Jump to content

മഹാത്മാ ഗാന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗാന്ധി
1931-ൽ ഗാന്ധി
ജനനം
മോഹൻദാസ് കരംചന്ദ് ഗാന്ധി

(1869-10-02)2 ഒക്ടോബർ 1869
പോർബന്തർ, പോർബന്തർ സംസ്ഥാനം, കത്തിയവാർ ഏജൻസി, ബ്രിട്ടീഷ് ഇന്ത്യ
മരണം30 ജനുവരി 1948(1948-01-30) (പ്രായം 78)
മരണ കാരണംകൊലപാതകം (വെടിയേറ്റ മുറിവുകൾ)
സ്മാരകങ്ങൾ
മറ്റ് പേരുകൾബാപ്പു
പൗരത്വം
കലാലയംഇൻസ് ഓഫ് കോർട്ട് സ്കൂൾ ഓഫ് ലോ
തൊഴിൽ
  • അഭിഭാഷകൻ
  • കൊളോണിയലിസ്റ്റ് വിരുദ്ധൻ
  • രാഷ്ട്രീയ ധർമജ്ഞാനി
സജീവ കാലം1893–1948
കാലഘട്ടംബ്രിട്ടീഷ് രാജ്
അറിയപ്പെടുന്നത്
അറിയപ്പെടുന്ന കൃതി
എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ് (1920–1934)
പ്രസ്ഥാനംഇന്ത്യൻ സ്വാതന്ത്ര്യ സമരം
ജീവിതപങ്കാളി(കൾ)
(m. 1883; died 1944)
കുട്ടികൾ
മാതാപിതാക്ക(ൾ)
ബന്ധുക്കൾകാണുക മഹാത്മാഗാന്ധിയുടെ കുടുംബം;
സി.രാജഗോപാലാചാരി (ഗാന്ധിയുടെ മകൻ ദേവദാസിന്റെ അമ്മായിയപ്പൻ)
പുരസ്കാരങ്ങൾടൈം പേഴ്സൺ ഓഫ് ദ ഇയർ (1930)
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്
ഓഫീസിൽ
December 1924 – April 1925
മുൻഗാമിഅബുൽ കലാം ആസാദ്
പിൻഗാമിസരോജിനി നായിഡു
ഒപ്പ്
ഗാന്ധിജിയുടെ ഒപ്പ്
father of indian nation
മഹാത്മാഗാന്ധി

മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി (ഗുജറാത്തി: મોહનદાસ કરમચંદ ગાંધી, ഹിന്ദി: मोहनदास करमचंद गांधी) അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.

ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.

ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽ‌സൺ മണ്ടേല, ഓങ് സാൻ സൂ ചി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായും(2007 മുതൽ) പ്രഖ്യാപിചിട്ടുണ്ട്

പൂർവികർ

[തിരുത്തുക]

ഗാന്ധിയുടെ കുടുംബം ബനിയ ജാതിയിൽ പെട്ടവർ ആയിരുന്നു. അവർ വ്യാപാരികളും പണമിടപാടുകാരും ആയിരുന്നു. ബനിയ ജാതി വർണശ്രേണിയിൽ ബ്രാഹ്മിണ ക്ഷത്രീയർക്കും ശൂദ്രർകും ഇടയിൽ സ്ഥിതി ചെയ്തു. നാം അറിയുന്ന ഗാന്ധിജിയെ പോലെ അല്ലാതെ, അദ്ദേഹത്തിന്റെ കുടുംബം മാംസാഹാരികൾ ആയിരുന്നു. അവരുടെ സ്വദേശം ഗുജറാത്തിലെ കത്തിയവാർ പ്രദേശമായിരുന്നു. കത്തിയവാർ എന്ന് അറിയപെടുന്നത് തെക്കൻ ഗുജറാത്തിലെ ഇരുപത്തിമൂവായിരത്തിൽ അധികം ചതുരശ്ര കിലോമീറ്റർ വിസ്തീർണം ഉള്ള ഒരു ഉപദ്വീപ് ആണ്. ഗാന്ധിജി ജനിച്ചു വളർന്ന പോർബന്തർ കത്തിയവാറിന്റെ തെക്കുപടിഞ്ഞാറുള്ള ഒരു നാട്ടുരാജ്യം ആയിരുന്നു. കത്തിയവാറിലെ 74 നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു അത്. ഒൻപതാം നൂറ്റാണ്ടു മുതൽ പോർബന്തർ ഭരിച്ചിരുന്നത് ജേത്വ വർഗക്കാർ ആയിരുന്നു. രജപുത്രർ ആയിരുന്ന അവർ തങ്ങളുടെ രാജാവിനെ 'റാണ' എന്നായിരുന്നു അഭിസംഭോധന ചെയ്തിരുന്നത്. പോർബന്ദർ ഒരു 'ക്ലാസ്സ്‌ 1' നാട്ടുരാജ്യം ആയിരുന്നു. അതായത്, പോർബന്തറിലെ നയതന്ത്രത്തിൽ രാജാവിനു പൂർണ അധികാരം ഉണ്ടായിരുന്നു[1].

ഗാന്ധി കുടുംബത്തെ പറ്റി ഉള്ള ആദ്യ ചരിത്രപരമായ പരാമർശം ഗാന്ധിജിക്കു ആറു തലമുറ മുൻപ് ഉള്ള ലാൽജി ഗാന്ധിയെ പറ്റി ആണ്. ലാൽജി ഗാന്ധി തെക്കൻ ഗുജറാത്തിലെ ജുനാഗധിൽ നിന്ന് പോർബന്തറിലേക്ക് കുടിയേറി പാർത്തിരുന്നു. അദ്ദേഹം പോർബന്ദറിൽ ദിവാനു കീഴിൽ ഒരു സാധാരണജോലിക്കാരനായി ജീവിച്ചു. അദ്ദേഹത്തെ പിന്തുടർന്ന തലമുറക്കാരും അതെ ജോലി ചെയ്തു ജീവിച്ചു. എന്നാൽ അദ്ദേഹത്തിന്റെ നാലാം തലമുറയിൽ പെട്ട ഉത്തംച്ചന്ദ് ഗാന്ധി തന്റെ കഴിവുകൾ തെളിയിച്ച് ദിവാൻ ആയി സ്ഥാനകയറ്റം നേടി. 'ഒട്ടാ ബാപു' എന്നു കൂടി അറിയപെട്ട അദ്ദേഹത്തിന്റെ കീഴിൽ രാജ്യം സാമ്പത്തികപരമായി ശക്തി പ്രാപിച്ചു. തന്റെ നയതന്ത്രപാടവത്താൽ റാണയും കമ്പനിയും തമ്മിലുള്ള ബന്ധം ശക്തിപെടുത്തി. എന്നാൽ റാണയുടെ അപ്രതീക്ഷിത മരണത്തോടെ രാജ്ഞി ഭരണത്തിനു കീഴിൽ വന്ന രാജ്യത്തിൽ നിന്നു ലാൽജി ഗാന്ധി നാടുകടത്തപെട്ടു. റാണയും ആയുള്ള അടുപ്പം കാരണവും രാജ്ഞിയുമായി ഉള്ള അസുഖകരമായ ബന്ധം കാരണം ആണ് ഇതെന്നു പറയപെടുന്നു. രാജകുമാരനായ റാണ വിക്മത്ജി പ്രായപൂർത്തി ആയതോടെ രാജ്ഞി തന്റെ മകനു ഭരണം കൈമാറി. റാണ വിക്മത്ജി തന്റെ അച്ഛന്റെ വിശ്വസ്തനെ ദിവാൻ ആയി തിരിച്ചു കൊണ്ടുവന്നു. 1841 മുതൽ 1847 വരെ ഉത്തംച്ചന്ദ് ഗാന്ധി ദിവാൻ ആയി സേവിച്ചു. 1847-ൽ തന്റെ മകൻ ആയ കരംചന്ദ്‌ ഗാന്ധിയ്ക്ക് തന്റെ ഉദ്യോഗം കൈമാറി വിശ്രമ ജീവിതം ആരംഭിച്ചു. മഹാത്മാ ഗാന്ധിയുടെ അച്ഛൻ ആയിരുന്നു കാബ ഗാന്ധി എന്ന് കൂടി അറിയപെട്ടിരുന്ന കരംചന്ദ്‌ ഗാന്ധി. റാണ വിക്മത്ജിയും കാബ ഗാന്ധിയും സമപ്രായക്കാരും നല്ല ചങ്ങാതിമാരും കൂടെ ആയിരുന്നു. അവർക്ക് പല വിഷയങ്ങളിലും സമ അഭിപ്രായമായിരുന്നു. അവരുടെ ബ്രിട്ടീഷ്രുകാരുമായുള്ള വിയോജിപ്പ് കാരണം പല വിഷമങ്ങളും ഒരുമിച്ച് നേരിടേണ്ടി വന്നു. കരംചന്ദ് ഗാന്ധി ദിവാൻ ആയിരിക്കെ പോർബന്ദർ ക്ലാസ്സ്‌ 1-ൽ നിന്ന് ക്ലാസ്സ്‌ 3-ലേക്ക് തരം താഴ്ത്തപെട്ടു[2]. കാബ ഗാന്ധിയുടെ നാലാമത്തെ ഭാര്യ ആയിരുന്നു പുതലിഭായ്. അവരുടെ മക്കളിൽ നാലാമൻ ആയിരുന്നു മഹാത്മ. ലക്ഷ്മിദാസ് (ജനനം:1860), റാലിയത്ത് ബെഹ്ൻ(ജനനം:1862), കർസൻദാസ്‌ (ജനനം:1867) ആയിരുന്നു ഗാന്ധിജിയുടെ സഹോദരങ്ങൾ. 1874-ൽ ബ്രിട്ടിഷുകാരുടെ ഇടപെടൽ മൂലം കാബ ഗാന്ധിക്ക് രാജ്കോട്ട് താകൂറിന്റെ ഉപദേഷ്ടാവായി സ്ഥാനമാറ്റം ലഭിച്ചു. രണ്ടു വർഷത്തിനു ശേഷം 1876-ൽ അദ്ദേഹം താകൂറിന്റെ ദിവാൻ ആയി സ്ഥാനക്കയറ്റം കിട്ടി. 1881-ൽ രാജ്കോട്ടിൽ സ്വന്തമായി ഒരു വീട് നിർമിച്ചു ഗാന്ധി കുടുംബം അങ്ങോട്ട്‌ നീങ്ങി. 1885-ൽ കാബ ഗാന്ധി ഇഹലോകവാസം വെടിഞ്ഞു[3].

ബാല്യം

[തിരുത്തുക]
ഗാന്ധിയും കസ്തൂർബയും,1902

കരംചന്ദ്‌ ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി 1869 ഒക്ടോബർ 2-ന്‌ ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ചു. ഒരു സഹോദരിയും(റലിയത്ത് ബഹൻ‍) അദ്ദേഹത്തിനുണ്ടായിരുന്നു. വൈശ്യകുലത്തിലെ ബനിയ ജാതിക്കാരായ ആ കുടുംബം വൈഷ്ണവവിശ്വാസികളായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കരംചന്ദ് വാങ്കനഗറിലും രാജ്‌കോട്ടിലേയും മുഖ്യമന്ത്രിയായിരുന്നു. കരംചന്ദ് നാലു വിവാഹങ്ങൾ ചെയ്തിരുന്നു അവസാനത്തെ ഭാര്യയായിരുന്നു പുത്‍ലിബായി. മുത്തച്ഛൻ പോർബന്ദറിൽ ദിവാൻ ആയിരുന്നു. അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു. അദ്ദേഹത്തിന് മതകാര്യങ്ങളിൽ ഒന്നും അത്ര പിടിപാടുണ്ടായിരുന്നില്ല. അമ്മയാകട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു. അമ്മ അന്നത്തെ രാജാവായിരുന്ന ഠാക്കൂറിന്റെ വിധവയായ അമ്മയുമായി നല്ല ബന്ധത്തിലായിരുന്നു.[4]

മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്‌കോട്ടിൽ ജോലി സ്വീകരിച്ചു. അതിനാൽ മോഹൻദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ പതിമൂന്നാമത്തെ വയസ്സിൽ (1881) പോർബന്ദറിലെ വ്യാപാരിയായ ഗോകുൽദാസ് മകാൻ‍ജിയുടെ മകൾ കസ്തൂർബയെ വിവാഹം കഴിച്ചു. നിര‍ക്ഷരയായ കസ്തൂർ‍ബായെ മോഹൻ‍ദാസ് പഠിപ്പിച്ചു. വിവാഹത്തിനുശേഷവും തന്റെ വിദ്യാഭ്യാസം അദ്ദേഹം തുടർന്നു. ചെറുപ്പകാലത്ത് അത്രയൊന്നും മിടുക്കനായ വിദ്യാർത്ഥിയായിരുന്നില്ല മോഹൻ‍ദാസ്. മെട്രിക്കുലേഷൻ വളരെ കഷ്ടപ്പെട്ടാണ് വിജയിച്ചത്. ബാരിസ്റ്റർ ആവാനായി കുടുംബാംഗങ്ങൾ നിർബന്ധിച്ചതിനാലാണ് വിദ്യാഭ്യാസം തുടർന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. [2]

അദ്ദേഹത്തിന്റെ അച്ഛൻ 1885-ൽ അന്തരിച്ചു. 1887-ലായിരുന്നു‍ മോഹൻ‍ദാസ് മെട്രിക്കുലേഷൻ പൂർത്തിയാക്കിയത്. പിന്നീട് ഭവനഗറിലെ സമൽദാസ് കോളേജിൽ പഠനo തുടർന്നു. ജ്യേഷ്ഠന്റെ നിർബന്ധത്തിനു വഴങ്ങി 1888 സെപ്റ്റംബർ മാസത്തിൽ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി.

ഇംഗ്ലണ്ടിൽ

[തിരുത്തുക]
ഇംഗ്ലണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം 1890-ൽ

ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു, ഹരിലാൽ ഗാന്ധി. ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം നിയമം പഠിച്ചത്. ലണ്ടനിലേക്ക് കപ്പൽ കയറുമ്പോൾ മദ്യവും മാംസവും കഴിക്കില്ലെന്ന് അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു. ആ വാക്കു പാലിച്ച് പൂർണ്ണ സസ്യഭുക്കായിത്തന്നെ ലണ്ടനിൽ കഴിച്ചുകൂട്ടി. ഇക്കാര്യത്തിൽ അമ്മയോടുള്ള വാക്കു പാലിച്ചതിനുപുറമേ സസ്യാഹാരത്തെപ്പറ്റി പഠിക്കുകയും അതിന്റെ ഗുണത്തെക്കുറിച്ച് അറിവ് നേടുകയും വെജിറ്റേറിയൻ ക്ലബ്ബിൽ ചേർന്ന് അതിന്റെ നിർവ്വാഹക സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് അദ്ദേഹം ഈ ക്ലബ്ബിന്റെ ഒരു ചെറിയ വിഭാഗം പ്രാദേശികമായി തുടങ്ങി.

ഇത് അദ്ദേഹത്തെ പൊതുപ്രവർത്തനത്തിൽ പരിശീലനം നേടാൻ സഹായിച്ചു. ഈ ക്ലബ്ബിൽ വച്ച് അദ്ദേഹം പരിചയപ്പെട്ട ചില സസ്യഭുക്കുകൾ അക്കാലത്ത് സാർവ്വത്രിക സാഹോദര്യം കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിച്ചിരുന്ന തിയോസഫികൽ സൊസൈറ്റി എന്ന ഒരു രാജ്യാന്തര സഘത്തിന്റെ പ്രവർത്തകരായിരുന്നു. അവരിലുടെ ഗാന്ധി ഹിന്ദുത്വം, ബുദ്ധമതം, ബ്രാഹ്മണ സാഹിത്യം തുടങ്ങിയവ പഠിക്കാൻ ഇടയായി. ഇംഗ്ലണ്ടിൽ വച്ചാണ് അദ്ദേഹം ആദ്യമായി ഭഗവദ് ഗീത വായിക്കുന്നത്. ഗാന്ധിയുടെ ആത്മീയ ജിവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഒരു ഗ്രന്ഥമായിരുന്നു അത്. അന്നുവരെ മതകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയൊന്നുമില്ലാതിരുന്ന മോഹൻദാസ് ബൈബിൾ, ഖുർആൻ തുടങ്ങിയ മതഗ്രന്ഥങ്ങളും പഠിച്ചു.

