ഹെൻറി കാവൻഡിഷ്
ഹെൻറി കാവൻഡിഷ് | |
---|---|
ജനനം | |
മരണം | 24 ഫെബ്രുവരി 1810 | (പ്രായം 78)
ദേശീയത | ബ്രിട്ടീഷ് |
കലാലയം | കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി |
അറിയപ്പെടുന്നത് | ഹൈഡ്രജന്റെ കണ്ടുപിടിത്തം, ഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ വില നിർണ്ണയം |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | രസതന്ത്രം, ഭൗതികശാസ്ത്രം |
കത്തുന്ന വാതകമായ ഹൈഡ്രജനും, പ്രാണവായുവായ ഓക്സിജനും ചേർന്നാണ് ജലം ഉണ്ടാകുന്നതെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുകയും ഭൂമിയുടെ സാന്ദ്രത ആദ്യമായി നിർണ്ണയിക്കുകയും ചെയ്ത ബ്രിട്ടീഷ് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമാണ് ഹെൻറി കാവൻഡിഷ്[1].(ഒക്ടോബർ 10, 1731 - ഫെബ്രുവരി 24, 1810). വൈദ്യുതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യകാലപഠനങ്ങളും പ്രശസ്തമാണ്.
ജനനം
[തിരുത്തുക]ഫ്രാൻസിലെ നീസിൽ 1731 ഒക്ടോബർ 10-നാണ് ഹെൻറി കാവൻഡിഷ് ജനിച്ചത്. ഡെവൺഷയറിലെ ഡ്യൂക്കിന്റെ മകനായിരുന്ന അച്ഛൻ ചാൾസ് കാവൻഡിഷ് ശാസ്ത്രാന്വേഷണകുതുകിയുമായിരുന്നു.
ജീവിതരേഖ
[തിരുത്തുക]കാവൻഡിഷിന് ശാസ്ത്രഗവേഷണം ഒരു ജോലിയായിരുന്നില്ല. പേരും പെരുമയും അദ്ദേഹം ഇഷ്ടപ്പെട്ടുമില്ല. ആത്മസംതൃപ്തി മാത്രം ലക്ഷൃമാക്കി അദ്ദേഹം ഗവേഷണങ്ങളിൽ മുഴുകി. സ്വന്തം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധികരിക്കാനും അദ്ദേഹം താത്പര്യം കാണിച്ചില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിലപ്പെട്ട കണ്ടുപിടിത്തങ്ങൾ പലതും പുറലോകമറിഞ്ഞത് വർഷങൾ കഴിഞ്ഞാണ്. സ്കൂളിൽ പോവാതെ വീട്ടിലിരുന്നായിരുന്നു ഹെൻറിയുടെ പ്രാഥമിക വിദ്യഭ്യാസം. 1749-ൽ കേംബ്രിജിലെ പീറ്റർ ഹൗസ് കോളേജിൽ ചേർന്നെങ്കിലും ബിരുദമെടുക്കും മുമ്പ് പഠനം അവസാനിപ്പിച്ചു. സഹോദരനുമൊത്ത് യൂറോപ്പിൽ ചുറ്റിക്കറങ്ങിയ ഹെൻറി ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി.
രസതന്ത്രവും ഗണിതവും ഭൗതികശാസ്ത്രവുമായിരുന്നു കാവൻഡിഷിൻറെ പ്രിയവിഷയങൾ. ശാസ്ത്രജ്ഞരുടെ സമിതിയായ റോയൽ സൊസൈറ്റിയിൽ 1760 മുതൽ തന്റെ അവസാനകാലം വരെ അഗംമായിരുന്നു. സൊസൈറ്റി അവതരിപ്പിച്ച പ്രബന്ധങ്ങളിലൂടെയാണ് കാവൻഡിഷിൻറെ കണ്ടെത്തലുകളിൽ ചിലത് പുറത്തുവന്നത്.
