Jump to content

അറ്റ്ലാന്റിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Atlantis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറ്റ്ലാന്റിസ് ദ്വീപ്

യവനപുരാണങ്ങളിൽ പ്രസിദ്ധമായ ദ്വീപ് അഥവാ വൻകരയാണ് അറ്റ്ലാന്റിസ്. ഇത് അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിപ്പോയതായി കരുതപ്പെടുന്നു. യവനപുരോഹിതന്മാർ ഈ പ്രദേശത്തെക്കുറിച്ചു പരാമർശിച്ചിട്ടുള്ളതായി പ്ലേറ്റോ സൂചിപ്പിക്കുന്നു. പ്രകൃതിരമണീയമായിരുന്ന അറ്റ്ലാന്റിസിന് ഏഷ്യാമൈനറും ലിബിയയും കൂടിച്ചേർന്നാലുള്ളത്ര വലിപ്പം ഉണ്ടായിരുന്നത്രേ. ഹെർകുലീസ് സ്തംഭങ്ങൾക്ക് (ജിബ്രാൾട്ടർ കടലിടുക്കിന്) പടിഞ്ഞാറായിരുന്നു ഇതിന്റെ സ്ഥാനം.

ചരിത്രം

[തിരുത്തുക]

അറ്റ്ലാന്റിസിലെ ജനങ്ങൾ ബി.സി. 9400-അടുപ്പിച്ച് യൂറോപ്പിന്റെ മേൽ ആക്രമണം നടത്തിയതായും ഏഥൻസുകാർ ഈ ആക്രമണകാരികളെ തുരത്തിയതായും പ്ലേറ്റോ അഭിപ്രായപ്പെടുന്നു. ആഫ്രിക്കയുടെ ഏതാനും ഭാഗങ്ങൾ ആക്രമിച്ച് ലിബിയ ഏറെക്കുറെ ഇവർ കീഴടക്കിയിരുന്നതായും പ്രസ്താവമുണ്ട്. പില്ക്കാലത്ത് ദൈവകോപത്തിനിരയായി, ഒരു രാവും പകലുംകൊണ്ട്, അറ്റ്ലാന്റിസ് പ്രദേശം സമുദ്രത്തിൽ ആണ്ടുപോയെന്നാണ് ഐതിഹ്യം. പൂർണതയിലെത്തിയ ഒരു മാതൃകാലോകം ആയിട്ടാണ് അറ്റ്ലാന്റിസിനെ പ്ലേറ്റോ കണക്കാക്കുന്നത്. മൌലികമായ രേഖകൾ ഇല്ലാത്തതിനാൽ പ്ലേറ്റോയുടെ നിഗമനങ്ങൾക്ക് സങ്കല്പ സ്വഭാവമേയുള്ളു. ഫ്രാൻസിസ് ബേക്കൺ വിവരിച്ച സാങ്കല്പികമായൊരു ജനപദത്തിന് നവ അറ്റ്ലന്റിസ് (The new Atlantis) എന്നാണ് പേര്; പക്ഷേ, ബേക്കൺ അതിന്റെ ആസ്ഥാനം കല്പിച്ചത് ദക്ഷിണസമുദ്രത്തിൽ എവിടെയോ ആണെന്നു മാത്രം.

സങ്കല്പങ്ങൾ

[തിരുത്തുക]