ലണ്ടൻ മട്രിക്കുലേഷൻ പരീക്ഷ എഴുതിയെങ്കിലും ആദ്യം ലത്തീനിൽ പരാജയപ്പെട്ടു. എങ്കിലും വീണ്ടും എഴുതി അതിൽ വിജയം കൈവരിച്ചു. 1891-ൽ നിയമപഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി. അമ്മയുടെ മരണവാർത്തയാണ് അദ്ദേഹത്തെ ഇന്ത്യയിൽ എതിരേറ്റത്. ഇന്ത്യയിൽ എത്തിയ ശേഷം മുംബയിലെ രാജ്‌കോട്ട് കോടതിയിൽ അഭിഭാഷക വൃത്തി ആരംഭിച്ചുവെങ്കിലും ആദ്യത്തെ വ്യവഹാരത്തിൽത്തന്നെ ശരീരം വിറച്ച് ഒരക്ഷരം മിണ്ടാൻ പറ്റാതെ ജോലി അവസാനിപ്പിച്ച് മടങ്ങി. പിന്നീട് അദ്ദേഹം ആവശ്യക്കാർക്ക് പരാതി എഴുതിക്കൊടുക്കുന്ന ജോലി നോക്കിയെങ്കിലും ഇത് മൂത്ത ജ്യേഷ്ഠന് ഇഷ്ടപ്പെട്ടില്ല. ജ്യേഷ്ഠന്റെ നിർബന്ധഫലമായി അദ്ദേഹം സേട്ട് അബ്ദുള്ള എന്ന ദക്ഷിണാഫ്രിക്കൻ വ്യാപരിയുടെ ദാദാ അബ്ദുള്ള & കോ എന്ന ദക്ഷീണാഫ്രിക്കൻ കമ്പനിയുടെ വ്യവഹാരങ്ങൾ വാദിക്കുന്ന ഒരു വക്കീലായി ജോലി ഏറ്റെടുത്തു. കേസ് വാദിക്കുവാനായി കമ്പനി നിരവധി വക്കീലന്മാരെ ഏർപ്പാടാക്കിയിരുന്നു, അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയായിരുന്നു മോഹൻ‍ദാസിന്റെ ജോലി.

ദക്ഷിണാഫ്രിക്കയിൽ

[തിരുത്തുക]
നതാൾ ഇന്ത്യൻ കോൺഗ്രസ് സ്ഥാപന സമയത്ത് അംഗങ്ങൾക്കൊപ്പം 1895-ൽ

1893-ൽ ഗാന്ധി വീണ്ടുംദക്ഷിണാഫ്രിക്കയിൽ നാറ്റാളിൽ എത്തി. എന്നാൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അദ്ദേഹത്തിന്റെ മനസ്സിനെ പുതിയൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. വെള്ളക്കാർ മറ്റെല്ലാ ആളുകളേയും അധമരായാണ് കണക്കാക്കിയിരുന്നത്. തീവണ്ടിയിൽ ഉയർന്ന ശ്രേണികളിലെ കൂപ്പകളിൽ ഇന്ത്യക്കാരേയോ കറുത്ത വർഗ്ഗക്കാരെയോ കയറാൻ അനുവദിച്ചിരുന്നില്ല. വെള്ളം കുടിക്കാനുള്ള പൊതു ടാപ്പുകളിൽ നിന്ന് വെള്ളം കുടിച്ചാൽ പോലും അക്കൂട്ടർക്ക് കടുത്ത ശിക്ഷ നൽകപ്പെട്ടിരുന്നു.

ബോയർ യുദ്ധത്തിനിടക്ക് 1899-1900

ഒരിക്കൽ വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കാവുന്ന എ-ക്ലാസ് കൂപ്പയിൽ യാത്രചെയ്തതിന് ഗാന്ധിയെ മർദ്ദിക്കുകയും വഴിയിൽ പീറ്റർമാരീറ്റ്സ്ബർഗിൽ ഇറക്കി വിടുകയും ചെയ്തു. തുടർന്ന താഴ്ന്ന ക്ലാസിൽ യാത്ര തുടർന്ന അദ്ദേഹത്തെ തീവണ്ടിയുടെ ഗാർഡ് ഒരു വെള്ളക്കാരന് സ്ഥലം കൊടുക്കാഞ്ഞതിന് തല്ലി. ഈ സംഭവത്തിനുശേഷം ഗാന്ധി, ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. കുറച്ചു സമയം പ്രാക്ടീസിനും മറ്റുള്ള സമയം ഇത്തരം പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചു.

പ്രിട്ടോറിയയിലെ തയ്യബ് ഹാജി ഖാൻ മുഹമ്മദ് എന്ന ഇന്ത്യാക്കാരനായ വ്യാപാരിയുടെ സഹകരണത്തോടെ അവിടത്തെ ഇന്ത്യാക്കാരുടെ ഒരു യോഗം വിളിച്ചു കൂട്ടി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാർ അനുഭവിക്കുന്ന കഷ്ടതകൾക്കെതിരെ അദ്ദേഹം സംസാരിച്ചു. ഇംഗ്ലണ്ടിൽ പോലും ഇത്തരം അനാചാരങ്ങൾ ഇല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗാന്ധിയുടെ ആദ്യത്തെ പൊതുപ്രസംഗം അതായിരുന്നു. ഇന്ത്യാക്കാരുടെ വിദ്യാഭ്യാസമില്ലായ്മയും ശുചിത്വക്കുറവുമാണ് ഇതിനു കാരണം എന്നു വിശ്വസിച്ച്, അവ പരിഹരിക്കാനുള്ള നടപടികൾ അദ്ദേഹം ആസൂത്രണം ചെയ്തു. തീവണ്ടികളിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ പ്രവേശനം കിട്ടാനായി റെയിവേ അധികൃതരുമായി ഗാന്ധി കത്തിടപാടുകൾ നടത്തി. ഇന്ത്യാക്കാരുടെ സാമ്പത്തിക-സാമൂഹികനിലവാരത്തെക്കുറിച്ച് അദ്ദേഹം പഠിക്കാൻ ആരംഭിച്ചു. മതപരവും ആദ്ധ്യാത്മികവുമായ വളരെ ഗ്രന്ഥങ്ങൾ അദ്ദേഹം ഇക്കാലത്ത് പഠിച്ചു. അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങി. ഇതിന്റെ ഭാഗമായി, സുഹൃത്തുക്കളുമൊത്ത് നറ്റാൾ ഇന്ത്യൻ കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ആരംഭിച്ചു. ഇത് ഇന്ത്യാക്കാരുടെ അവകാശബോധത്തിൽ കാതലായ മാറ്റം ഉണ്ടാക്കി. നറ്റാളിലെ കരാർ തൊഴിലാളികളുടെ പ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടു. താമസിയാതെ ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം ‘ഗാന്ധിജി’ എന്ന് അറിയപ്പെടാൻ തുടങ്ങി.[5] 1896-ൽ അദ്ദേഹം ഭാര്യയേയും കുട്ടികളേയും കൊണ്ടുവരാനായി നാട്ടിലേക്ക് ഹ്രസ്വസന്ദർശനം നടത്തി. രാജ്‌കോട്ടിലെത്തിയ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ നില വിവരിച്ചുകൊണ്ട് ലഘുലേഖകളും പത്രപ്രസ്താവകളും ഇറക്കുകയും ജസ്റ്റീസ് റാനഡേ, ജസ്റ്റീസ് ബദറുദ്ദീൻ തയ്ബാജി, സർ ഫിറോസ് ഷാ മേത്ത എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു. ഇതിനിടക്ക് മുംബൈയിൽ പ്ലേഗ് പടർന്നപ്പോൾ ശുചീകരണപ്രവർത്തനങ്ങളിലും ഏർപ്പെട്ടു. പൂനെയിൽ ‘ലോകമാന്യ‘ ബാലഗംഗാധര തിലക്, ഗോപാലകൃഷ്ണ ഗോഖലെ എന്നിവരെ സന്ദർശിച്ചു.

ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിന്റെ ഒരു പതിപ്പ്

1896-ൽ ഡർബനിലെ പാർലമെന്റ്, വോട്ടവകാശം കറുത്ത വർഗ്ഗക്കാർക്കും ഇന്ത്യാക്കാർക്കും വിലക്കിക്കൊണ്ട് നിയമം കൊണ്ടുവരാൻ തീരുമാനിച്ചപ്പോൾ ഇതിനെതിരായി പോരാടാൻ അവിടത്തുകാർ ഗാന്ധിയോട് അഭ്യർത്ഥിച്ചിരുന്നു. പാർലമെൻറ് അടച്ചതിനാൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്തതിനാലാണ് അദ്ദേഹം നാട്ടിലേക്ക് വന്നത്. എന്നാൽ പാർലമെൻറ് ജനുവരിയിൽ തുടങ്ങുമെന്നും അടിയന്തരമായി തിരിച്ചു വരണമെന്നുമുള്ള സന്ദേശം അദ്ദേഹത്തിന് ലഭിച്ചപ്പോൾ, രണ്ടു മക്കൾ, വിധവയായ സഹോദരിയുടെ പുത്രൻ, ഭാര്യ കസ്തൂർബാ, എന്നിവരോടൊപ്പം 1897 ഡിസംബർ ആദ്യവാരം ഗാന്ധി ഡർബനിലേയ്ക്ക് യാത്രയായി. തിരിച്ചെത്തിയ‍ അദ്ദേഹത്തെ വെള്ളക്കാരായ ഒരു കൂട്ടം ആളുകൾ ആക്രമിച്ച് പരിക്കേല്പിച്ചു. എന്നാൽ അദ്ദേഹം അവർക്കെതിരായി വ്യവഹാരം നടത്താൻ ഇഷ്ടപ്പെട്ടില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തിപരമായ പീഡനങ്ങൾക്ക് കോടതിയിൽ പകരം ചോദിക്കുന്നത് തനിക്കിഷ്ടമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് അദ്ദേഹത്തിന്റെ വ്യക്തിമാഹാത്മ്യം കാണിക്കുന്ന ആദ്യത്തെ സംഭവങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. നറ്റാൾ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട നിഷ്ഠുരമായ കരടുബില്ലുകൾക്കെതിരായി അദ്ദേഹം നിരവധി പ്രചാരണപരിപാടികൾ സംഘടിപ്പിച്ചു. കോളോണിയൽ സെക്രട്ടറിക്ക് നിവേദനവും നൽ‌കി. ഇതിനിടക്ക് ബോവർ യുദ്ധത്തിൽ ഒരു സന്നദ്ധസേവകനായും അദ്ദേഹം പങ്കെടുത്തു. യുദ്ധസമയത്ത് രോഗികളെ ശുശ്രൂഷിക്കാൻ ഇന്ത്യൻ ആംബുലൻസ് കോർപ്സ് എന്ന സംഘടനയിൽ ചേർന്നതിന് പിന്നീട് അദ്ദേഹം ആദരിക്കപ്പെടുകയുണ്ടായി.

ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിക്കും കസ്തൂർബായ്ക്കും രണ്ട് ആൺകുട്ടികൾ കൂടി പിറന്നു. രാംദാസ് ഗാന്ധിയും (1897) ദേവ്ദാസ് ഗാന്ധിയും(1900). 1901 ഡിസംബറിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. കൊൽക്കത്തയിലെ ദേശീയ കോൺഗ്രസ്സിൽ പങ്കെടുക്കുകയായിരുന്നു ലക്‌ഷ്യം. 1901 ഡിസംബർ 27 ന് ഡി.എ. വാച്ചയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ്സിൽ അദ്ദേഹം ദക്ഷിണാഫ്രിക്കൻ ഇന്ത്യാക്കാരുടെ അവശതകളെക്കുറിച്ച് പ്രമേയം അവതരിപ്പിച്ചു. തുടർന്ന് കുറച്ചുകാലം ഗോഖലെയുടെ അതിഥിയായി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചശേഷം ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയി.

.

കസ്തൂർബ ഗാന്ധിയും കുട്ടികളും 1902 നറ്റാളിൽ വച്ച്

തുടർന്ന് 1903 ഫെബ്രുവരി 14-ന് ട്രാൻസ്‍വാൾ സുപ്രീം കോടതിയിൽ വക്കീൽ പണി ആരംഭിച്ചു. ജോഹന്നാസ്ബർഗിലായിരുന്നു താമസം. ഇന്ത്യക്കാർക്കെതിരായ കരിനിയമങ്ങൾ പിൻ‍വലിക്കണമെന്ന് അദ്ദേഹം അവിടെ മേയ് 6-നു കൂടിയ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജൂൺ 4-ന് ഗാന്ധി ‘ഇന്ത്യൻ ഒപ്പീനിയൻ‘ എന്ന പത്രം ആരംഭിച്ചു. ആ വർഷം അവസാനം ഡർബനിൽ നിന്ന് 14 മൈൽ അകലെ ഫീനിക്സ് എന്ന ആശ്രമം സ്ഥാപിക്കുകയും അങ്ങോട്ട് താമസം മാറ്റുകയും ചെയ്തു. ആശ്രമത്തിനായി അന്തേവാസികൾ ഒരോരുത്തരും അവരവരുടെ പ്രയത്നം സംഭാവനം ചെയ്യണം എന്ന ആശയം അദ്ദേഹം പ്രാവർത്തികമാക്കി. റസ്കിന്റെ “അൺ‍ ടു ദിസ് ലാസ്റ്റ്” എന്ന പുസ്തകമായിരുന്നു ഇതിനാധാരം.

ദക്ഷിണാഫ്രിക്കായിലേക്കുള്ള അദ്ദേഹത്തിന്റെ ഈ മൂന്നാം വരവിലാണ് സത്യാഗ്രഹം എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. 1906-ൽ അദ്ദേഹം ബ്രഹ്മചര്യം ജീവിതവ്രതമാക്കി. ഇതിനിടെ നാട്ടിലായിരുന്ന കസ്തൂർബായേയും കുട്ടികളേയും വിളിച്ചുവരുത്തി ടോൾസ്റ്റോയ് വിഭാവനം ചെയ്ത രീതിയിലുള്ള ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചു അതിൽ മാതൃകാ കൂട്ടുകുടുംബസങ്കല്പം പരീക്ഷിച്ചു നോക്കി.

