Jump to content

വെള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വെള്ളി (വിവക്ഷകൾ) എന്ന താൾ കാണുക. വെള്ളി (വിവക്ഷകൾ)
47 പല്ലാഡിയംവെള്ളികാഡ്മിയം
Cu

Ag

Au
[[File:{{{symbol}}}-TableImage.png|300px]]
പൊതു വിവരങ്ങൾ
പേര്, പ്രതീകം, അണുസംഖ്യ വെള്ളി, Ag, 47
അണുഭാരം ഗ്രാം/മോൾ
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക് {{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}}
രൂപം {{{രൂപം}}}

മൃദുവും, വെളുത്ത നിറത്തിലുള്ളതും, തിളക്കമേറിയതുമായ ഒരു ലോഹമാണ് വെള്ളി (ഇംഗ്ലീഷ്: Silver). ആവർത്തനപ്പട്ടികയിൽ സംക്രമണമൂലകങ്ങളുടെ കൂട്ടത്തിലാണ് ഇതിന്റെ സ്ഥാനം. വെള്ളിയുടെ ആറ്റോമിക സംഖ്യ 47 ആണ്. പ്രതീകം: Ag. എല്ലാ ലോഹങ്ങളിലും വച്ച് ഏറ്റവും കൂടുതൽ താപ വൈദ്യുത ചാലകത പ്രകടിപ്പിക്കുന്നത് വെള്ളിയാണ്. പ്രകൃതിയിൽ ഇത് ധാതു രൂപത്തിലും അല്ലാതെ സ്വതന്ത്രമായും ഇത് കാണപ്പെടുന്നു. നാണയങ്ങൾ, ആഭരണങ്ങൾ, കരണ്ടികൾ, പാത്രങ്ങൾ, കണ്ണാടികൾ എന്നിവയുടെ നിർമ്മാണത്തിനും ഛായഗ്രഹണമേഖലയിലും വെള്ളി ഉപയോഗിക്കുന്നു.

ഗുണങ്ങൾ

[തിരുത്തുക]
വെള്ളി

വെള്ളി വളരെ ലോലമായ ഒരു ലോഹമായതിനാൽ അതിനെ അടിച്ചു പരത്താനും വലിച്ചു നീട്ടാനും എളുപ്പമാണ്. ലോഹങ്ങളിൽ വച്ച് ഏറ്റവും നല്ല താപ വൈദ്യുത ചാലകമാണ് ഇത്. ചെമ്പിനേക്കാളും നല്ല ചാലകമാണെങ്കിലും ചെമ്പിനെ അപേക്ഷിച്ച് വിലക്കൂടുതലായതിനാലാണ് വൈദ്യുതകമ്പികളായി ചെമ്പ് തന്നെ ഉപയോഗിക്കുന്നത്. പ്രകാശപ്രതിഫലനം ഏറ്റവും കൂടിയ ലോഹവും ഇതാണ്. എങ്കിലും വെള്ളി, അൾട്രാവയലറ്റ് രശ്മികളെ വളരെ കുറവായേ പ്രതിഫലിപ്പിക്കുന്നുള്ളൂ. വെള്ളിയുടെ സംയുക്തങ്ങളായ സിൽ‌വർ ഹാലൈഡുകൾ, പ്രകാശസംവേദനക്ഷമത ഉള്ളവയാണ്. ശുദ്ധവായുവിലും, വെള്ളത്തിലും വെള്ളി നിലനിൽക്കുമെങ്കിലും, ഓസോൺ, ഹൈഡ്രജൻ സൾഫൈഡ്, ഗന്ധകം അടങ്ങിയ വായു എന്നിവയുടെ സാന്നിധ്യത്തിൽ നാശത്തിന് വിധേയമാകുന്നു. വെള്ളിയുടെ ഏറ്റവും സാധാരണ ഓക്സീകരണനില +1 ആണ് (സിൽ‌വർ നൈട്രേറ്റ്-AgNO3). മറ്റു ചില സംയുക്തങ്ങളിൽ +2-ഉം (സിൽ‌വർ ഡൈഫ്ലൂറൈഡ്-AgF2), +3-ഉം (സിൽ‌വർ (I,III) ഓക്സൈഡ് (Ag4O4), പൊട്ടാസ്യം ടെട്രാഫ്ലൂറോഅർജന്റേറ്റ്(III) - K[AgF4]), വളരെ അപൂർവമായി +4- ഉം (സീസിയം ഹെക്സാഫ്ലൂറോ അർജന്റേറ്റ്(IV) - Cs2[AgF6]) പ്രദർശിപ്പിക്കുന്നു.

