകൻ ഇസ്മായിൽ രണ്ടാമൻ, ഭൂരിപക്ഷം ഖിസിൽബാഷ് ഗോത്രങ്ങളുടെ പിന്തുണയോടെ രാജാവായി.[4] ഇറാന്റെ ഔദ്യോഗിക മതമായ സുന്നിസത്തെ പുനർനിർമ്മിക്കുക, രാജകുടുംബത്തിലെ ഭൂരിഭാഗം പേരെയും കൊല്ലുക എന്നീ രണ്ട് പ്രധാന സംഭവങ്ങളാൽ ഇസ്മായിൽ രണ്ടാമന്റെ ഭരണം നിർവചിക്കപ്പെട്ടിരിക്കുന്നു.[5] 1577-ൽ ഒരു ഹ്രസ്വ ഭരണത്തിനു ശേഷം, വിഷം കലർന്ന കറുപ്പ് കഴിച്ച് അദ്ദേഹം മരിച്ചു. ഇത് അദ്ദേഹത്തിന്റെ സഹോദരി പാരി ഖാൻ ഖാനവും ഖിസിൽബാഷ് നേതാക്കളും ചേർന്ന് ഗൂഢാലോചന നടത്തിയാവാമെന്ന് അനുമാനിക്കപ്പെടുന്നു.[3]
ഇസ്മായിൽ രണ്ടാമന്റെ പിൻഗാമിയായി അന്ധനായ സഹോദരൻ മുഹമ്മദ് ഖോദബന്ദ അധികാരമേറ്റെടുക്കുകയും അദ്ദേഹത്തിന്റെ ഭരണകാലം തുടർച്ചയായ അസ്ഥിരതയുടേതായിത്തീരുകയും ചെയ്തു.[6] 1578-ൽ, ഓട്ടോമനുകൾ ദുർബലമായ സഫാവിഡ് രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും കോക്കസസിലെ സഫാവിഡ് ഭരണപ്രദേശങ്ങൾ കീഴടക്കിയതോടൊപ്പം അസർബൈജാൻറെ ഭൂരിഭാഗവും പിടിച്ചടക്കുന്നതിൽ വിജയിക്കുകയും ചെയ്തു.[7] 1587-ൽ മുഹമ്മദ് ഖോദബന്ദയെ അദ്ദേഹത്തിന്റെ ഇളയ മകൻ അബ്ബാസ് ഒന്നാമൻ അട്ടിമറിച്ചു.[8] വലിയ സൈനിക ശക്തി പ്രദർശിപ്പിച്ച അബ്ബാസ് ഒന്നാമൻ, തന്റെ മുൻഗാമികൾക്ക് നഷ്ടപ്പെട്ട ഭൂരിഭാഗം പ്രദേശങ്ങളും തിരിച്ചുപിടിച്ചതൊടൊപ്പം സൈനിക ശക്തി മെച്ചപ്പെടുത്തുക, ഭരണകൂടത്തിൻറെ നിയന്ത്രണം കേന്ദ്രീകരിക്കുക, ഇറാന്റെ ആഭ്യന്തരവും അന്തർദേശീയവുമായ വാണിജ്യ വ്യാപ്തി വികസിപ്പിക്കുക എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത ഒരു കൂട്ടം ദീർഘവീക്ഷണമുള്ള നയങ്ങൾ സ്വീകരിച്ചു.. ക്രൂരതയൊടൊപ്പം നീതിബൊധവും പ്രദർശിപ്പിച്ച അദ്ദേഹം ജനങ്ങളുമായി സമ്പർക്കം പുലർത്തിക്കൊണ്ട് തൻറെ അധികാരത്തിനെതിരായ ഭീഷണികളെ കഠിനമായി അമർച്ച ചെയ്തു.[9] ഈ ഗുണങ്ങളെല്ലാം ഒടുവിൽ അദ്ദേഹത്തെ മഹാനായ അബ്ബാസ് എന്ന് വിളിക്കാൻ കാരണമായി.[10]
മഹാനായ അബ്ബാസിന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ ചെറുമകൻ സാഫി അധികാരമേറ്റു.[11] അന്തർമുഖനും നിഷ്ക്രിയനുമായ ഒരു വ്യക്തിയായ സാഫിക്ക് തന്റെ മുത്തച്ഛൻ അവശേഷിപ്പിച്ച അധികാര ശൂന്യത നികത്താൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ അധികാരത്തെ തുരങ്കം വച്ചുകൊണ്ട് രാജ്യത്തുടനീളം നിരന്തരം കലാപങ്ങൾ അഴിച്ചുവിട്ടു. മഹാനായ അബ്ബാസിന്റെ ഭരണകാലത്ത് പ്രാരംഭ വിജയത്തോടെ തുടങ്ങിയ ഒട്ടോമൻ സാമ്രാജ്യവുമായുള്ള തുടർ യുദ്ധം ഇറാന്റെ അപമാനകരമായ തോൽവിയിലും തുടർന്നുള്ള സുഹാബ് ഉടമ്പടിയിലും അവസാനിച്ചതോടെ മെസൊപ്പൊട്ടേമിയയിലെ ഇറാന്റെ ഭൂരിഭാഗം വിജയങ്ങളും ഓട്ടോമൻസിന് കീഴിൽ അടിയറ വയ്ക്കപ്പെട്ടു.[12]