ട്രാൻസ് വാളിലെ പ്രതിക്ഷേധ പ്രകടനം. 1913

ട്രാൻസ്‍വാൾ പ്രവിശ്യാ സർക്കാരിനെതിരായി 1907 മാർച്ച് 22-ന് ഗാന്ധി സത്യാഗ്രഹസമരം ആരംഭിച്ചു. എല്ലാ ഇന്ത്യക്കാരും വിരലടയാളം പതിച്ച രജിസ്ട്രേഷൻ കാർഡ് എപ്പോഴും സൂക്ഷിക്കണമെന്ന ഏഷ്യാറ്റിക് ലോ അമെൻഡ്മെൻറ് ഓർഡിനൻസ് എന്ന ബില്ലിനെതിരായിരുന്നു സത്യാഗ്രഹം. ഈ രജിസ്ട്രേഷൻ കാർഡില്ലാത്തവരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും വ്യവസ്ഥയുണ്ടായിരുന്നു. 1908-ജനുവരി 10-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു രണ്ടു മാസക്കാലത്തേയ്ക്ക് ജയിലിലടച്ചു. എങ്കിലും താമസിയാതെ ജനറൽ സ്മട്സിന്റെ നിർദ്ദേശപ്രകാരം മോചിപ്പിച്ചു. വീണ്ടും അദ്ദേഹത്തെ 1913 നവംബർ 6-ന് അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് നവംബർ 25-ന് നറ്റാളിൽ യോഗം ചേർന്നവർക്കു നേരെ പോലീസ് വെടിവയ്ക്കുകയും രണ്ടു ഇന്ത്യാക്കാർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഗാന്ധിജിയെ ഒൻപതു മാസത്തേയ്ക്ക് ജയിലിലടച്ചു. പിന്നീട് പുറത്തിറങ്ങിയ ഗാന്ധി, ഇന്ത്യാക്കാർ അവരവർ താമസിക്കുന്ന പ്രവിശ്യ വിട്ട് പുറത്ത് പോകാൻ പാടില്ല എന്ന നിയമത്തിനെതിരായി, 2037 പുരുഷന്മാരും 129 സ്ത്രീകളും 57 കുട്ടികളുമായി ട്രാൻസ്‍വാളിലേയ്ക്ക് ഒരു മാർച്ച് നടത്തി. അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടു. 1914 ജൂൺ 30-ന് സർക്കാർ ഒത്തു തീർപ്പുകൾക്ക് തയ്യാറായി.

ഇന്ത്യയിൽ

[തിരുത്തുക]

ഇന്ത്യയിലേക്ക് മടങ്ങിയ ഗാന്ധി 1915 ജനുവരി 9 ന് മുംബൈ തുറമുഖത്ത് കപ്പലിറങ്ങി (ഈ ദിനത്തിന്റെ ഓർമക്കായിട്ടാണ് 2003 മുതൽ ജനുവരി 9 ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കാൻ തുടങ്ങിയത്). കാര്യങ്ങൾ നേരിട്ട് പഠിക്കാനായി അദ്ദേഹം ഇന്ത്യ മുഴുവനും സഞ്ചരിച്ചു. അന്ന് ഇൻഡ്യൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു. ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമത്തിൽ നിന്നും വന്ന വിദ്യാർത്ഥികളെ അക്കാലത്ത് രവീന്ദ്രനാഥ ടാഗോർ ശാന്തിനികേതനിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി. അങ്ങനെയാണ് ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത്. മരിക്കുവോളം നീണ്ട ഒരു സുഹൃദ്ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. അഹമ്മദാബാദിലെ കൊച്ച്റാബിൽ 1915 മേയ് 25-ന് അദ്ദേഹം സത്യാഗ്രഹാശ്രമം സ്ഥാപിച്ചു. ജനസേവനത്തിന് ആത്മസമർപ്പണം ചെയ്യുന്നവർ അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് ഗാന്ധിജി നിർദ്ദേശിച്ചു. സ്വയം നൂൽ നൂറ്റുകൊണ്ട് വസ്ത്രമുണ്ടാക്കുക എന്ന അടിസ്ഥാനത്തിലുള്ള ഖാദി പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നൽകി. 1917 ഏപ്രിൽ 16-ന് ചമ്പാരൻ ജില്ലയിൽ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാർ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി നടത്തിയ സമരത്തിൽ ഗാന്ധി ഇന്ത്യയിൽ വച്ച് ആദ്യമായി അറസ്റ്റ് വരിച്ചു. പിന്നീട് 1917-1918 കാലത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി ഗുജറാത്തിലെ ഘേഡ കർഷക സമരം, അഹമ്മദാബാദിലെ തൊഴിൽ പ്രശ്നം തുടങ്ങിയവ ഒത്തു തീർപ്പാക്കി. 1917 ജൂണിൽ സത്യാഗ്രഹാശ്രമം സബർമതി യിലേക്ക് മാറ്റി. പിന്നീട് ഇത് സബർമതി ആശ്രമം എന്ന് അറിയപ്പെടാൻ തുടങ്ങി. അക്കാലത്ത് ടാഗോർ ആയിരുന്നു ഗാന്ധിജിയെ ​​​ആദ്യമായി മഹാത്മാ എന്ന് വിശേഷിപ്പിച്ചത്. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന സമയമായിരുന്നു അത്. യുദ്ധത്തിനു ശേഷമെങ്കിലും ബ്രിട്ടിഷുകാരുടെ നയത്തിന് മാറ്റമുണ്ടാവുമെന്ന് എല്ലാവരും കരുതിയെങ്കിലും ആ പ്രതീക്ഷ സഫലമായില്ല. ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധസമരങ്ങൾ ശക്തമായിത്തീർന്നു. ഇതിനകം ഗാന്ധിജിയെ നേതാവായി മറ്റു നേതാക്കൾ അംഗീകരിച്ചു തുടങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം നടത്തിയ സമരങ്ങളും അതിന് കാരണമായിരുന്നു.

സത്യാഗ്രഹം എന്ന സമരമാർഗ്ഗം

[തിരുത്തുക]

ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി അഭിഭാഷകനായി സേവനം അനുഷ്ഠിക്കുന്ന കാലത്താണ് സത്യാഗ്രഹം എന്ന സമരമാർഗ്ഗം വികസിപ്പിച്ചെടുക്കുന്നത്. അതിനാലാണ് ദക്ഷിണാഫ്രിക്കയെ 'ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല' എന്നു വിശേഷിപ്പിക്കുന്നത്. ഗാന്ധി പറയുന്നു. "ഏതു തരത്തിലുള്ള പീഡനത്തേയും അടിച്ചമർത്തലിനേയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കേണ്ടിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ്". ഒന്നാം ലോക മഹായുദ്ധത്തിനുശേഷം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായിത്തീർന്ന ഗാന്ധിജി 30 കൊല്ലക്കാലം ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യ സമര യത്നങ്ങൾക്ക് ചുക്കാൻ പിടിച്ചു. അതിനാലാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത്.

നിസ്സഹകരണ സമരം

[തിരുത്തുക]
1929-ൽ നെഹ്രുവുമൊത്ത് ഗാന്ധി. ഗാന്ധിയെ ബാപ്പുജി എന്നാണ് നെഹ്രു വിളിച്ചിരുന്നത്

റൌലക്റ്റ് ആക്ട് എന്ന നിയമത്തിനെതിരെ 1919 മാർച്ച് 30-ന് ഹർത്താൽ ആചരിക്കാൻ ഗാന്ധി ആഹ്വാനം ചെയ്തു.നിസ്സഹകരണ സമരം അന്നാണ് തുടങ്ങിയത്. ഹർത്താലിന്റെ തിയ്യതി മാറ്റിയെങ്കിലും പലയിടങ്ങളിലും മാർച്ച് 30-നു തന്നെ ഹർത്താൽ ആചരിക്കപ്പെട്ടു. ആളുകൾ ഗാന്ധിയുടെ വാക്കനുസരിച്ച് വിദ്യാലയങ്ങളും കോടതികളും ബഹിഷ്കരിക്കുകയും ബ്രിട്ടീഷ് സ്ഥാനങ്ങളും സ്ഥാനപ്പേരുകളും ഉപേക്ഷിക്കുകയും ചെയ്തു.

ദില്ലിയിൽ നടന്ന പോലീസ് വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാൻ അങ്ങോട്ടു പോയ ഗാന്ധിയെ നിരോധനാജ്ഞ ലംഘിച്ചു എന്ന പേരിൽ ഏപ്രിൽ 10-ന് അറസ്റ്റ് ചെയ്തു. അറ്സ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യയെങ്ങും ഹർത്താൽ ആചരിക്കപ്പെട്ടു. ഇതിനെത്തുടർന്ന് ഏപ്രിൽ 13-ന് ജാലിയൻ വാലാബാഗിൽ വച്ച് സമരക്കാ‍ർ കൂട്ടക്കൊല ചെയ്യപ്പെട്ടു.[6] ഇതേ തുടർന്ന് നിയമ ലംഘന സമരം താൽകാലികമയി ഏപ്രിൽ 18-ന് നിർത്തിവച്ചു. ഉത്തർപ്രദേശിലെ ചൌരിചൌരാ എന്ന സ്ഥലത്ത് ജനക്കൂട്ടം രോഷം പൂണ്ട് പോലീസ് സ്റ്റേഷൻ ചുട്ടെരിക്കുകയും പോലീസുകാരെ വധിക്കുകയും ചെയ്തു. ഇതോടെ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി. ബ്രിട്ടീഷുകാരാകട്ടെ ‘യങ്ങ് ഇന്ത്യ’ എന്ന മാസികയിൽ അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ആറു കൊല്ലത്തേക്ക് തടവിനുശിക്ഷിച്ചു. എന്നാൽ ആരോഗ്യസ്ഥിതി മോശമായപ്പോൾ രണ്ടു വർഷം കഴിഞ്ഞ് വിട്ടയച്ചു.

തുടർന്ന് ഇന്ത്യയൊട്ടാകെ അദ്ദേഹം സഞ്ചരിച്ചു. അയിത്തത്തിനെതിരെ പല യോഗങ്ങളിലും പ്രസംഗിച്ചു. ഹിന്ദു-മുസ്ലീം ഐക്യത്തിനായി ശ്രമിച്ചു. രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുകയും യങ് ഇന്ത്യ പോലുള്ള പത്ര പ്രസിദ്ധീകരണങ്ങളുടെ മേലുള്ള നിരോധനങ്ങൾ പിൻ‍വലിക്കുകയും ചെയ്തില്ലെങ്കിൽ നിയമലംഘന പരിപാടികളിൽ നികുതിനിഷേധം കൂടി ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വൈസ്രോയി റീഡിങ്ങ് പ്രഭുവിന് അന്ത്യശാസനം നൽകി. ഗാന്ധിജിയുടെ മേൽ കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം ഏൽക്കാനായി സമ്മർദ്ദം ഏറി വന്നു. നൂൽനൂല്പ് ഒരു ആദ്ധ്യാത്മിക യാനമായി കണക്കാക്കി ഒരോ പ്രവർത്തകനും ഖദർ ധരിക്കണമെന്ന വ്യവസ്ഥയിൽ അദ്ദേഹം കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം വഹിക്കാൻ തയ്യാറായി.

നിയമലംഘന സമരം

[തിരുത്തുക]
ദണ്ഡി യാത്ര

ഒരൊറ്റ ഇന്ത്യാക്കാരൻ പോലും ഇല്ലാത്ത സൈമൺ കമ്മീഷൻ നിർദ്ദേശങ്ങളെ ബഹിഷ്കരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തതനുസരിച്ച് നാടെങ്ങും പ്രക്ഷോഭം ഉയർന്നു. ലാലാ ലജ്പത് റായ് ഉൾപ്പെടെ പല പ്രമുഖരേയും ബ്രിട്ടീഷ് പട്ടാളം വകവരുത്തി. ഇതിനിടയിൽ ഭൂനികുതിയിലെ വർദ്ധനവിൽ പ്രതിഷേധിച്ച് ഗാന്ധി ബർദോളിയിൽ സത്യാഗ്രഹ സമരം ആരംഭിച്ചു. നാടൊട്ടുക്ക് ജൂൺ 12 ബർദോളി ദിനം ആചരിച്ചു.

സബർമതി ആശ്രമത്തിൽ 1930 ഫെബ്രുവരി 14 മുതൽ 16 വരെ ചേർന്ന അഖിലേന്ത്യാ കോൺഗ്രസ് പ്രവർത്തക സമിതി സിവിൽ നിയമ ലംഘന സമരം ആരംഭിക്കാൻ തീരുമാനമെടുത്തു. ഇതിന്റെ നേതൃത്വം ഗാന്ധിയെയാണ് ഏല്പിച്ചത്. ഉപ്പ്‌ ഉൽപ്പാദനത്തിൽ ബ്രിട്ടീഷ്‌ ഭരണകൂടം ചുമത്തിയ കരത്തിനോട് പ്രതിഷേധിക്കാൻ 1930-ൽ അദ്ദേഹം ഉപ്പുസത്യാഗ്രഹം സംഘടിപ്പിച്ചു. 78 അനുയായികൾക്കൊപ്പം മാർച്ച് 12-ന് ഗാന്ധിജി അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് കാൽനടയായി തുടങ്ങിയ യാത്രക്കിടയിൽ ജനങ്ങൾ കൂടി ജാഥ കനത്തു. പലയിടങ്ങളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഏപ്രിൽ 5 ദണ്ഡി എന്ന തീരദേശഗ്രാമത്തിലെത്തി. അവിടെ കടപ്പുറത്ത് ഉപ്പുണ്ടാക്കി ഗാന്ധിയും അനുയായികളും നിയമം ലംഘിച്ചു. അതോടൊപ്പം ഇന്ത്യയിൽ എങ്ങും ആയിരക്കണക്കിനാളുകൾ പങ്കെടുത്ത നിയമലംഘന സമരങ്ങൾ അര‍ങ്ങേറി. പലയിടങ്ങളിലും ലാത്തിച്ചാർജ്ജും വെടിവയ്പ്പുമുണ്ടായി. ലോകം മുഴുവനും ഉറ്റു നോക്കിക്കൊണ്ടിരുന്ന ഒരു സംഭവമായിരുന്നു അത്. ജാഥയെത്തുടർന്ന് ദണ്ഡി കടപ്പുറത്ത് അദ്ദേഹം സത്യാഗ്രഹം ഇരുന്നു. മേയ് 4-ന് ഗാന്ധിയെ സത്യാഗ്രഹക്യാമ്പിൽ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇന്ത്യയൊട്ടാകെ പ്രതിഷേധം അലയടിച്ചു. ജൂലൈ 6-ന് ഗാന്ധി ദിനം കൊണ്ടാടി. മുംബൈയിലും ഷോലാപൂരും തൊഴിലാളികൾ പണിമുടക്കി. 1931 ജനുവരി 25 അദ്ദേഹത്തെ മോചിതനാക്കി.

ഗാന്ധിജി ലണ്ടനിൽ വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ഒരു പ്രഭാതത്തിൽ നടക്കുന്നു. അദ്ദേഹത്തിന്റെ വേഷവും നടത്തത്തിന്റെ വേഗതയും എങ്ങും ചർച്ച ചെയ്യപ്പെട്ടിരുന്നു

മാർച്ച് 5-ന് ഇർവിൻ കരാർ അനുസരിച്ച് ഗാന്ധി നിയമലംഘന സമരം അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് അനുയോജ്യമായ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാനായി കോൺഗ്രസ്സിന്റെ ഏക പ്രതിനിധിയായി ഗാന്ധിയെയാണ് തിരഞ്ഞെടുത്തത്.[7] അദ്ദേഹം 1931 ഓഗസ്റ്റ് 29 ലണ്ടനിലേക്ക് തിരിച്ചു. എന്നാൽ വട്ടമേശ സമ്മേളനം ഒരു പരാജയമായിരുന്നു. സെപ്റ്റംബർ 1-ന് അത് നിർത്തിവക്കപ്പെട്ടു. തിരിച്ചു നാട്ടിലെത്തിയ ഗാന്ധിജി സമര പ്രക്ഷോഭങ്ങൾ തുടർന്നു. താമസിയാതെ അദ്ദേഹം ജയിലിലായി. കോൺഗ്രസ്സ് രണ്ടാം നിയമലംഘന സമരം ആരംഭിച്ചു. ഇത്തവണ കസ്തൂർബായും സമരത്തിൽ സജീവം പങ്കെടുത്തു. കസ്തൂർബാ 1932 ജനുവരി 15-ന് അറസ്റ്റ് വരിച്ചു.