കണ്ടെത്തലുകൾ
[തിരുത്തുക]വാതകങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ
[തിരുത്തുക]തന്റെ കാലത്തെ രസതന്ത്രജ്ഞരിൽ വാതകങ്ങളെക്കുറിച്ച് പഠിച്ചവരിൽ പ്രധാനിയായി കാവെൻഡിഷ് എണ്ണപ്പെടുന്നു. അന്തരീക്ഷവായുവിൻറെ ഘടനയെപ്പറ്റി കാവൻഡിഷ് നടത്തിയ കണ്ടെത്തലുകൾ പുറത്തുവരുന്നത് 1766-ൽ റോയൽ സൊസൈറ്റിക്കയച്ച ഫാക്ഷൃസ് എയേഴ്സ് (Factious Airs) എന്ന പ്രബന്ധത്തിലൂടെയാണ്. കത്തുന്ന വാതകമായ ഹൈഡ്രജൻ അന്തരീക്ഷവായുവിലെ ഒരു സവിശേഷ ഘടകമാണെന്ന കണ്ടെത്തൽ ഇതിലുണ്ട്.
ലോഹങ്ങളെ ശക്തിയേറിയ അമ്ലങ്ങളുമായി പ്രതിപ്രവർത്തിപ്പിച്ചാണ് അദ്ദേഹം ഹൈഡ്രജൻ വാതകം നിർമ്മിച്ചത്. അതിനുമുമ്പ് റോബർട്ട് ബോയ്ലിനെപ്പോലുള്ളവർ ഹൈഡ്രജൻ നിർമ്മിച്ചിരുന്നുവെങ്കിലും അതൊരു മൂലകമാണെന്നു കണ്ടെത്തിയത് കാവെൻഡിഷാണ്. ഹൈഡ്രജന്റെ ഗുണവിശേഷങ്ങൾ ആദ്യമായി അന്വേഷിച്ചതും കാവൻഡിഷാണ്.
1781-ൽ ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ചാൽ ജലമുണ്ടാകുമെന്ന് കാവൻഡിഷ് കണ്ടെത്തി. രണ്ടുഭാഗം ഹൈഡ്രജനും ഒരു ഭാഗം ഒക്സിജനും ചേർന്നാണ് ജലമുണ്ടാകുന്നതെന്നും അങ്ങനെയുണ്ടാകുന്ന ജലത്തിൻറെ ഭാരം ഹൈഡ്രജൻറെയും ഒക്സിജൻറെയും ആകെ ഭാരത്തിനു തുല്യമാണെന്നും കാവൻഡിഷ് വ്യക്തമാക്കി. മൂന്ന് വർഷം കഴിഞ്ഞാണ് അദ്ദേഹം ഈ കണ്ടുപിടിത്തമടങ്ങുന്ന പ്രബന്ധം പ്രസിദ്ധീകരിച്ചത്.
1795-ൽ അന്തരീക്ഷവായുവിലെ നൈട്രജൻ ഒക്സിജനുമായി ചേർന്ന് ജലത്തിൽ ലയിച്ചാണ് നൈട്രിക് ആസിഡ് രൂപംകൊള്ളുന്നതെന്ന് കാവൻഡിഷ് കണ്ടെത്തി.അങനെ നൈട്രിക് ആസിഡ് കണ്ടെത്തിയെന്ന ബഹുമതി ഹെൻറി കാവൻഡിഷിനാണ്.
അന്തരീക്ഷത്തിൽ അഞ്ചിലൊന്നു ഭാഗം ഓക്സിജനാണെന്നും ഓക്സിജനും നൈട്രജനും ഒഴികെയുള്ള വാതകങ്ങൾ അന്തരീക്ഷവായുവിന്റെ നൂറ്റിഇരുപതിലൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നും കാവെൻഡിഷ് കണ്ടെത്തി
ഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ വിലനിർണ്ണയം
[തിരുത്തുക]ഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ വിലയും ഭൂമിയുടെ പിണ്ഡം, സാന്ദ്രത എന്നിവയും കണ്ടെത്താനുള്ള പരീക്ഷണം ആദ്യമായി നടത്തിയത് കാവെൻഡിഷാണ്. കാവെൻഡിഷ് പരീക്ഷണം എന്നാണിത് അറിയപ്പെടുന്നത്. ഭൂമിയുടെ സാന്ദ്രത കണ്ടെത്തുകയായിരുന്നു കാവെൻഡിഷിന്റെ ലക്ഷ്യം. ഈ പരീക്ഷണത്തിന്റെ ഫലങ്ങളുപയോഗിച്ച് ഭൂമിയുടെ പിണ്ഡം, ഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ വില എന്നിവ പിന്നീട് കണ്ടെത്തുകയാണുണ്ടായത്.