ഭരണയോഗ്യത നേടാതിരിക്കുവാനായ സഫാവിദ് രാജകുമാരിമാരുടെ പുത്രന്മാരും മഹാനായ അബ്ബാസിന്റെ പുത്രന്മാരും അന്ധരാക്കപ്പെട്ടതുൾപ്പെടെ, തന്റെ അധികാരം ഉറപ്പിക്കുന്നതിനായി, സാഫി സിംഹാസനത്തിലേക്കുള്ള എല്ലാ അവകാശവാദികളെയും സാധ്യതയുള്ള എല്ലാ മാർഗ്ഗങ്ങളിലൂടെയും ഉന്മൂലനം ചെയ്തു. ഈ ശുദ്ധീകരണത്തിൽ സാമ്രാജ്യത്തിലെ പ്രമുഖരുടെ മരണവും ഉൾപ്പെടുന്നു.[13] സാഫിയുടെ ക്രൂരതയുടെ ഒരു ഉദാഹരണം 1632 ഫെബ്രുവരി 20-ന് രാത്രിയിൽ സംഭവിച്ച രക്തരൂക്ഷിതമായ മഅബസ് എന്നും അറിയപ്പെടുന്ന സംഭവത്തിൽ തൻറെ അന്തപ്പുരത്തിലെ നാൽപ്പത് സ്ത്രീകളെ വധിച്ചതാണ്. അദ്ദേഹത്തിന്റെ അവസാനത്തെ നീച പ്രവൃത്തി, തന്റെ ഗ്രാൻഡ് വിസിയർ, മിർസ തലേബ് ഖാനെ വധിച്ചതിനുശേഷം പകരം സരു താക്കി എന്നറിയപ്പെടുന്ന മിർസ മുഹമ്മദ് താഖി ഖാൻ എന്ന ഗുലാമിനെ (സൈനിക അടിമ) തൽസ്ഥാനത്ത് നിയമിച്ചതാണ്.[14]
ഒരു നപുംസകനെന്ന നിലയിൽ, രാജകീയ അന്തപ്പുരത്തിലേയ്ക്ക് പ്രവേശനമുണ്ടായിരുന്ന സാരു താക്കി ഷായുടെ വെപ്പാട്ടികളുമായി ബന്ധം സ്ഥാപിക്കാൻ ഈ കഴിവ് ഉപയോഗിച്ചു. അയാൾ സാഫിയെ സ്വാധീനിച്ചുകൊണ്ട്, ഫാർസ് പ്രവിശ്യയെ രാജകീയ ആധിപത്യത്തിലേയ്ക്ക് എത്തിക്കുകയും സ്വാധീന മേഖലകൾ വർദ്ധിപ്പിക്കാൻ ഷായെ പ്രേരിപ്പിക്കുകയും ചെയ്തു.[15] രാജ്യത്തുടനീളം പ്രത്യേകിച്ച് ഇസ്ഫഹാനിലെ അർമേനിയൻ ജനസംഖ്യയുടെ മേൽ കനത്ത നികുതി ചുമത്തിയ അയാൾ ഗിലാനിലെ മുൻ ഗവർണറുടെ വരുമാന ഉറവിടങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.[16] അത്യാഗ്രഹിയെന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തെ പാശ്ചാത്യ നിരീക്ഷകർ ഒരു കൈക്കൂലിക്കാരനെന്ന് ആരോപിച്ചിരുന്നു.[15] 1634-ൽ, സരു താഖി തന്റെ സഹോദരൻ മുഹമ്മദ് സാലിഹ് ബേഗിനെ മസാന്ദരനിലെ ഗവർണറായി നിയമിച്ചു. സാരു താക്കിയുടെ കുടുംബം സാഫിയുടെ ഭരണത്തിന്റെ അവസാനം വരെ പ്രവിശ്യയുടെ ഗവർണർ പദവി വഹിച്ചിരുന്നു.[17]
1642 മെയ് 12-ന് പാരമ്പര്യമായി ലഭിച്ചതിനേക്കാൾ ചെറിയ ഒരു രാജ്യം അവശേഷിപ്പിച്ചുകൊണ്ട് അമിതമായ മദ്യപാനാസക്തി മൂലം സാഫി മരിച്ചു.
അവലംബം
[തിരുത്തുക]- ↑ Roemer 2008, പുറം. 249 ; Khafipour 2021, പുറം. 121
- ↑ Hitchins 2001.
- ↑ 3.0 3.1 Ghereghlou 2016.
- ↑ Savory 2007, പുറം. 69.
- ↑ Mitchell 2009b, പുറം. 145.
- ↑ Newman 2008, പുറം. 41.
- ↑ Roemer 2008, പുറം. 266.
- ↑ Roemer 2008, പുറം. 261.
- ↑ Matthee 2019, പുറം. 247.
- ↑ Savory 2007, പുറം. 101.
- ↑ Matthee 2021, പുറം. 144.
- ↑ Roemer 2008, പുറം. 285.
- ↑ Roemer 2008, പുറം. 280.
- ↑ Matthee 2021, പുറം. 146.
- ↑ 15.0 15.1 Matthee 1999, പുറം. 130.
- ↑ Newman 2008, പുറം. 76.
- ↑ Matthee 2019, പുറം. 41.