മക്ഡോണൾഡിന്റെ ‘വർഗീയ വിധിക്കെതിരെ 1932 സെപ്റ്റംബർ 21 ഗാന്ധി യെർവാദാ ജയിലിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. അധഃസ്ഥിത ഹിന്ദു സമുദായങ്ങൾക്ക് വേണ്ടി പ്രത്യേക നിയോജകമണ്ഡലം എന്ന ആ വിധി ഇന്ത്യയിൽ ചേരിതിരിവ് ഉണ്ടാക്കുന്നതാണ് എന്നു കരുതിയ ഗാന്ധി, അതിനു പകരം പൊതു മണ്ഡലങ്ങളിൽ താഴ്ന്ന ജാതിക്കാർക്കായി സം‌വരണം ഏർപ്പെടുത്തുകയാണ് വേണ്ടത് എന്ന് വാദിച്ചു. ഒടുവിൽ അദ്ദേഹത്തിന്റെ നിലപട് അംഗീകാരിക്കപ്പെട്ടു. 1932 സെപ്റ്റംബർ 24-ന് പൂനെ കരാർ എന്ന ഒത്തുതീർപ്പു വ്യവസ്ഥയുണ്ടാക്കി.

എന്നാൽ അദ്ദേഹം അപ്പോഴും ജയിൽമോചിതനായിരുന്നില്ല.1933 മേയ് 8-ന് രണ്ടാം നിയമലംഘന സമരം താൽകാലികമായി നിർത്തിവച്ചു. ഹരിജൻ പ്രശ്നത്തിൻ പരിഹാരം കാണാൻ ഉപവാസസമരം ആരംഭിച്ചു. എന്നാൽ അന്ന് രാത്രി 9 മണിക്ക് അദ്ദേഹത്തെ ജയിലിൽ നിന്ന് മോചിതനാക്കി. എന്നാൽ ജയിലിനുപുറത്തും നിരാഹാരം തുടർന്ന ഗാന്ധി മേയ് 29-ന് പൂണെയിൽ വച്ചാണ് നിരാഹാരം അവസാനിപ്പിച്ചത്. തുടർന്ന് അദ്ദേഹം വ്യക്തിഗത സിവിൽ നിയമലംഘനങ്ങൾ ആരംഭിക്കുകയും വീണ്ടും ജയിലിലടക്കപ്പെടുകയും (ജൂലൈ 31) ചെയ്തു. ആദ്യം സബർമതി ജയിലിലും പിന്നീട് യെർവാദാ ജയിലിലുമയിരുന്നു. ഓഗസ്റ്റ് 4-ന് മോചിതനായെങ്കിലും വീണ്ടും നിയമലംഘനം ആരോപിച്ച് ഒരു വർഷത്തേക്ക് ജയിലിലടക്കപ്പെട്ടപ്പോൾ, ഹരിജനക്ഷേമപ്രവർത്തനങ്ങൾക്ക് അനുവാദം നൽകാത്തതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 16 ജയിലിൽ നിരാഹാരം ആരംഭിച്ചു. ആരോഗ്യനില വഷളായതിനാൽ ഓഗസ്റ്റ് 25-ന് വ്യവസ്ഥകൾ ഒന്നുമില്ലാതെ അദ്ദേഹം മോചിപ്പിക്കപ്പെട്ടു. പിന്നീട് അദ്ദേഹം ഹരിജനക്ഷേമപ്രവർത്തനങ്ങളിൽ മുഴുകി.

ഹരിജന ക്ഷേമഫണ്ട് പിരിക്കുവാനുള്ള യാത്രക്കിടയിൽ അദ്ദേഹം നാലാം വട്ടം 1934 ജനുവരി 10-ന് കേരളത്തിൽ എത്തി. തലശ്ശേരി, വടകര, ചാലക്കുടി, തിരുവനന്തപുരം, കന്യാകുമാരി എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ അദ്ദേഹം പ്രസംഗിച്ചു. ഈ സന്ദർശനത്തിനിടയിലാണ് വടകരയിൽ വച്ച് കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് സംഭാവന നൽകിയത്.

കോൺഗ്രസ് ഇതിനിടക്ക് കടുത്ത തീവ്രവാദികളായ പ്രവർത്തകരുടെ കയ്യിൽ പെട്ടിരുന്നു. സ്വയംഭരണത്തിൽകുറഞ്ഞ ഒന്നു കൊണ്ടും തൃപ്തിപ്പെടില്ല എന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ ഗാന്ധി ഇതിനോട് യോജിച്ചില്ല. പൂർണ്ണ സ്വരാജിനുവേണ്ടി ‘ന്യായവും സമാധാനപരവുമായ’ എല്ലാ വ്യവസ്ഥകളും സ്വീകരിക്കും എന്ന കോൺഗ്രസ് നിബന്ധനയിലെ ഒന്നാം വകുപ്പ് ‘കഴിയുന്നതും അക്രമരഹിതവും സത്യസന്ധവുമായ മാർഗങ്ങൾ‘ എന്ന് തിരുത്തി കോൺഗ്രസ് പ്രവർത്തക സമിതി യോഗം 1934 സെപ്റ്റംബർ 1-ന് പ്രമേയം അംഗീകരിച്ചതിനെത്തുടർന്ന് ഒക്ടോബർ 29-ന് കോൺഗ്രസ് പാർട്ടി വിട്ടതായി ഗാന്ധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടി വിട്ടുവെങ്കിലും അദ്ദേഹത്തിന്റെ പങ്ക് സംഘടനാ നയരുപീകരണത്തിന് നിർണ്ണായകമായിരുന്നു.

വാർധായിലെ സേവാഗ്രാം ആശ്രമത്തിലേയ്ക്ക് 1936 ഏപ്രിൽ 20-ന് അദ്ദേഹം താമസം മാറ്റി. ഗ്രാമീണ ജീവിത വികാസത്തിനാവശ്യമായ പദ്ധതികൾക്ക് സേവാഗ്രാം വഴികാട്ടിയായിത്തീർന്നു.

തിരുവിതാംകൂറിൽ ചിത്തിരതിരുനാൾ മഹാരാജാവ് 1936 നവംബർ 12-ന് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോൾ ഗാന്ധി അതിനെ ‘ആധുനികകാലത്തിന്റെ അത്ഭുതം’ എന്നാണ് വിശേഷിപ്പിച്ചത്. ഈ വിളംബരത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം അഞ്ചാം വട്ടം കേരളത്തിൽ എത്തിയത്. അത് ഒരു തീർത്ഥാടനയാത്രയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

1935-ലെ ഇന്ത്യാ ഗവണ്മെൻറ് ആക്ട് 1937 ഏപ്രിൽ 1-ന് നിലവിൽ വന്നു. അതിനെതിരായി കോൺഗ്രസ് ഹർത്താൽ ആചരിച്ചു. വൈസ്രോയി, ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒക്ടോബർ 22, 23 തിയ്യതികളിൽ വാർധയിൽ ചേർന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ ഗാന്ധിയായിരുന്നു അദ്ധ്യക്ഷൻ. അദ്ദേഹം തന്റെ പുതിയ വിദ്യാഭ്യാസപദ്ധതി അവതരിപ്പിച്ചു. തൊഴിലധിഷ്ഠിതവും ഭാരതീയവുമായ പദ്ധതിയായിരുന്നു അത്. നയീ താലീം എന്നും ഇത് അറിയപ്പെടുന്നു. ഹരിപുര കോൺഗ്രസ് സമ്മേളനം ഇത് അംഗീകരിച്ചു. എന്നാൽ ഇതിനെ മുസ്ലീം ലീഗ് എതിർത്തിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരം 1942

[തിരുത്തുക]
ബാംഗളൂർ നടന്ന ക്വിറ്റ് ഇന്ത്യ ജാഥ

ഇടക്കാല സർക്കാർ അനുവദിക്കുന്നില്ല എങ്കിൽ സിവിൽ നിയമ ലംഘനം ആരംഭിക്കാൻ 1940 മാർച്ച് 18ന് ബിഹാറിലെ രാംഗഢിൽ ചേർന്ന കോൺഗ്രസ്സ് സമ്മേളനം തീരുമാനിക്കുകയും അതിന്റെ നേതൃത്വം ഗാന്ധിജിയെ ഏൽ‍പ്പിക്കുകയും ചെയ്തു. ഇതിനിടെ കോൺഗ്രസ് നിർബ്ബന്ധപൂർ‌വം ഗാന്ധിജിയെ തിരികെ കൊണ്ടു വന്നിരുന്നു. ഇന്ത്യാക്കാരുടെ സമ്മതമില്ലാതെ ഇന്ത്യയെ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കാളിയാക്കിയതിൽ പ്രതീകാത്മകമായി പ്രതിഷേധിക്കാൻ അദ്ദേഹം വ്യക്തിതമായി തീരുമാനിച്ചു. 1942 മാർച്ചിൽ സർ സ്റ്റഫോർഡ് ക്രിപ്സ് ഇന്ത്യയിലെത്തുകയും ഗാന്ധിജിയുമായി ചർച്ച നടത്തുകയും ചെയ്തു.[8] അതേ തുടർന്ന് ഇന്ത്യക്ക് ഡൊമീനിയൻ പദവി വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാൽ പൂർണ്ണ സ്വരാജായിരുന്നു മിക്കവർക്കും വേണ്ടിയിരുന്നത്. അതിൽ കുറഞ്ഞതൊന്നുകൊണ്ടും അവർ തൃപ്തരാകുമായിരുന്നില്ല. ഗാന്ധിജി ഏപ്രിലിൽ സർക്കാരിന് സമർപ്പിച്ച പ്രമേയം 1942 ഓഗസ്റ്റ് 8 ന് അഖിലേന്ത്യാ കോൺഗ്രസ് സമിതി നിരാകരിക്കുകയും ജവഹർലാൽ നെഹ്രു തയ്യാറാക്കിയ കരട് അനുസരിച്ച്, ’ഓഗസ്റ്റ് പ്രമേയം’ എന്ന പേരിൽ സുപ്രസിദ്ധ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.[9] സമര നേതൃത്വം ഏറ്റെടുത്ത ഗാന്ധിജിയുടെ ചരിത്രപ്രസിദ്ധമായ പ്രസംഗമാണ് [10] "ഡു ഓർ ഡൈ" – നമ്മൾ ഒരു സാമ്രാജ്യത്തെ എതിർക്കുകയാണ്. ഒന്നുകിൽ പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്നത്. ഗാന്ധിജിയുടെ ഈ ആശയം മറ്റുള്ളവർ സ്വീകരിച്ചെങ്കിലും കമ്യൂണിസ്റ്റുകാർ എതിർത്തു. [3] തീരുമാനം അനുസരിച്ച് പ്രക്ഷോഭം ആരംഭിച്ചതിനെതുടർന്ന് പലയിടങ്ങളിലും ജനങ്ങളും പോലീസും ഏറ്റുമുട്ടി. ഓഗസ്റ്റ് 9-ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പൂനെയിലെ ആഗ ഖാൻ കൊട്ടാരത്തിൽ തടവിൽ പാർപ്പിച്ചു. കോൺഗ്രസ്സിനെ നിയമവിരുദ്ധസംഘടനയായി പ്രഖ്യാപിച്ചു. ഓരാഴ്ചക്കകം പ്രമുഖ നേതാക്കൾ എല്ലാം അറസ്റ്റിലായി. പതിനായിരങ്ങൾ തടവിലായി, നിരവധി പേർ മരിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തു.

ക്വിറ്റ് ഇന്ത്യാ സമരം

തടവുകാരെ മോചിപ്പിക്കുകയും മർദ്ദനനയം അവസാനിപ്പിക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ട് ഗാന്ധിജി തടവിൽ നിരാഹാരം അരംഭിച്ചു. ഫെബ്രുവരി 10-ന് ആരംഭിച്ച ഉപവാസം മാർച്ച് 3 വരെ നീണ്ടിട്ടും സർക്കാർ അനങ്ങിയില്ല. ഗാന്ധിജിയോടൊപ്പം തടവിലായിരുന്ന കസ്തൂർബാ അവിടെ വച്ച് 1944 ഫെബ്രുവരി 22-ന് അന്തരിച്ചു. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മേയ് 6-ന് മാത്രമാണ് ഗാന്ധിജിയെ മോചിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസാനത്തെ ജയിൽവാസമായിരുന്നു അത്. ഇന്ത്യൻ തടവിൽ 2089 ദിവസവും (അഞ്ചു വർഷത്തിനു മേൽ) ദക്ഷിണാഫ്രിക്കയിൽ 249 ദിവസവും ഗാന്ധിജി കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കുന്നതിൻ അന്നത്തെ വൈസ്രോയി വേവൽ പ്രഭു ബ്രിട്ടിഷ് സർക്കാരിന്റെ അനുമതിയോടെ പ്രഖ്യാപിച്ച പദ്ധതിയെത്തുടർന്ന് തടവിൽ കഴിഞ്ഞിരുന്നവരെ 1945-ൽ മോചിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം ഏതാണ്ട് സുതാര്യമായിത്തുടങ്ങിയിരുന്നു. എന്നാൽ മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തിൽ ഒരു വിഭാഗം മുസ്ലീംങ്ങൾ‍ക്കായി പാകിസ്താൻ എന്ന പേരിൽ പ്രത്യേക രാഷ്ട്രം വേണമെന്ന് ശഠിച്ചു[അവലംബം ആവശ്യമാണ്]. ഹിന്ദുക്കളും മുസ്ളീംങ്ങളും സ്വതന്ത്ര ഭാരതത്തിൽ സമാധാനത്തോടെ സഹവസിക്കണം എന്നാഗ്രഹിച്ച ഗാന്ധിജി ഭാരതത്തിന്റെ വിഭജനത്തെ എതിർത്തു. പുതിയപദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ വൈസ്രോയി സിം‍ലയിൽ സർവ്വ കക്ഷിയോഗം വിളിച്ചു കൂട്ടിയപ്പോൾ നിരീക്ഷകനായി ഗാന്ധിജിയും പങ്കെടുത്തു. വിഭജനവാദത്തിൽ ഉറച്ച ജിന്നയുടെ നിലപാടു കാരണം ചർച്ച പരാജയപ്പെട്ടതായി വൈസ്രോയി പ്രഖ്യാപിച്ചു. ഇടക്കാല സർക്കാർ രൂപവത്കരണത്തിൽ ചേരേണ്ടതില്ല എന്ന് മുസ്ലീം ലീഗും ജിന്നയും തീരുമാനിച്ചു. അവർ 1946 ഓഗസ്റ്റ് 16-ന് പ്രത്യക്ഷമായ സമരപരിപാടികൾ ആരംഭിച്ചു. കൊൽക്കത്തയിൽ സമരത്തിനിടെ അയ്യായിരത്തോളം പേർ കൊല്ലപ്പെട്ടു. 15,000-ത്തോളം പേർക്ക് പരിക്കേറ്റു. ജിന്ന പിന്നീട് താൽക്കാലിക സർക്കാരിലേയ്ക്ക് നാലു പേരെ നാമനിർദ്ദേശം ചെയ്തു.

വർഗ്ഗിയ ലഹള അപ്പോഴേക്കും പടർന്നു പിടിച്ചിരുന്നു. കിഴക്കൻ ബംഗാളിലെ നോഖാലിയിലും തിയ്യറയിലും ലഹളകൾ രൂക്ഷമായി. ഗാന്ധിജി ശാന്തി സന്ദേശവുമായി 49 ഗ്രാമങ്ങളിലൂടെ നഗ്നപാദനായി സഞ്ചരിച്ചു. തുടർന്ന് ബീഹാറിലെത്തി. അവിടെയും അദ്ദേഹം ശാന്തി സന്ദേശം പ്രചരിപ്പിച്ചു. വിഭജനത്തോടെ ഇന്ത്യ 1947 ഓഗസ്റ്റ് 15-ന് സ്വതന്ത്രയായി.