ഉപയോഗങ്ങൾ

[തിരുത്തുക]
വെള്ളി ആഭരണം

വിലയേറിയ ഒരു ലോഹമാണ് വെള്ളി. വെള്ളിയുടെ സംയുക്തങ്ങളായ സിൽ‌വർ നൈട്രേറ്റും സിൽ‌വർ ഹാലൈഡുകളും ഛായഗ്രഹണ മേഖലയിൽ ഫിലിമുകളിലും പത്രങ്ങളിലും പൂശുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നു. ഇതാണ് വെള്ളിയുടെ പ്രധാനപ്പെട്ട ഉപയോഗം. മറ്റുപയോഗങ്ങൾ താഴെപ്പറയുന്നവയാണ്

  • കൂടിയ ചാലകത ആവശ്യമായ വൈദ്യുതോപകരണങ്ങളിൽ വെള്ളി തനിയേയും മറ്റു ലോഹങ്ങളുടെ പുറത്ത് പൂശിയും ഉപയോഗിക്കുന്നു. വെള്ളി അടങ്ങിയ പെയിന്റ് ഉപയോഗിച്ചുള്ള പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ, വെള്ളി കൊണ്ടുള്ള വൈദ്യുതബന്ധങ്ങളുള്ള (electrical contact) കമ്പ്യൂട്ടർ കീ ബോർഡുകൾ എന്നിവയൊക്കെ ഇതിന് ഉദാഹരണമാണ്. ഉന്നത വോൾട്ടത താങ്ങേണ്ടുന്ന ഇടങ്ങളിൽ, വെള്ളിയുടെ സംയുക്തമായ സിൽ‌വർ കാഡ്മിയം ഓക്സൈഡ് വൈദ്യുതബന്ധങ്ങൾക്കായി ഉപയോഗിക്കുന്നു, ഇത് ഇത്തരം ഇടങ്ങളിൽ ഉണ്ടാകനിടയുള്ള തീപ്പൊരി കുറക്കാന്നതിന് സഹായിക്കുന്നു.
  • കൂടിയ ദൃശ്യപ്രകാശപ്രതിഫലനം ആവശ്യമായ ദർപ്പണങ്ങളുടെ നിർമ്മാണത്തിന് വെള്ളി ഉപയോഗിക്കുന്നു. സാധാരണ കണ്ണാടികൾക്ക് അലൂമിനിയമാണ് ഉപയോഗിക്കാറുള്ളത്.
  • ഉന്നത നിലവാരമുള്ള സംഗീതോപകരണങ്ങളുടെ നിർമ്മാണത്തിന് - ശ്രുതിമാധുര്യം കൂടിയ ശബ്ദം പുറപ്പെടുവിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു.
  • ബി.സി.ഇ. 700 മുതൽ തന്നെ നാണയങ്ങളുടെ നിർമ്മാണത്തിന്, ഇലക്ട്രം എന്ന രൂപത്തിൽ ലിഡിയക്കാർ വെള്ളി ഉപയോഗിച്ചിരുന്നു. പിന്നീട്‌ വെള്ളി വേർതിർച്ച് ശുദ്ധരൂപത്തിൽ തന്നെ നാണയനിർമ്മാണത്തിന് ഉപയോഗിച്ചു. ലോകത്തിലെ 14 ഭാഷകളിലെങ്കിലും വെള്ളിക്കും പണത്തിനും ഒരേ വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത്.
  • വെള്ളിയുടെ ഭംഗി, ആഭരണനിർമ്മാണത്തിലും, വിലപിടിച്ച പാത്രങ്ങളുടെ നിർമ്മാണത്തിലും അതിനെ പ്രധാനിയാക്കി. 92.5% വെള്ളിയും ബാക്കി ചെമ്പും ചേർത്ത സങ്കരമായ സ്റ്റെർലിങ് സിൽ‌വർ ആണ് ഇത്തരം ഉപയോഗങ്ങൾക്ക് കാലങ്ങളായി ഉപയോഗിച്ചു പോരുന്നത്. ഒരു ട്രോയ് പൗണ്ട് സ്റ്റെർലിങ് സിൽ‌വറിന്റെ മൂല്യമായിരുന്നു ബ്രിട്ടീഷ് നാണയമായ പൗണ്ടിന്റെ വിലയായി കണക്കാക്കിയത്.
  • മത്സരങ്ങളിൽ രണ്ടാംസ്ഥാനത്തെ സൂചിപ്പിച്ചു നൽകുന്ന പുരസ്കാരമായി വെള്ളിയുടെ മെഡൽ ഉപയോഗിക്കുന്നു.
  • ദന്തചികിത്സാമേഖലയിൽ പല്ലിന്റെ ദ്വാരങ്ങൾ അടക്കുന്നതിനും മറ്റുമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. വെള്ളിയുടെ ഭംഗി, ലോലത മുതലായ ഭൗതികഗുണങ്ങളും ഇത് വിഷമയമല്ലെന്നതും കൊണ്ടാണ് ഈ മേഖലയിൽ വെള്ളി ഉപയോഗിക്കുന്നതിനുള്ള കാരണങ്ങൾ. എന്നാൽ ഇത് ദ്രവ കൂട്ടുലോഹമാക്കാൻ ഉപയോഗിക്കുന്ന മെർക്കുറി ( രസം) വിഷമാണ്.
ജയ്പൂർ സിറ്റി പാലസിൽ സൂക്ഷിച്ചിട്ടുള്ള ഗംഗാജലി എന്ന കുടങ്ങളിലൊന്ന് - 345 കിലോഗ്രാം ഭാരമുള്ള ഈ കുടമാണ് വെള്ളികൊണ്ട് നിർമ്മിച്ച ലോകത്റ്റെ ഏറ്റവും വലിയ വസ്തു

