ഇന്ത്യൻ പാർലമെന്റിന്റെ അധോസഭയായ ലോക്‌സഭയുടെ അദ്ധ്യക്ഷപദവിയിലിരിക്കുന്നയാളാണ് ലോക്‌സഭാ സ്പീക്കർ. ഓരോ പൊതുതിരഞ്ഞെടുപ്പിനുശേഷവും സഭ ആദ്യമായി സമ്മേളിക്കുമ്പോൾത്തന്നെ സ്പീക്കറെ തിരഞ്ഞെടുക്കും. ലോക്‌സഭയുടെ കാലാവധിയായ 5 വർഷം തന്നെയാണ് സ്പീക്കറുടെയും കാലാവധി.
ലോക്‌സഭയിലെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതും സഭയിലെ ചർച്ചയുടെ കാര്യപരിപാടികൾ തയ്യാറാക്കുന്നതും സ്പീക്കറാണ്. സഭയിൽ അച്ചടക്കം ഉറപ്പുവരുത്താനും ഉത്തരവാദിത്തരഹിതമായി പെരുമാറുന്ന അംഗങ്ങളെ താക്കീത് ചെയ്യാനും ആവശ്യമെങ്കിൽ ശിക്ഷിക്കാനും സ്പീക്കർക്ക് അധികാരമുണ്ട്. ഒരു ബിൽ ധന ബില്ലാണോ അല്ലയോ എന്നു തീരുമാനിക്കുന്നതും സ്പീക്കർ തന്നെ. വിശ്വാസ പ്രമേയം, അടിയന്തര പ്രമേയം, അവിശ്വാസ പ്രമേയം, ശ്രദ്ധക്ഷണിക്കൽ പ്രമേയം തുടങ്ങി സഭയിൽ അവതരിപ്പിക്കുന്ന എല്ലാത്തരം പ്രമേയങ്ങൾക്കും സ്പീക്കറുടെ അനുമതി വേണം.