കേരളത്തിൽ

[തിരുത്തുക]

നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് സമിതി അംഗീകരിച്ച ശേഷം ഷൗക്കത്തലിയുമായി ഇന്ത്യമുഴുവൻ സഞ്ചരിക്കുന്നതിനിടക്കാണ് ഗാന്ധി ആദ്യം കേരളം സന്ദർശിച്ചത്. 1920 ഓഗസ്റ്റ് 18 ന് അദ്ദേഹം കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തിൽ പ്രസംഗിച്ചു. അടുത്ത സന്ദർശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു. 1924 മാർച്ച് 30-ന് ആരംഭിച്ച ആ സത്യാഗ്രഹം ഗാന്ധിയുടെ നിർദ്ദേശപ്രകാരം തൽകാലത്തേക്ക് നിർത്തി വച്ചു. അദ്ദേഹം സവർണ്ണ ഹിന്ദുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം ആശാവഹമല്ലാത്തതിനെത്തുടർന്ന് ഏപ്രിൽ 7 ന്‌ സത്യാഗ്രഹം പുനരാരംഭിച്ചു. ഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ അവർണ്ണ ജാഥ നവംബർ 13-ന് തിരുവനന്തപുരം നഗരത്തെ പിടിച്ചു കുലുക്കി. [4]

തുടർന്ന് 1925 മാർച്ച് 8-ന് ഗാന്ധി വീണ്ടും കേരളത്തിൽ എത്തി[11]. അദ്ദേഹം എറണാകുളം വഴി മാർച്ച് 10-ന് വൈക്കത്ത് എത്തി സത്യാഗ്രഹികളോടൊത്ത് പ്രഭാതഭജനയിൽ പങ്കെടുത്തു. പിന്നീട് തിരുവിതാംകൂർ പോലീസ് കമ്മീഷണർ പീറ്റുമായി ചർച്ച നടത്തി. 13ന് വർക്കല കൊട്ടാരത്തിൽ എത്തി തിരുവിതാംകൂർ റീജൻറ് റാണീ സേതുലക്ഷ്മി ബായിയുമായും ദിവാനുമായും ചർച്ച നടത്തി. ഇതിന്റെ ഫലമായി സത്യാഗ്രഹ സ്ഥലത്തെ പോലീസ് ഇടപെടൽ അവസാനിച്ചു. നവംബർ 23ന്‌ വൈക്കം ക്ഷേത്ര നിരത്തുകൾ പൊതുജനങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുത്തു. അദ്ദേഹം ബാലനായ ചിത്തിര തിരുനാൾ, കൊച്ചി മഹാരാജാവ് എന്നിവരേയും സന്ദർശിച്ച് മാർച്ച് 19-ന് പാലക്കാടു വഴി മടങ്ങി. ഈ വരവിൽ അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചു. ചാലക്കുടി, കൊച്ചി, വർക്കല എന്നിവിടങ്ങളിൽ അദ്ദേഹം യോഗം നടത്തി. മാർച്ച് 12ന്‌ ശ്രീ നാരായണഗുരു, കെ. കേളപ്പൻ എന്നീ കേരള നേതാക്കളെ അദ്ദേഹം സന്ദർശിച്ചു. ശ്രീ നാരായണഗുരുവിനെ സന്ദർശിച്ച ശേഷം ആണ് അദ്ദേഹം അവർണ്ണരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. ദളിതന്മാരെ ഹരിജനങ്ങൾ എന്നാണ് അദ്ദേഹം സംബോധന ചെയ്തിരുന്നത്.

ഗാന്ധിജിയുടെ കൈപ്പട, കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലയിലെ സന്ദർശകപുസ്തകത്തിൽ.

ഗാന്ധിജി മൂന്നാമതും കേരളത്തിലെത്തുന്നത് തിരുവാർപ്പ് ക്ഷേത്ര നിരത്തുകളിൽ അയിത്തജാതിക്കാരെ വഴിനടക്കാൻ അനുവദിക്കുന്നതിനായി തിരുവിതാംകൂർ രാജാവിനേയും റാണിയേയും കണ്ട് ചർച്ച നടത്താനാണ്.1927 ഒക്ടോബർ 9 നു അവരുമായി സംസാരിച്ചശേഷം അദ്ദേഹം പാലാക്കാട്ട് കാമകോടി ശങ്കരാചാര്യരുമായും ചർച്ച നടത്തി. കോഴിക്കോട് സമ്മേളനത്തിൽ വച്ച് ‘അന്ത്യജനോദ്ധാരണ സംഘം’ എന്ന സംഘടനക്ക് രൂപം നൽകി. പാലക്കാട്ടും കോഴിക്കോട്ടും അദ്ദേഹം പ്രസംഗിച്ചു.

ഗാന്ധിജി നാലാമത് കേരളത്തിലെത്തുന്നത് 1934 – ൽ ജനുവരി 10 മുതൽ – 22വരെ ആണ്. ഹരിജൻ ഫണ്ട് ശേഖരണാർത്ഥം ആയിരുന്നു അദ്ദേഹം കേരളത്തിൽ എത്തിയത്‌. ഈ സന്ദർശനത്തിനിടയിൽ ആണ് "കൗമുദി" എന്ന പെൺകുട്ടി വടകരയിൽ വച്ച് തൻറെ ആഭരണങ്ങൾ ഗാന്ധിജിയ്ക്ക് സംഭാവന നൽകിയത്‌.

ഗാന്ധിജി അഞ്ചാമതായി (അവസാനമായി) കേരളം സന്ദർശിക്കുന്നത് 1937 – ൽ ജനുവരി 12 മുതൽ - 21വരെ ആണ്. ഇത് ക്ഷേത്രപ്രവേശന വിളംബരത്തിൻറെ പശ്ചാത്തലത്തിലായിരുന്നു.

അവസാനകാലം

[തിരുത്തുക]
ഗാന്ധിജിയുടെ വധത്തിനു ഗൂഢാലോചന ചെയ്ത സംഘം.
നിൽക്കുന്നവർ: ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സെ, മദൻലാർ പാഹ്വ, ദിഗംബർ രാമചന്ദ്ര ബാദ്ഗെ.
'ഇരിക്കുന്നവർ: നാരായൺ ആപ്തെ, വിനായക് സവർക്കർ, നാഥുറാം ഗോഡ്സെ(കൊലയാളി), വിഷ്ണു കാർക്കാറേ

ഗാന്ധിയുടെ ജീവിതത്തിന്റെ അവസാനകാലം പൊതുവേ ദുഃഖഭരിതമായിരുന്നു. അദ്ദേഹം വെറുത്തിരുന്ന ഇന്ത്യാവിഭജനം അതിന്റെ പ്രധാന കാരണവുമായിരുന്നു. കസ്തൂർബായുടെ വിയോഗവും അദ്ദേഹത്തെ ദുഃഖിതനാക്കി. വിഷ്ണുഭജനമായിരുന്നു ആശ്വാസം. അദ്ദേഹം അനേകം പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുത്തു. 1947 ഓഗസ്റ്റ്‌ 15-ന്‌ ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ ഗാന്ധിജി കൽക്കത്തയിൽ ഭാരതവിഭജനത്തിൽ ദുഃഖിതനായി കഴിഞ്ഞു. പശ്ചിമപാകിസ്താനിൽ നിന്ന് നിരവധി ഹിന്ദുക്കളും സിഖുകാരും അഭയാർത്ഥികളായെത്തി. സെപ്റ്റംബർ 4 ന് ഡൽഹിയിലും വർഗീയലഹള ആരംഭിച്ചു. 1948 ജനുവരിയിലും ഇതേ പോലെ ലഹള ഉണ്ടായി. സമാധാനത്തിനായി അദ്ദേഹം ഡൽഹിയിൽ ജനുവരി 13 ന് നിരാഹാരസമരം ആരംഭിച്ചു. സമുദായനേതാക്കളും ലഹളക്ക് നേതൃത്വം കൊടുത്തവരും ഒത്തുതീർപ്പിന് തയ്യാറായപ്പോൾ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു.

1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ എന്ന മതഭ്രാന്തന്റെ വെടിയേറ്റ്‌ അദ്ദേഹം മരണമടഞ്ഞു. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. നാഥുറാമിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു[12]. 1949 നവംബർ 15-ന് നാഥുറാം ഗോഡ്സേയെ തൂക്കിലേറ്റി .

രാഷ്ട്രപിതാവ് എന്ന് ഗാന്ധിയെ ആദ്യമായി വിളിച്ചത് നേതാജി സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. ഇന്ത്യക്ക് യഥാർത്ഥമായി സ്വാതന്ത്ര്യം കിട്ടണമെങ്കിൽ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, കൊട്ടാരങ്ങളിലല്ല കുടിലുകളിലാണ് എന്നു ഗാന്ധി വിശ്വസിച്ചിരുന്നു.

ഗാന്ധി ദർശനങ്ങൾ

[തിരുത്തുക]

സത്യവും അഹിംസയും

[തിരുത്തുക]

ഗാന്ധിജിയുടെ വീക്ഷണത്തിൽ സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട്‌ വശങ്ങളാണ്‌. സത്യം ലക്‌ഷ്യവും അഹിംസ അതിലേക്കുള്ള മാർഗവുമാണ്‌. അഹിംസയെന്നാൽ മറ്റൊരുവന്‌ ദോഷം ചെയ്യാതിരിക്കൽ മാത്രമല്ല തന്നോട്‌ തെറ്റു ചെയ്തവനോട്‌ ക്ഷമിക്കുവാനുള്ള സന്നദ്ധതയും കൂടിയാണ്‌.

സത്യം.....

[തിരുത്തുക]

ഗാന്ധി തന്റെ ജീവിതം സത്യത്തിന്റെ വിവിധ മാനങ്ങൾ മനസ്സിലാക്കുവാനായി ചിലവഴിച്ചു. സ്വജീവിതത്തിലെ തെറ്റുകളും സ്വന്തം പരീക്ഷണങ്ങളും ഇക്കാര്യത്തിൽ അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹം തന്റെ ആത്മകഥക്ക്‌ പേരിട്ടത് തന്നെ "എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ" എന്നാണ്.

ഗാന്ധിജിയുടെ വീക്ഷണത്തിൽ മനുഷ്യന്റെ പരമമായ ലക്‌ഷ്യം ഈശ്വരസാക്ഷാത്കാരമാണ്. ഈശ്വരൻ എന്നാൽ സത്യമാണെന്നും ഈശ്വരസാക്ഷാത്കാരത്തിന് സത്യത്തിലൂന്നിയ ജീവിതം ആവശ്യമാണെന്നും അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് ഗാന്ധിയൻ ചിന്തയനുസരിച്ച് സത്യത്തിൽ ഊന്നിയല്ലാതെ ജീവിതത്തിലെ മറ്റൊരു മൂല്യവും നിയമവും പ്രാവർത്തികമാക്കുവാൻ സാധിക്കുകയില്ല.

ഗാന്ധിജി തന്റെ വിശ്വാസങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന വാക്യമായി "ദൈവം സത്യമാണ്‌" എന്നത്‌ ഉപയോഗിക്കുകയും പിന്നീട്‌ അത്‌ "സത്യം ദൈവമാണ്‌" എന്ന് തിരുത്തുകയും ചെയ്തു. ഗാന്ധിയൻ തത്ത്വചിന്തയിൽ സത്യം എന്നാൽ ദൈവമാണ്‌.

അഹിംസ എന്നാൽ ഹിംസ ചെയ്യാതിരിക്കൽ എന്നാണ് സാധാരണ വിവക്ഷിക്കുന്നത്. ഗാന്ധിയൻ ചിന്തയിൽ അഹിംസ എന്നാൽ പരമമായ സ്നേഹമാണ്. സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാതിരിക്കുവാൻ സ്വയം മരിക്കാൻ തയ്യാറാകുന്ന മന:സ്ഥിതിയാണ് ഗാന്ധിയൻ ചിന്തയിൽ അഹിംസ. ഒരുവൻ അഹിംസയിലേക്ക് തിരിയുന്നത് തനിക്ക് ഹിംസ ചെയ്യുവാൻ കഴിവില്ലാതെ വരുമ്പോഴല്ല മറിച്ച് ഹിംസ ചെയ്യുവാൻ താല്പര്യം ഇല്ലാതെ വരുമ്പോൾ ആകണം എന്നും അഹിംസ ഉണ്ടാവേണ്ടത് സാർവ്വത്രിക സ്നേഹത്തിൽ നിന്നാവണം എന്നും ഗാന്ധി വിശ്വസിച്ചിരുന്നു.

ഇന്ത്യൻ മതചിന്തയിലും ക്രിസ്തീയ, ജൈന, ഇസ്ലാമിക, യഹുദ, ബുദ്ധ മതചിന്തകളിലും വളരെയധികം അടിസ്ഥാനമുള്ളതാണ്‌ അഹിംസാ സിദ്ധാന്തം. അതിനാൽ, അഹിംസ എന്ന തത്ത്വത്തിന്റെ ഉപജ്ഞാതാവ്‌ ഗാന്ധി അല്ല. എങ്കിലും രാഷ്ട്രീയരംഗത്ത് അത് വലിയതോതിൽ ആദ്യമായി പ്രയോഗിച്ചത്‌ അദ്ദേഹമാണ്‌.

തന്റെ അഹിംസാ സിദ്ധാന്തം പ്രയോഗിക്കുന്നതിൽ ഗാന്ധി ഒരിക്കലും പുറകിലേക്ക്‌ പോയില്ല. അദ്ദേഹം ഈ സിദ്ധാന്തം അതിന്റെ വിട്ടുവീഴ്ചയില്ലാത്ത രൂപത്തിൽപ്പോലും ഫലവത്താണ്‌ എന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ട്‌, ഗാന്ധി അഹിംസയിലധിഷ്ഠിതമായ ഒരു സർക്കാരെന്നല്ല പട്ടാളവും പൊലീസും പോലും ഫലവത്താവും എന്ന് ഉറച്ച്‌ വിശ്വസിച്ചിരുന്നു.[13]

ബ്രഹ്മചര്യ

[തിരുത്തുക]

ഗാന്ധിക്ക് 16 വയസുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് ഒരു നിത്യരോഗിയായി. മാതാപിതാക്കളെ വളരെയധികം സ്നേഹിച്ചിരുന്ന അദ്ദേഹം രോഗബാധിതനായ പിതാവിനെ എല്ലാസമയവും ശുശ്രൂഷിച്ചു. ഒരു രാത്രിയിൽ ഗാന്ധിക്ക് വിശ്രമം നൽകിക്കൊണ്ട് അദ്ദേഹത്തിന്റെ അമ്മാവൻ പിതാവിന്റെ ശുശ്രൂഷ ഏറ്റെടുത്തു. മുറിയിൽ പത്നിയുടെ അടുത്തേക്ക് മടങ്ങിയ അദ്ദേഹത്തെ ലൈംഗികാസക്തി കീഴടക്കി. എന്നാൽ അൽപസമയത്തിനുശേഷം ഒരു വേലക്കാരൻ പിതാവിന്റെ മരണ വാർത്തയുമായി എത്തി. താൻ വലിയൊരു കുറ്റം ചെയ്തു എന്ന തോന്നൽ ഗാന്ധിക്കുണ്ടായി. തന്റെ ആ തെറ്റ് ക്ഷമിക്കാൻ അദ്ദേഹത്തിന് ഒരിക്കലുമായില്ല. "ഇരട്ട നിന്ദ" എന്നാണ് ഗാന്ധി ഈ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മുപ്പത്തിയാറാം വയസിൽ വിവാഹിതനായിരിക്കെത്തന്നെ ബ്രഹ്മചാരിയാവാനുള്ള ഗാന്ധിയുടെ തീരുമാനത്തിന് പിന്നിൽ ഈ സംഭവത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു.[14]

ഗാന്ധിയുടെ ഈ തീരുമാനത്തെ ബ്രഹ്മചര്യ എന്ന തത്ത്വചിന്ത – ആത്മികവും ശാരീരികവുമായ ശുദ്ധത- വളരെയധികം സ്വാധീനിച്ചു. ദൈവത്തോട് കൂടുതൽ അടുക്കുന്നതിനുള്ള ഒരു വഴിയായും സ്വയം മനസ്സിലാക്കലിന്റെ ഒരു പ്രധാന അടിസ്ഥാനമായും ഗാന്ധിജി ബ്രഹ്മചര്യത്തെ കണ്ടു. കാമിക്കുക എന്നതിനേക്കാളുപരി സ്നേഹിക്കുവാൻ പഠിക്കണമെങ്കിൽ ബ്രഹ്മചാരിയായിരിക്കണമെന്ന് ഗാന്ധിക്ക് തോന്നി. "ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വികാരങ്ങളുടെ നിയന്ത്രണം" എന്നാണ് ഗാന്ധി ബ്രഹ്മചര്യ എന്നതിന് അർത്ഥം കല്പിച്ചത്.[15]