ചരിത്രം

[തിരുത്തുക]
വെള്ളിയുടെ ആൽകെമി പ്രതീകം

ലാറ്റിൻ ഭാഷയിൽ വെള്ളിയുടെ പേരായ അർജെന്റം എന്ന പദത്തിൽ നിന്നാണ് ഇതിന്റെ പ്രതീകമായ് Ag ഉണ്ടായത്.സിൽ‌വർ എന്ന ഇംഗ്ലീഷ് പേര് തുർക്കിക് ഭാഷകളിൽ നിന്നുമാണ് ഉടലെടുത്തത്. അതിപുരാതനമായ ചരിത്രമാണ് ഈ ലോഹത്തിനുള്ളത്. ഉൽപ്പത്തിപ്പുസ്തകത്തിൽ തന്നെ ഇതിനെക്കുറിച്ച് പരാമർശമുണ്ട്. കൂടാതെ ഏഷ്യാമൈനറിൽ നിന്നും ഏജിയൻ കടലിലെ ദ്വീപുകളിൽ നിന്നും ലഭിച്ചിട്ടുള്ള ചരിത്രാവശിഷ്ടങ്ങളിൽ നിന്നും, വെള്ളി ബി.സി.ഇ. 4000 ആണ്ടിൽത്തന്നെ കറുത്തീയത്തിൽ നിന്നും വേർതിരിച്ച് ഉപയോഗിച്ചതായി കരുതുന്നു. ആയിരക്കണക്കിനു വർഷങ്ങളായി ആഭരണങ്ങൾ, പാത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും കച്ചവടത്തിനും, നാണയമായും ഉപയോഗിച്ചു പോന്നിരുന്നു. സ്വർണം കഴിഞ്ഞാൽ ഏറ്റവും വിലപിടിച്ച ലോഹമായാണ് വെള്ളി അറിയപ്പെടുന്നത്. എന്നാൽ പുരാതന ഈജിപ്തിലും, മധ്യകാല യുറോപ്പിലും ഇതിന് സ്വർണത്തേക്കാൾ വിലയുണ്ടായിരുന്നു. യേശുക്രിസ്തുവിനെ 30 വെള്ളിക്കാശിനാണ് യൂദാസ് ഒറ്റിക്കൊടുത്തത്.

വെള്ളിയെ വിവിധ പുരാണങ്ങളിൽ ചന്ദ്രനോടും കടലിനോടും ബന്ധപ്പെടുത്തി പറയുന്നു. ചന്ദ്രൻ എന്നർത്ഥമുള്ള ലൂണ എന്ന പേരാണ് ആൽകെമിസ്റ്റുകൾ വെള്ളിക്കു നൽകിയിരുന്നത്. വെള്ളിയുടെ ഒരു ആൽകെമി പ്രതീകം ചന്ദ്രക്കലയാണ്. ഇന്ത്യയിലെ പല ഭാഷകളിലും മലയാളത്തിലും ചന്ദ്രനും വെള്ളിയുമായി ബന്ധമുണ്ട്. മലയാളത്തിലെ വെള്ളിത്തിങ്കൾ എന്ന പ്രയോഗം തന്നെ ഇതിനുദാഹരണം. ഹിന്ദിയിൽ ചാന്ദി എന്നാണ് വെള്ളി എന്നതിന് വേണ്ടി ഉപയോഗിക്കുന്നത്.

രസത്തിന് (mercury) വെള്ളിയുമായി ബന്ധമുണ്ടെന്നായിരുന്നു ആദ്യകാലങ്ങളിൽ കരുതിയിരുന്നത്. രസത്തിന്റെ, ദ്രാവകവെള്ളി എന്നർത്ഥം വരുന്ന ഹൈഡ്രാർജിറം എന്ന ലാറ്റിൻപേരും ക്വിക്ക് സിൽ‌വർ എന്ന ഇംഗ്ലീഷ് പേരും ഈ ചരിത്രം സൂചിപ്പിക്കുന്നു.

വെള്ളീയുടെ അയിര്

ഗന്ധകം, ആർസെനിക്, ആന്റിമണി, ക്ലോറിൻ ‍എന്നീ മൂലകങ്ങളുമായി കലർന്ന് അർജെന്റൈൻ(Ag2S) , ഹോൺ സിൽ‌വർ (AgCl) എന്നിങ്ങനെയുള്ള അയിരുകളിലായാണ് വെള്ളി പ്രകൃതിയിൽ കാണപ്പെടുന്നത്.

മെക്സിക്കോ ആണ് ലോകത്ത് ഏറ്റവും അധികം വെള്ളി ഉൽപ്പാദിപ്പിക്കുന്ന രാജ്യം.


"https://ml.wikipedia.org/w/index.php?title=വെള്ളി&oldid=3908117" എന്ന താളിൽനിന്ന് ശേഖരിച്ചത്