ഭൂമിശാസ്ത്രജ്ഞനായിരുന്ന ജോൺ മിഷെൽ ആണ് കാവെൻഡിഷ് പരീക്ഷണത്തിനുള്ള ഉപകരണം രൂപകൽപന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത്. എന്നാൽ പരീക്ഷണം നടത്താൻ സാധിക്കുന്നതിനു മുമ്പ് അദ്ദേഹം അന്തരിച്ചു. ഉപകരണം കാവെൻഡിഷിന് എത്തിച്ചുകൊടുക്കപ്പെടുകയും 1797-98-ൽ അദ്ദേഹം പരീക്ഷണം പൂർത്തിയാക്കുകയും ചെയ്തു.
കുടുബം
[തിരുത്തുക]സ്ത്രീവിദ്വേഷിയായതിനാൽ കാവൻഡിഷിന് കുടുബംമൊന്നുമുണ്ടായില്ല. സ്ത്രീകളോട് സംസാരിക്കാനിഷ്ടപ്പെടാത്ത ശാസ്ത്രജ്ഞൻ വീട്ടിലെ പരിചാരികമാർക്ക് എഴുത്തിലൂടെയാണ് നിർദ്ദേശം നൽകിയത്.
മരണം
[തിരുത്തുക]ശാസ്ത്രത്തിൻറെ ഒട്ടേറെ പുരോഗതികൾക്ക് പങ്കുവഹിച്ച ഹെൻറി കാവൻഡിഷ് 1810-ൽ അന്തരിച്ചു. അദ്ദേഹത്തിൻറെ പുസ്തകശേഖരവും ഉപകരണങ്ങളും പിൽക്കാലത്ത് മറ്റ് ശാസ്ത്രജ്ഞർക്കു പ്രയോജനപ്പെട്ടു. കാവൻഡിഷിന്റെ സമ്പത്തിലൊരു പങ്ക് ഉപയോഗിച്ച് 1871-ൽ കേംബ്രിജ് സർവകലാശാലയിൽ പ്രശസ്തമായ കാവൻഡിഷ് ലാബോറട്ടറി സ്ഥാപിച്ചു.
അവലംബം
[തിരുത്തുക]- ↑ Cavendish, Henry (1766). "Three Papers Containing Experiments on Factitious Air, by the Hon. Henry Cavendish". Philosophical Transactions. 56: 141–184. doi:10.1098/rstl.1766.0019. Retrieved 2007-11-06.
കൂടുതൽ വായനക്ക്
[തിരുത്തുക]- Dictionary of National Biography, Vol. 3, p. 1261.
- Cavendish: The Experimental Life, C. Jungnickel and R. McCormmach, Bucknell University Press, 1999.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.chemistry.mtu.edu/~pcharles/SCIHISTORY/HenryCavendish.html
- http://mattson.creighton.edu/History_Gas_Chemistry/Cavendish.html
- The Life of the Honourable Henry Cavendish by George Wilson, London, 1851.
- The Electrical Researches of the Honourable Henry Cavendish edited by James Clerk Maxwell, Cambridge: University Press (1879).
- Experiments on Air by Henry Cavendish, Edinburgh: William F. Clay (1893) - Alembic Club reprint number 3.
- "The Mean Density of the Earth" by J. H. Poynting, London: Charles Griffin and Company (1894).
- The Laws of Gravitation: Memoirs by Newton, Bouguer and Cavendish, edited and translated by A. Stanley MacKenzie, New York: American Book Company (1900).
- A History of Chemistry by F. J. Moore, New York: McGraw-Hill (1918) - See especially pages 34 – 36.
- Henry Cavendish, English Scientist (1731-1810) from the Encyclopaedia Britannica, 10th Edition (1902).