ലാളിത്യം

[തിരുത്തുക]

സാമൂഹിക സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ ലളിതമായ ജീവിതം നയിക്കണമെന്ന് ഉറച്ചുവിശ്വസിച്ച ഗാന്ധി ബ്രഹ്മചര്യത്തിലൂടെ അത് നേടിയെടുക്കാമെന്ന് കരുതി. ദക്ഷിണാഫ്രിക്കയിൽ നയിച്ച പാശ്ചാത്യ ജീവിതരീതി ത്യജിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ലളിത ജീവിതത്തിന്റെ തുടക്കം. "തന്നെത്തെന്നെ പൂജ്യത്തിലേക്ക് താഴ്ത്തുക" എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ജീവിതം ലളിതമാക്കാനായി സ്വന്തം ആവശ്യങ്ങൾ പുനർനിർണ്ണയിച്ച് അനാവശ്യ ചെലവുകൾ ഒഴിവാക്കിക്കൊണ്ട് സ്വന്തം വസ്ത്രങ്ങൾ സ്വയം അലക്കുന്നതുവരെ അദ്ദേഹത്തിന്റെ ജീവിതചര്യകൾ എത്തിനിന്നു. എല്ലാ ആഴ്ചയിലേയും ഒരു ദിവസം ഗാന്ധി നിശ്ശബ്ദതയിൽ ചെലവഴിച്ചിരുന്നു. സംസാരത്തിൽനിന്ന് മാറി നിൽക്കുന്നത് തനിക്ക് ആന്തരിക സമാധാനം നൽകുമെന്ന് അദ്ദേഹം വിശ്വസിച്ചു. മൗനം (मौनं), ശാന്തി (शांति) എന്നീ ഹൈന്ദവ തത്ത്വങ്ങളാണ് ഇതിൽ അദ്ദേഹത്തിന് വഴികാട്ടിയത്. അത്തരം ദിവസങ്ങളിൽ കടലാസിൽ എഴുതിയാണ് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത്. തന്റെ മുപ്പത്തിയേഴാം വയസുമുതൽ മൂന്നര വർഷം അദ്ദേഹം വാർത്താപത്രങ്ങൾ വായിക്കാൻ വിസമ്മതിച്ചു. പ്രക്ഷുബ്ധമായ ലോകകാര്യങ്ങൾ തനിക്ക് ആന്തരിക പ്രശ്നങ്ങളേക്കാൾ ചിന്താക്കുഴപ്പത്തിന് കാരണമാകുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയശേഷം അദ്ദേഹം പാശ്ചാത്യ രീതിയിലുള്ള വസ്ത്രധാരണം ഉപേക്ഷിച്ചു. സമ്പത്തിന്റേയും കാര്യവിജയത്തിന്റേയും പ്രതീകമായാണ് അദ്ദേഹം ആ വസ്ത്രധാരണരീതിയെ കണ്ടത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്കും ധരിക്കാനാകുന്നതരം ഖാദി വസ്ത്രം അദ്ദേഹം ധരിച്ചു. ഗാന്ധിയും അനുയായികളും അവർ സ്വയം നൂറ്റ നൂൽകൊണ്ട് സ്വയം നെയ്ത വസ്ത്രങ്ങൾ ധരിക്കുകയും മറ്റുള്ളവരെ അങ്ങനെ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നാട്ടിലെ തൊഴിലാളികൾ തൊഴിൽ‌രഹിതരായിരിക്കെ ഇന്ത്യക്കാർ, ബ്രിട്ടീഷ് താൽ‌പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച വസ്ത്രനിർമാതാക്കളിൽ നിന്നായിരുന്നു വസ്ത്രങ്ങൾ വാങ്ങിച്ചിരുന്നത്. ഇന്ത്യക്കാർ സ്വയമായി വസ്ത്രങ്ങൾ നിർമിച്ചാൽ അത് ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാരിന് സാമ്പത്തികമായ പ്രഹരമേല്പിക്കുമെന്ന് ഗാന്ധി വിശ്വസിച്ചു. ഈ വിശ്വാസം പ്രതിഫലിപ്പിക്കാൻ, "കറങ്ങുന്ന ചർക്ക" ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാകയിൽ പിന്നീട് ചേർക്കപ്പെട്ടു. തന്റെ ജീവിതത്തിന്റെ ലാളിത്യം പ്രകടിപ്പിച്ചുകൊണ്ട് തുടർന്നുള്ള ജീവിതകാലം മുഴുവൻ അദ്ദേഹം മുണ്ട് ആണ് ധരിച്ചത്.

സർവ്വോദയം

[തിരുത്തുക]

എല്ലാവരുടെയും പൊതുവായ വികസനമാണ് സർവ്വോദയം. അത് മതത്തിന്റെയോ ജാതിയുടെയോ ലിംഗഭേദത്തിന്റെയോ പേരിൽ ആർക്കും വികസനസാദ്ധ്യതകൾ നിഷേധിക്കുന്നില്ലെന്നു ഗാന്ധിജി സിദ്ധാന്തിച്ചു. സർ‍വ്വോദയമെന്ന ആശയം ഗാന്ധിക്ക് ലഭിച്ചത് ജോൺ റസ്കിന്റെ അണ്ടു ദിസ് ലാസ്റ്റ്(ഈ ചെറിയ സഹോദരന്) എന്ന പുസ്തകം വായിച്ചതിന് ശേഷമാണ്.

സർവ്വോദയം കൈവെച്ച ഒരു സമൂഹത്തിൽ ഭരണാധികാരികളോ ഭരണമോ ഉണ്ടാവില്ല. അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ്. അങ്ങനെയുള്ള ഒരു സമുഹത്തിൽ ഒരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം. ഓരോ വ്യക്തിയും തന്റെ മനസാക്ഷിയനുസരിച്ച് പ്രവർത്തിക്കും.[16]

ആരോഗ്യം

[തിരുത്തുക]

മറ്റു വിഷയങ്ങളിലെന്ന പോലെ ആരോഗ്യവിഷയത്തിലും ഗാന്ധിക്ക് തന്റേതായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. പ്രകൃതി ചികിത്സയെ അദ്ദേഹം വളരെയധികം ആശ്രയിച്ചിരുന്നു. ജലം, മണ്ണ്, സൂര്യൻ, വായു എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കാനും അവയെ എങ്ങനെ മനുഷ്യന്റെ ആരോഗ്യപാലനത്തിന് ഉപയോഗപ്പെടുത്താം എന്ന് ആരായാനും അദ്ദേഹം ശ്രമിച്ചു. ഭക്ഷണം, ലഹരിപദാർത്ഥങ്ങൾ, പുകയില, ചായ, കാപ്പി എന്നിവയുടെ ഉപയോഗങ്ങൾ, ലൈംഗികത, തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹത്തിന്‌ വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. 1906-ൽ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിന്റെ വായനക്കാരുടെ പ്രയോജനത്തിനായി അദ്ദേഹം എഴുതിത്തുടങ്ങിയ ആരോഗ്യത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പിൽക്കാലത്ത് കൂടുതൽ വലിയ ലേഖനങ്ങളായി പരിണമിച്ചു. പിന്നീട് 1942 മുതൽ 44 വരെ പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ തടവുകാരനായി കഴിഞ്ഞ കാലത്ത് ഈ വിഷയത്തിൽ വീണ്ടും ചില ലേഖനങ്ങൾ കൂടി അദ്ദേഹം എഴുതുകയുണ്ടായി.

മതവിശ്വാസം

[തിരുത്തുക]

ഹൈന്ദവ കുടുബത്തിൽ ജനിച്ച ഗാന്ധി ജീവിതകാലം മുഴുവൻ ഹൈന്ദവനായി ജീവിച്ചു. അദ്ദേഹത്തിന്റെ മിക്ക തത്ത്വങ്ങളും ഹൈന്ദവതയിൽനിന്നെടുത്തതാണ്. അതേസമയം എല്ലാ മതങ്ങളിലേയും നന്മയിലും അദ്ദേഹം വിശ്വസിച്ചു. മറ്റ് വിശ്വാസങ്ങളിലേക്ക് തന്നെ മാറ്റുവാനുള്ള എല്ലാ ശ്രമങ്ങളേയും ഗാന്ധി തിരസ്കരിച്ചു. മതജിജ്ഞാസുവായിരുന്ന ഗാന്ധി ലോകത്തിലെ എല്ലാ പ്രധാന മതങ്ങളേക്കുറിച്ചും ഗാഢമായി പഠിച്ചിരുന്നു. അദ്ദേഹം ഹൈന്ദവതയേക്കുറിച്ച് ഇങ്ങനെ പറഞ്ഞു:

"എനിക്കറിയാവുന്ന ഹൈന്ദവത എന്റെ ആത്മാവിനെ പൂർണമായും തൃപ്ത്തിപ്പെടുത്തുന്നു... സംശയങ്ങൾ എന്നെ വേട്ടയാടുമ്പോൾ, നിരാശ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കുമ്പോൾ, പ്രകാശത്തിന്റെ ഒരു കിരണം പോലും കാണാതാവുമ്പോൾ ഞാൻ ഭഗവദ്ഗീതയിലേക്ക് തിരിയും. അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും. അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും. എന്റെ ജീവിതം ദുരന്തപൂരിതമായ ഒന്നായിരുന്നു. ആ ദുരന്തങ്ങൾ എന്റെ ജീവിതത്തിൽ പ്രത്യക്ഷവും മായാത്തതുമായ ഒരു പ്രഭാവവും ഉണ്ടാക്കിയിട്ടില്ലെങ്കിൽ, അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് ഗീതയുടെ ഉപദേശങ്ങളോടാണ്".

ഗാന്ധി ഗുജറാത്തിയിൽ ഭഗവദ്ഗീതയുടെ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. മഹാദേവദേശായി അത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുകയും അതിന് ഒരു ആമുഖം എഴുതിച്ചേർക്കുകയും ചെയ്തു. ഗാന്ധിയുടെ ഒരു മുഖവരയോടെ 1946ൽ അത് പ്രസിദ്ധീകരിക്കപ്പെട്ടു.

എല്ലാ മതങ്ങളുടേയും അന്തഃസത്ത സത്യവും സ്നേഹവും (അനുകമ്പ, അഹിംസ, സുവർണ നിയമം) ആണെന്ന് ഗാന്ധി വിശ്വസിച്ചു. മതങ്ങളിൽ ഒളിഞ്ഞിരിക്കാവുന്ന കാപട്യത്തേയും അസ്സാന്മാർഗികത്വത്തേയും സ്വമതശാഠ്യത്തേയും അദ്ദേഹം എതിർത്തു. വിശ്രമമില്ലാതെ പ്രവർത്തിച്ച ഒരു സാമൂഹ്യപരിഷ്കർത്താവായിരുന്നു ഗാന്ധി.

ഇതര മതങ്ങളേക്കുറിച്ച് അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ:

"എനിക്ക് ക്രിസ്തുമതത്തെ കുറ്റമില്ലാത്തതും ലോകത്തെ ഏറ്റവും മഹത്തായ മതമായും കാണാൻ സാധിക്കുന്നില്ലെങ്കിൽ ഹിന്ദുമതത്തേയും ഞാൻ അങ്ങനെ കാണുകയില്ല. ഹിന്ദുമതത്തിലെ കുറവുകൾ എനിക്കറിയാം. തൊട്ടുകൂടായ്മ അതിന്റെ ഭാഗമാണെങ്കിൽ അത് ഹൈന്ദവതയുടെ ദുഷിച്ച, അമിത വളർച്ചപ്രാപിച്ച ഒരു ഭാഗമാണ്. വേദങ്ങൾ ഈശ്വരപ്രേരിതമായി എഴുതപ്പെട്ടതാണ് എന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്? അവ ഈശ്വരപ്രേരിതമാണെങ്കിൽ എന്തുകൊണ്ട് ബൈബിളും ഖുറാനും അങ്ങനെ ആയിക്കൂട? എന്റെ ക്രിസ്ത്യൻ സുഹൃത്തുക്കളും മുസ്ലീം സുഹൃത്തുക്കളും എന്നെ അവരുടെ മതങ്ങളിൽ വിശ്വാസിക്കുന്നവനാക്കാൻ ഒരുപോലെ ശ്രമിച്ചിട്ടുണ്ട്. അബ്ദുള്ള സേഠ് ഇസ്ലാമിനേക്കുറിച്ച് പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇസ്ലാമിന്റെ സൗന്ദര്യത്തേക്കുറിച്ച് അദ്ദേഹം എപ്പോഴും സംസാരിക്കുമായിരുന്നു" (ഗാന്ധിയുടെ ആത്മകഥയിൽ നിന്ന്).

"മുഹമ്മദിന്റെ വാക്കുകൾ ജ്ഞാനത്തിന്റെ നിധികളാണ്; മുസ്ലീങ്ങൾക്ക് മാത്രമല്ല, മാനവരാശിക്ക് മുഴുവനും" – അദ്ദേഹം പറഞ്ഞു.

ഒരിക്കൽ അദ്ദേഹം ഒരു ഹിന്ദുവാണോ എന്ന ചോദ്യത്തിന് ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു:

"അതെ, ഞാനൊരു ഹിന്ദുവാണ്. അതോടൊപ്പം ഞാനൊരു ക്രിസ്ത്യാനിയും മുസ്ലീമും യഹൂദനുമാണ്".

"മനുഷ്യന്റെ അന്തസ്സത്ത ദിവ്യമായ ഒന്നാണ്. വ്യക്തിതലത്തിലും സമൂഹതലത്തിലും അത് സാക്ഷാത്കരിക്കുകയാണ് ജീവിതത്തിന്റെ പരമലക്ഷ്യം. മതവും സദാചാരവും സാമൂഹ്യനീതിയും അർഥശാസ്ത്രവും എല്ലാം തന്നെ തത്ത്വത്തിലും പ്രയോഗത്തിലും, ഈ അത്യന്തികലക്ഷ്യമായ ആത്മാവിഷ്കാരത്തിന് ഇണങ്ങുന്നതും അതിനെ സഹായിക്കുന്നതുമാവണം". ഗാന്ധിയൻ ദർശനത്തിന്റെ പൊരുൾ ഇതാണ്.

വിമർശനങ്ങളും മറുപടികളും

[തിരുത്തുക]

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും തലയെടുപ്പുള്ള ധാർമ്മികശക്തികളിലൊരാളായി കണക്കാക്കപ്പെട്ട് ആരാധനയോളമെത്തുന്ന പ്രശംസ ആകർഷിച്ചതിനൊപ്പം തന്നെ ഗാന്ധി ഒട്ടേറെ വിമർശിക്കപ്പെട്ടിട്ടുമുണ്ട്.