അറബി ഭൂമിശാസ്ത്രജ്ഞരിൽ നിന്നു കിട്ടിയ വിവരങ്ങളെ ആധാരമാക്കി മധ്യകാല ഗ്രന്ഥകാരന്മാർ വിശ്വസിക്കുന്നത് അറ്റ്ലാന്റിസ് എന്ന ഭൂഭാഗം ഒരു കാലത്തുണ്ടായിരുന്നു എന്നുതന്നെയാണ്. ഒരുപക്ഷേ, പശ്ചിമ-അറ്റ്ലാന്റിക് സമുദ്രത്തിലെ കടൽപ്പായലോ (Sea weeds) ഫിനിഷ്യക്കാർ സന്ദർശിച്ചിരിക്കാനിടയുള്ള ദ്വീപസമൂഹമായ അസോർസോ ആയിരിക്കാം ഈ വിശ്വാസത്തിനടിസ്ഥാനം. അറ്റ്ലാന്റിസ് പോലെ വേറെയും ദ്വീപുകൾ പടിഞ്ഞാറൻ കടലിൽ ഉള്ളതായി അവർ പറയുന്നു. ഭാഗ്യദ്വീപുകൾ (The fortunate Islands) എന്നറിയപ്പെടുന്ന യവന ദ്വീപുകൾ, സപ്തനഗരദ്വീപ് (The Isle land of Seven Cities) അഥവാ പോർത്തുഗീസ് അന്തീലിയ (Antilia), സെന്റ് ബ്രൺഡൻസ് ദ്വീപ് (St.Brenadan's Island) തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടും. ഇവയെല്ലാം 14-15 ശതകങ്ങളിലെ ഭൂപടങ്ങളിൽ അടയാളപ്പെടുത്തിയിട്ടുണ്ടുതാനും. ബ്രൺഡൻസ് ദ്വീപിന്റെ അസ്തിത്വത്തെപ്പറ്റി 18-ആം ശതകംവരെ വിശ്വാസമുണ്ടായിരുന്നു. ഇത്തരത്തിലുള്ള പല ദ്വീപുകളും പാശ്ചാത്യേതിഹാസങ്ങളിൽ സൂചിതങ്ങളായിട്ടുണ്ട്. ഹരിതദ്വീപ് (The green Island) എന്നറിയപ്പെടുന്ന ഇൽഹാ വെർഡേ (Illha Verde) എന്ന പോർത്തുഗീസ് ദ്വീപ് 44o 48' വടക്ക്, 260o10' പടിഞ്ഞാറ് എന്നീ ദിശാങ്കത്തിൽ സ്ഥിതിചെയ്യുന്ന ഒരു പാറക്കെട്ടായി 1835 വരെയുള്ള ഇംഗ്ലീഷ് ചാർട്ടുകളിൽ അടയാളപ്പെടുത്തിക്കാണുന്നു.

സ്ഥാനം

[തിരുത്തുക]

അറ്റ്ലാന്റിസിന്റെ സ്ഥാനം നിർണയിക്കാനുള്ള ശ്രമങ്ങൾ നവോത്ഥാനഘട്ടത്തിനുശേഷം ഉണ്ടായിട്ടുണ്ട്. അമേരിക്ക, സ്കാൻഡിനേവിയ, പലസ്തീൻ എന്നിവിടങ്ങളൊക്കെയുമായി ഇതിനെ ബന്ധപ്പെടുത്താറുണ്ട്. മൊണ്ടേയ്ൻ, ബഫൺ, വോൾട്ടയർ തുടങ്ങിയവർ അംഗീകരിക്കുന്നുണ്ടെങ്കിലും 18-ആം ശതകത്തിൽപ്പോലും അറ്റ്ലന്റിസിന്റെ അസ്തിത്വം ഏറെക്കുറെ തർക്കവിഷയമായിരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴം അളന്നവർ ഈ വൻകരയുടെ സ്ഥാനം കണ്ടെത്തുകയുണ്ടായി എന്ന് പറയപ്പെടുന്നു. വിവിധ അറ്റ്ലന്റിക് ദ്വീപുകൾ ഇതിന്റെ ഭാഗങ്ങളാണെന്നും സെന്റ് പോൾസ് പാറകൾ ഇതിന്റെ അവശിഷ്ടങ്ങളാണെന്നും അവിടെനിന്ന് തുരന്നെടുത്ത ചില ഭാഗങ്ങൾക്ക് ആറുകോടി സംവത്സരം പഴക്കമുണ്ടെന്നും അനുമാനിക്കപ്പെടുന്നു. അവയ്ക്ക് പുറംകടലിലെ ചെളിയോടു സാദൃശ്യമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ഒരുപക്ഷേ വൻകരവിസ്ഥാപന സിദ്ധാന്തത്തിന് ഉപോദ്ബലകമായ ഒന്നായിരിക്കാം ഈ അറ്റ്ലന്റിസ് പുരാണം.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അറ്റ്ലാന്റിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.