ആധുനികതാവിരോധം

[തിരുത്തുക]

വിമർശനം

[തിരുത്തുക]

മനുഷ്യരാശിയുടെ, പ്രത്യേകിച്ച് ഭാരതത്തിന്റെ ദുരിതങ്ങൾക്ക് കാരണം തേടിപ്പോയ അദ്ദേഹത്തിന്റെ നിഗമനങ്ങൾ പലർക്കും സമ്മതമാവില്ല. 1908-ൽ ലണ്ടനിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കുള്ള ഒരു കപ്പൽ യാത്രക്കിടെ എഴുതിയ ഹിന്ദ് സ്വരാജ് എന്ന ഗ്രന്ഥം ഗാന്ധിയുടെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക നിലപാടുകളുടെ ഒരു രൂപരേഖയാണ്. 1912-ൽ ദക്ഷിണാഫ്രിക്ക സന്ദർശിച്ച അവസരത്തിൽ അത് വായിക്കാനിടയായ ഗോപാലകൃഷ്ണ ഗോഖലെ ആ കൃതി തീരെ അസംസ്കൃതമാണെന്നും(crude) ഇൻഡ്യയിൽ മടങ്ങിപ്പോയാൽ ഒരു വർഷത്തിനകം ഗാന്ധി തന്നെ അത് നശിപ്പിച്ചുകളയുമെന്നും അഭിപ്രായപ്പെട്ടു. എന്നാൽ എഴുതി വളരെ വർഷങ്ങൾക്കു ശേഷം അത് പുനപ്രസിദ്ധീകരിച്ചപ്പോഴും, തനിക്ക് അതിൽ ഒന്നും മാറ്റാനില്ല എന്ന് ഗാന്ധി പറഞ്ഞതായി അദ്ദേഹത്തിന്റെ സെക്രട്ടറി മഹാദേവദേശായി പറയുന്നുണ്ട്[17]. ആ കൃതിയിൽ ആധുനിക സംസ്കാരത്തിന്റെ മിക്കവാറും അംശങ്ങളെ ഗാന്ധി അപലപിച്ച് തള്ളിക്കളയുന്നു. ആധുനിക വൈദ്യശാസ്ത്രം, റെയിൽ ഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിന്മയായാണ് കണ്ടത്. റെയിൽ ഗതാഗതത്തെക്കുറിച്ച് ഗാന്ധിക്ക് പറയാനുണ്ടായിരുന്നത് ഇതാണ്:-

ആധുനികജനാധിപത്യഭരണകൂടങ്ങളുടെ അവിഭാജ്യഘടകങ്ങളായ നിയമനിർമ്മാണസഭകൾ, നീതിന്യായവ്യവസ്ഥ എന്നിവയെപ്പോലും ഗാന്ധി ഭിന്നരീതിയിലാണ് വീക്ഷിച്ചത്. മറ്റൊരു ജോലിയും ചെയ്യാൻ മനസ്സില്ലാത്തവരും സുഖലോലുപരുമായ മടിയന്മാരാണ് വക്കീൽ‌പണി പോലുള്ള ജോലികൾ തെരെഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം എഴുതി.[19] ബ്രിട്ടീഷ് പാർലമെന്റ് നിയമനിർമ്മാണസഭകളുടെ മാതാവല്ല, മച്ചിപ്പശുവും വേശ്യയും ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.[20]

മറുപടി

[തിരുത്തുക]

ഗാന്ധിജി ഒരിക്കലും ഒരു വികസനവിരോധി ആയിരുന്നില്ല എന്ന് ഗാന്ധിയന്മാർ പറയുന്നു. പക്ഷെ ഗാന്ധിജിയുടെ വികസനം സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായ ഒരു പുതിയ ലോകക്രമം ആയിരുന്നു. വികേന്ദ്രീകൃതമായ ഒരു സമ്പദ്‌വ്യവസ്ഥയിലധിഷ്ഠിതമായ വികസനകാഴ്ചപ്പാടായിരുന്നു ഗാന്ധിജിയുടേത്.

പാപവും ഭൂകമ്പവും

[തിരുത്തുക]

ഏതുകാര്യത്തിനോടുമുള്ള തന്റെ നിലപാടുകളിൽ മതത്തിന് അദ്ദേഹം കൊടുത്ത ഊന്നൽ എല്ലാവർക്കും രുചിച്ചിരുന്നില്ല. ചിലപ്പോഴെങ്കിലും അത് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നിടത്തോളം എത്തി. ഒരുതരത്തിലും മതവിരുദ്ധനല്ലാതിരുന്ന കവി രവീന്ദ്ര നാഥടാഗോർ പോലും ഇക്കാര്യത്തിൽ ഗാന്ധിയുടെ വിമർശകനായിരുന്നു. ഗാന്ധിയും ടാഗോറും പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നവരായിരുന്നുവെങ്കിലും പലതവണ വളരെ നീണ്ട സം‌വാദങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. അന്നത്തെ ഏറ്റവും പ്രശസ്തരായ ഈ രണ്ട് ഇന്ത്യക്കാരുടെ തത്ത്വചിന്താപരമായ ഭിന്നാഭിപ്രായങ്ങളെ വെളിവാക്കുന്നതായിരുന്നു ഈ സംവാദങ്ങൾ. 1934 ജനുവരി 15-ന് ബീഹാറിനെ ബാധിച്ച ഭൂകമ്പത്തിൽ വൻ നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടായി. ബീഹാറിലെ ഉയർന്ന ജാതിക്കാർ താഴ്ന്നജാതിക്കാരെ അവരുടെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുകയെന്ന പാപം ചെയ്തതുമൂലമാണ് ഭൂകമ്പം ഉണ്ടായതെന്ന് ഗാന്ധി വാദിച്ചു. എന്നാൽ ടാഗോർ ഗാന്ധിയുടെ വാദത്തെ രൂക്ഷമായി എതിർത്തു. തൊട്ടുകൂടായ്മ എത്ര തെറ്റായ ആചാരമാണെങ്കിലും, ഭൂകമ്പത്തിന് കാരണം ധാർമ്മികമല്ല പ്രകൃതിശക്തികളാണ് എന്നായിരുന്നു ടാഗോറിന്റെ വാദം.

വർണ്ണാശ്രമത്തോടുള്ള നിലപാട്

[തിരുത്തുക]

അസ്പൃശ്യതയെ പാപമായിക്കണ്ട് അതിന്റെ നിർമ്മാർജ്ജനത്തിന് അക്ഷീണം പ്രയത്നിച്ചപ്പോഴും, പലരും അതിന്റെ മൂലകാരണമായി കരുതിയ ഹിന്ദുസമൂഹത്തിലെ വർണ്ണാശ്രമവ്യവസ്ഥയെ വിമർശിക്കാൻ ഗാന്ധി വിസമ്മതിച്ചു. അതിനെ അദ്ദേഹം ഒരനുഗ്രഹമായി കാണുകപോലും ചെയ്തു. "വർണ്ണാശ്രമവ്യവസ്ഥ ഭാരതത്തിൽ അപ്രത്യക്ഷമാകുകയെന്നത് അസാദ്ധ്യമാണ്; വർണ്ണാശ്രമത്തിന്റെ വഴി പ്രകൃതിയുടെ ഒഴിവാക്കാനാകാത്ത നിയമമാണ്. അതിനെ ശ്രദ്ധാപൂർവം ഉപയോഗിച്ചാൽ ഭാരതത്തിന് ഏറെ പ്രയോജനം നേടാനാകും".[21] എന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദുമതത്തിന്റെ കണ്ണാടി

[തിരുത്തുക]

മറ്റുമതങ്ങളെ അദ്ദേഹം എപ്പോഴും ഹിന്ദുമതത്തിന്റെ കണ്ണാടിയിലൂടെയാണ് കണ്ടത്. 1927-ൽ ശ്രീലങ്ക സന്ദർശിച്ച അവസരത്തിൽ കൊളംബോയിലെ ബുദ്ധമതാനുയായികൾ നൽകിയ ഒരു സ്വീകരണത്തിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞത്, ഇന്ന് ബുദ്ധമതവിശ്വാസത്തിന്റെ ഭാഗമായി കരുതപ്പെടുന്നവയിൽ ഹിന്ദുമതം സ്വാംശീകരിച്ചിട്ടില്ലാത്തതൊന്നും ബുദ്ധന്റെ ജീവിതത്തിന്റേയോ പഠനങ്ങളുടേയോ ഭാഗമായിരുന്നില്ല എന്നാണ്.[22]

അതിവിരക്തി

[തിരുത്തുക]

വിരക്തിയേയും, ലൈംഗികസദാചാരത്തേയും കുറിച്ച് കടുത്തതും അപ്രായോഗികവും ആയ നിലപാടുകളായിരുന്നു ഗാന്ധിയുടേത്. ലൈംഗികവിരക്തിയില്ലാതെ ആർക്കും മനോദൃഢത കൈവരിക്കാനാവില്ലെന്നും വിരക്തി പാലിക്കാത്തവർ വീര്യം നഷ്ടപ്പെട്ട് ആണത്തം ഇല്ലാത്ത ഭീരുക്കളായിത്തീരുമെന്നും അദ്ദേഹം എഴുതി. ഗാന്ധിയുടെ അഭിപ്രായത്തിൽ, വിവാഹജീവിതത്തിനകത്തുപോലും സന്താനോല്പാദനത്തിനായല്ലാതെയുള്ള ലൈംഗികബന്ധം ഉപേക്ഷിക്കേണ്ടതാണ്. സത്യാഗ്രഹികൾക്കാണെങ്കിൽ സന്താനോല്പാദനത്തിനായുള്ള ലൈംഗികബന്ധം പോലും വർജ്ജ്യമാണ്[23].

'വിരക്തിയജ്ഞം'

[തിരുത്തുക]

ജീവിതാവസാനത്തോടടുത്ത കാലത്ത് സ്വന്തം ബ്രഹ്മചര്യനിഷ്ഠ പരിശോധിക്കാനായി, തന്നേക്കാൾ 60 വയസ്സിളപ്പമുണ്ടായിരുന്ന പെൺകുട്ടി മനുബെൻ എന്ന മൃദുലാ ഗാന്ധി ഉൾപ്പെടെ ഒട്ടേറെ യുവതികളോടൊപ്പം നഗ്നനായി ശയിച്ച് ഗാന്ധി നടത്തിയ 'പരീക്ഷണങ്ങൾ' ഏറെ വിവാദപരമാണ്. സർദാർ പട്ടേൽ അടക്കമുള്ള ഗാന്ധിയുടെ അടുത്ത സഹപ്രവർത്തകരിൽ പലരേയും അവ അസ്വസ്ഥരാക്കി. ഈ പരീക്ഷണങ്ങളുടെ ഗാന്ധിയുടെ വീക്ഷണകോണിൽ നിന്നുള്ള വിവരണം മുന്നേ ലഭ്യമായിരുന്നു. എന്നാൽ ഇവയിൽ പങ്കാളിയായിരുന്ന മൃദുലാ ഗാന്ധിയുടെ അക്കാലത്തെ ദീർഘമായ ഡയറിക്കുറിപ്പുകൾ ഈ 'വിരക്തിയജ്ഞങ്ങളുടേയും' ഗാന്ധിയുടെ അനുയായിവൃന്ദത്തിന്റേയും വ്യത്യസ്തമായൊരു ചിത്രം അവതരിപ്പിക്കുന്നു.[24] 2013 ജൂൺ മാസത്തിൽ ഇന്ത്യാ ടുഡേ മാസിക പ്രസിദ്ധീകരിച്ച മൃദുലയുടെ കുറിപ്പുകൾ "സ്വഭാവനിർമ്മിതി എന്ന മാഹായജ്ഞത്തിന്റെ ഭാഗമായ അദ്ദേഹത്തിന്റെ ബ്രഹ്മചര്യപരീക്ഷണം" എന്ന് അവർ വിശേഷിപ്പിക്കുന്ന ഈ പരീക്ഷണങ്ങൾക്കിടെ ഗാന്ധിയുടെ അടുത്ത അനുയായികൾക്കിടയിൽ നിലനിന്നിരുന്ന അസൂയയും സ്പർദ്ധയും വെളിപ്പെടുത്തുന്നു. ഗാന്ധിയുടെ സെക്രട്ടറി പ്യാരേലാൽ മൃദുലയെ പ്രേമാഭ്യർത്ഥനകൾ കൊണ്ട് പൊറുതിമുട്ടിക്കുന്നതും, ഈ പരീക്ഷണങ്ങളിലെ മറ്റൊരു പങ്കാളിയും പ്യാരേലാലിന്റെ സഹോദരിയും ആയിരുന്ന സുശീലാ നയ്യാർ സഹോദരനെ വിവാഹം കഴിക്കാൻ മൃദുലയെ നിർബ്ബന്ധിക്കുന്നതും മറ്റും ഈ കുറിപ്പുകൾ വിവരിക്കുന്നു. ഗാന്ധിയെ അമ്മയെപ്പോലെ കരുതി അദ്ദേഹത്തോട് അഗാധനിഷ്ഠ പുലർത്തിയിരുന്ന മൃദുല, ഗാന്ധിജന്മശതാബ്ദിവർഷമായിരുന്ന 1969-ൽ 40-ആം വയസ്സിൽ അവിവാഹിതയായി മരിച്ചു. നേരത്തേ രോഗാവസ്ഥയിൽ അവരെ സന്ദർശിച്ചിരുന്ന മൊറാർജി ദേശായി അവരുടെ സ്ഥിതി വിവരിച്ച് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെഴുതിയ കത്തിൽ മൃദുലയുടെ രോഗത്തിന്റെ ഹേതു മനസാണെന്നും മരുന്നുകളോടു പ്രതികരിക്കാൻ പറ്റാത്ത നിലയാണ് അവരുടേതെന്നും അറിയിച്ചിരുന്നു.[25]

സ്മാരകങ്ങൾ

[തിരുത്തുക]

രാജ്ഘട്ട്

[തിരുത്തുക]

രാജ്ഘട്ടിലെ (രാജാവിന്റെ പീഠം) ലളിതമായ കറുത്ത കരിങ്കൽ‌പ്പീഠം ആകാശത്തെ സാക്ഷിയായി അദ്ദേഹത്തിന്റെ ഓർമ്മക്കായി നിലകൊള്ളുന്നു. ഒരറ്റത്ത് ഒരു കെടാവിളക്ക് ഉണ്ട്.

ഗാന്ധിജിയുടെ രക്തം പുരണ്ട മണ്ണ്
ഗാന്ധിജിയുടെ രാജ്ഘട്ടിലുള്ള അന്ത്യവിശ്രമസ്ഥലം

വിദേശരാജ്യ പ്രതിനിധികൾ ഇന്ത്യ സന്ദർശിക്കുമ്പോൾ രാജ്ഘട്ടിലെത്തി പുഷ്പാഞ്ജലി നടത്താറുണ്ട്. ഇത് ഒരു ചടങ്ങിനേക്കാൾ കടമയായാണ് പലരും കരുതുന്നത്. ഗാന്ധിജിയുടെ ഓർമ്മക്കായി ഒക്ടോബർ 2 ന് ഗാന്ധിജയന്തി ആഘോഷിക്കുന്നു. അന്ന് ദേശിയ അവധിയാണ്. അതിനോടനിബന്ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു.

രാജ്ഘട്ടിന്റെ ത്രിമാനചിത്രം കാണാൻ ഇവിടെ Archived 2010-10-03 at the Wayback Machine. അമർത്തുക.

പല പ്രധാനപ്പെട്ട നിരത്തുകൾക്കും ഗാന്ധിയുടെ പേരാണ് നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പേരിൽ നാടൊട്ടുക്ക് സർക്കാർ വിദ്യാലയങ്ങളും കലാലയങ്ങളും സർക്കാർ നിർമ്മിച്ചിരിക്കുന്നു. ദാരിദ്ര്യ നിർമാർജജനത്തിന് വിവിധ പദ്ധതികൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ട്.

കൃതികൾ

[തിരുത്തുക]

ഗാന്ധിയുടെ കൃതികൾ വിക്കി സോഴ്സിൽ ലഭ്യമാണ്

പുസ്തകങ്ങൾ

[തിരുത്തുക]

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

[തിരുത്തുക]

മഹാത്മാഗാന്ധിയുടെ ആത്മകഥയാണ്‌ എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ (English: "The Story of my Experiments with Truth"‌). ഇന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള ഗ്രന്ഥമാണിത്[അവലംബം ആവശ്യമാണ്]. ഇന്ത്യയിലാകെ പ്രതിവർഷം രണ്ടു ലക്ഷത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുന്ന ഈ പുസ്തത്തിൻറെ കോപ്പികളിൽ പകുതിയോളം കേരളത്തിലാണ് വിൽക്കപ്പെടുന്നത് [26]. 1927-ൽഗുജറാത്തി ഭാഷയിലാണ് ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ആസ്സാമീസ്, ഇംഗ്ലീഷ്, ഹിന്ദി, ഒറിയ, തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഉർദു, പഞ്ചാബി തുടങ്ങിയ ഭാഷകളിൽ ഗാന്ധിജിയുടെ ആത്മകഥ ലഭ്യമാണ്.[27]

ഹിന്ദ് സ്വരാജ്

[തിരുത്തുക]

പത്രങ്ങൾ

[തിരുത്തുക]
  • യങ് ഇന്ത്യ
  • ഹരിജൻ
  • ഇന്ത്യൻ ഒപ്പീനിയൻ
  • നവജീവൻ

ഗാന്ധിയെക്കുറിച്ച്

[തിരുത്തുക]
  • മഹാത്മാ: ലൈഫ് ഒഫ് മോഹന്ദാസ് കരംചന്ദ് ഗാന്ധി – ഡി.ജി. തെണ്ടുൽകർ
  • മഹാത്മാ ഗാന്ധി – പ്യാരിലാൽ, & സുശീല നായർ
  • ഗാന്ധി: എ ലൈഫ് – കൃഷ്ണ കൃപാലനി
  • The life of Mahathma Gandhi - Louis Fischer

മലയാള പുസ്തകങ്ങൾ

[തിരുത്തുക]
  • ഹേ റാം - മലയിൻകീഴ് ഗോപാല കൃഷ്ണൻ

മലയാളവിവർത്തനഗ്രന്ഥങ്ങൾ

[തിരുത്തുക]
  • മഹാത്മാഗാന്ധി ഒരു കർമ്മയോഗി – ലൂയി ഫിഷർ
  • അമൂല്യപൈതൃകം – സുമിത്രാഗാന്ധി കുൽക്കർണി
  • ഗാന്ധി – ആചാര്യ കൃപലാനി
  • ഗാന്ധി നവഖാലിയിൽ – കെ. ഭീമൻ നായർ
  • ഗാന്ധിജി ജീവിതവും സന്ദേശവും – കെ. അരവിന്ദാക്ഷൻ
  • ഗാന്ധിജിയുടെ ആത്മകഥ – വിവ. കെ. രാമചന്ദ്രൻ നായർ
  • ഗാന്ധിജിയുടെ ജീവിതകഥകൾ – ഫാ. ആന്റണി എലവംകുടി
  • ബാപ്പുവിന്റെ ജീവിതത്തിലെ കഥകൾ – ഉമാശങ്കർ ജോഷി
  • ഗാന്ധിജിയുടെ പ്രപഞ്ച വീക്ഷണം
  • എൻ്റെ ജീവിതം തന്നെ എൻ്റെ സന്ദേശം - നാരായൺ ദേശായി
  • മഹാത്മാഗാന്ധി 100 വർഷങ്ങൾ - ഡോ എസ് രാധാകൃഷ്ണൻ ( എഡിറ്റർ)

ഗാന്ധിയെപ്പറ്റി ചിലർ

[തിരുത്തുക]

ജവഹർലാൽ നെഹ്‌റു - മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട്‌ രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ നിന്ന്.

ആൽബർട്ട് ഐൻസ്റ്റീൻ

ഹോ ചി മിൻ

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

രബീന്ദ്രനാഥ ടാഗോർ

ജോർജ്ജ് ഓർവെൽ

സ്റ്റാലിന്റെ കാലത്തെ മഹത്തായ സോവിയറ്റ് വിജ്ഞാനകോശം(The Great Soviet Encyclopedia)

മറ്റു ദേശങ്ങളിലെ ഗാന്ധിമാർ

[തിരുത്തുക]

തന്റെ സന്ദേശങ്ങളും കർമ്മ സാധനകളും തനിക്കു ശേഷവും നിലനിൽക്കുമ്പോഴാണ് ഒരു മഹാ പുരുഷന്റെ മാറ്റ് തിരിച്ചറിയപ്പെടുന്നത്. മഹാത്മാഗാന്ധി അക്കര്യത്തിൽ അനുഗൃഹീതനായിരുന്നു. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം സമർഥിച്ച് തന്നുപോയ ആദർശങ്ങളെ പിൻ തുടരുന്നവർ ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്നു. അവരുടെ കർമ്മങ്ങളിലൂടെ ഗാന്ധി കാലാന്തരങ്ങളിലേക്ക് പ്രവഹിക്കുന്നു.ഈ ജീവിത ശൈലി പിൻ‌തുടർന്ന് പല ദേശത്തും ഗാന്ധിമാരുണ്ടായി. അവരിൽ ചിലർ താഴെപ്പറയുന്നവരാണ്‌.

അമേരിക്കൻ ഗാന്ധി.

[തിരുത്തുക]

വർണ്ണവെറിക്ക് നിരന്തരം ഇരയായിക്കൊണ്ടിരുന്ന കറുത്ത വർഗ്ഗക്കാരെ ഒരുമിപ്പിച്ച് അഹിംസാമാർഗ്ഗത്തിൽ വംശീയ വിദ്വേഷത്തിനെതിരെ പൊരുതിയ ആളായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ആണ് അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്.

ദക്ഷിണ ആഫ്രിക്കൻ ഗാന്ധി

[തിരുത്തുക]

വർണ്ണവെറിക്ക് നിരന്തരം ഇരയായിക്കൊണ്ടിരുന്ന ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരെ ഒരുമിപ്പിച്ച് അഹിംസാമാർഗ്ഗത്തിൽ ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ നെൽസൺ മണ്ടേല ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നു.

കെനിയൻ ഗാന്ധി

[തിരുത്തുക]

പാശ്ചാത്യ രാജ്യങ്ങൾ കോളനിയാക്കി ചവിട്ടി മെതിച്ച ആഫ്രിക്കയെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ച ജോ മോ കെനിയാറ്റ യാണ്‌ കെനിയൻ ഗാന്ധിയായി അറിയപ്പെടുന്നത്. കെനിയാറ്റ എന്ന വാക്കിനു് സ്വാഹിലി ഭാഷയിൽ കെനിയയുടെ വെളിച്ചം എന്നാണ്‌ അർത്ഥം.

അതിർത്തി ഗാന്ധി

[തിരുത്തുക]

ഗാന്ധിജിയുമായുണ്ടായിരുന്ന അടുപ്പവും ഗാന്ധിയൻ ആശയങ്ങളിലുമുള്ള അടിയുറച്ച ജീവിതവുമാണ്‌ ഖാൻ അബ്ദുൽ ഗാഫർ ഖാൻ എന്ന വ്യക്തിയെ അതിർത്തിഗാന്ധി എന്ന അപരനാമധേയത്തിനർഹനാക്കിയത്.

ശ്രീലങ്കൻ ഗാന്ധി

[തിരുത്തുക]

ശ്രീലങ്കയുടെ സാമൂഹിക പ്രവർത്തകനായ 'അഹംഗമാഖേ തുടർ അരിയരത്ന'(Ahangamage Tudor Ariyaratna)യാണ്‌ ശ്രീലങ്കൻ ഗാന്ധി[31] എന്ന് അറിയപ്പെടുന്നത്. ശ്രീലങ്കയിലെ സർവ്വോദയ ശ്രമദാന സംഘടനയുടെ സ്ഥാപകനായ ഇദ്ദേഹം തികഞ്ഞ ഒരു ബുദ്ധ മത വിശ്വാസിയാണ്. സമാധാന പ്രവർത്തനങ്ങളെയും ഗ്രാമോദ്ധാരണ പ്രവർത്തനങ്ങളെയും മുൻ‌നിർത്തി ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിനു് 1996 ലെ ഗാന്ധി സമാധാന പുരസ്കാരം സമ്മാനിക്കുകയുണ്ടായി.

ആധുനിക ഗാന്ധി

[തിരുത്തുക]

ഇന്ത്യൻ സാമൂഹിക പ്രവർത്തകനാ‍യ ബാബാ ആംതെ യാണ് ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത്

അവലംബം

[തിരുത്തുക]
  1. Hay, Stephen. "Digging up Gandhi's psychological roots". {{cite journal}}: Cite journal requires |journal= (help)
  2. Devanesan, Chandran. Making of Mahatma. Orient Longman limited.
  3. Nayyar, Pyarelal (2002). Mahatma Gandhi.
  4. M. K., Gandhi (1997). An Autobiography: The Story of My Experiments With Truth. Ahmedabad-380014: Navajivan Publishing House. ISBN 9788126436477. {{cite book}}: Cite has empty unknown parameter: |coauthors= (help)CS1 maint: location (link)
  5. രാധികാ സി. നായർ. ലോകനേതാക്കൾ, ഡി.സി. റെഫെറൻസ് സിരീസ്. മുന്നാം വാല്യം, ഡി.സി. ബുക്സ്, കോട്ടയം ISBN 81-264-1180-5
  6. [1]Archived 2007-03-20 at the Wayback Machine. ജാലിയൻ വാലാ ബാഗിൽ വച്ച് നടന്ന കൂട്ടക്കൊലയെപ്പറ്റി,[ശേഖരിച്ച തിയ്യതി 2007 മാർച്ച് 15
  7. "ഇർവിൻ കരാറിനെക്കുറിച്ച് ശേഖരിച്ച തിയ്യതി 2007 മാർച്ച് 15". Archived from the original on 2007-11-09. Retrieved 2007-03-15.
  8. "ക്രിപ്സ് മിഷനെപറ്റി ശേഖരിച്ച തിയ്യതി 2007 മാർച്ച് 15". Archived from the original on 2018-08-06. Retrieved 2007-03-15.
  9. ന്യൂ യോർക്ക് ടൈംസിൽ ഓഗസ്റ്റ് 5-ന് വന്ന വാർത്ത പ്രമേയത്തെ പറ്റി, ശേഖരിച്ച തിയ്യതി 2007 മാർച്ച് 15
  10. ഗാന്ധിജിയുടെ ചരിത്രപ്രസിദ്ധമായ പ്രസംഗം ക്വിറ്റ് ഇന്ത്യാ സമരം. ശേഖരിച്ച തിയ്യതി 2007 മാർച്ച് 15
  11. http://en.wikisource.org/wiki/Chronology_of_Mahatma_Gandhi%27s_life/India_1925
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-02-14. Retrieved 2007-03-15.
  13. Joseph, Reni A. Gandhian Studies. 3rd ed. Kolencherry: Holy Spirit, 2007. 34-76.
  14. "Time magazine people of the century". Archived from the original on 2000-06-21. Retrieved 2008-06-12.
  15. The Story of My Experiments with Truth—An Autobiography[പ്രവർത്തിക്കാത്ത കണ്ണി], p. 176.
  16. Ibid
  17. M. K. Gandhi, Hind Swaraj or Indian Home Rule Preface by Mahadev Desai - Navajivan Publishing House Ahmedabad-14
  18. M. K. Gandhi, Hind Swaraj or Indian Home Rule - Chapter-IX - Navajivan Publishing House Ahmedabad-14
  19. M. K. Gandhi, Hind Swaraj or Indian Home Rule - Chaapter-XI
  20. M. K. Gandhi, Hind Swaraj or Indian Home Rule - Chapter-V
  21. Soul Force and Tapasya; The Essential Writing of Mahatma Gandhi, Edited by Raghavan Iyer(പുറം 310)
  22. With Gandhi in Ceylon - Mahadev Desai "I would venture to tell you that what Hinduism did not assimilate of what passes as Buddhism today was not an essential part of Buddha's life and Teachings. "
  23. M. K. Gandhi, Hind Swaraj or Indian Home Rule - Chaapter-XVII
  24. From the Editor-in-Chief, India Today Editor-in-Chief Aroon Purie on how Gandhi was absolutely open about his experiments
  25. 2013 ജൂൺ 7-ലെ ഇന്ത്യാ ടുഡേ മാസികയിലെ കവർ സ്റ്റോറി "Mahatma & Manuben: Newly discovered diaries of Gandhi's personal attendant reveal how his experiments with celibacy changed her life"
  26. http://www.newkerala.com/one.php?action=fullnews&id=18252
  27. വിവരങ്ങൾ ശേഖരിച്ചത് ദീപിക ഓൺലൈൻ 31 ജനുവരി 2008
  28. http://www.gandhiserve.org/information/others_on_gandhi/others_on_gandhi.html Archived 2007-02-10 at the Wayback Machine. ഗാന്ധിയെപ്പറ്റി പ്രമുഖർ പറഞ്ഞത് - ഗാന്ധി സെർവ്.ഓർഗ് എന്ന സൈറ്റിൽ ശേഖരിച്ച തിയ്യതി 2007 മാർച്ച് 16
  29. ഒർ‌വെലിന്റെ Reflections on Gandhi എന്ന ലേഖനം - http://www.orwell.ru/library/reviews/gandhi/english/e_gandhi
  30. എം.ജെ. അക്‌ബർ, നെഹ്രു, ദ മേക്കിങ്ങ് ഓഫ് ഇന്ത്യ(പുറം 493)
  31. "അഭിമുഖം". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 748. 2012 ജൂൺ 25. Retrieved 2013 മെയ് 08. {{cite news}}: Check date values in: |accessdate= and |date= (help)

കുറിപ്പുകൾ

[തിരുത്തുക]
  • ^ The fact that I recollect nothing more of those days than having learnt, in company with other boys, to call our teacher all kinds of names, would strongly suggest that my intellect must have been sluggish, and my memory raw. from An Autobiography or The Story of my Experiments with Truth Birth and Parentage by Mohandas K. Gandhi; availabale at wikisource
  • ^ “വൈക്കം സത്യഗ്രഹികൾ സ്വരാജിനേക്കാൾ അപ്രധാനമല്ലാത്ത ഒരു കാര്യത്തിനു വേണ്ടിയാണ് സമരം ചെയ്യുന്നത്. മതത്തിന്റെ മുഖം മൂടി അണിഞ്ഞ്, മതാഭാസത്തിനും സാഹിത്യത്തിന്റെ വേഷം ധരിച്ച അന്ധതയ്ക്കും എതിരായി നടത്തേണ്ടുന്ന നിരവധി സമരങ്ങളിൽ ഒന്നുമാത്രമാണത്” യങ് ഇന്ത്യയിൽ അദ്ദേഹം 1925 ഫെബ്രുവരി 19 ന് നു എഴുതിയ ലേഖനത്തിൽ നിന്ന്.
  • ^ At the crucial working committee session of 27 April - 1 May, Gandhi's hard-line was backed by a combination of Right-wingers like Patel, Rajendra Prasad and Kripalni and the socialists like Achyut Patwardhan and Narendra Dev. Jawaharlal was initially hesitant, but ultimately joined the queue and only the Communists opposed the Quit India resolution.

ഗാന്ധിജി (പേനകൊണ്ട് വരച്ച ഒരു ചിത്രം)

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
ശബ്ദലേഖനം കേൾക്കൂ (2 ഭാഗങ്ങൾ) · (info)
Spoken Wikipedia
Spoken Wikipedia
ഈ ഓഡിയോ ഫയൽ താളിന്റെ 2012-08-02 എന്ന ദിവസം എഡിറ്റ് ചെയ്തതിൻ പ്രകാരമാണ്‌ നിർമ്മിച്ചിരിക്കുന്നത് , അതു കാരണം താളിലെ പുതിയ മാറ്റങ്ങൾ ഇവിടെ പ്രതിഫലിക്കണമെന്നില്ല. (ശ്രാവ്യ സഹായി)


കുറിപ്പുകൾ

[തിരുത്തുക]
  1. ബിരുദം നേടിയിട്ടില്ല.
  2. അനൗപചാരിക ഓഡിറ്റിംഗ് വിദ്യാർത്ഥി 1888 നും 1891 നും ഇടയിൽ.